Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
August 4, 2020
 
 
    
 
Print this page
 

ഹൃദയം തേടിയ ടിന്‍ മനുഷ്യന്‍

ഫ്രാങ്ക് ബോം എന്ന അമേരിക്കന്‍ സാഹിത്യകാരന്റെ ഭാവന ജന്മം നല്‍കിയ അതിമനോഹരമായ ഒരു യക്ഷിക്കഥ (ളമശൃ്യ മേഹല)യാണ് ''ദി വണ്ടര്‍ഫുള്‍ വിസര്‍ഡ് ഓഫ് ഓസ്''. 1900-ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിക്കു പിന്നാലെ ഈ കൃതിയിലെ കഥയ്ക്കു തുടര്‍ച്ച എന്നവണ്ണം പതിമ്മൂന്നു പുസ്തകങ്ങള്‍കൂടി ബോം പുറത്തിറക്കുകയുണ്ടായി. 1919-ല്‍ ബോം മരിച്ചതിനുശേഷവും ഓസിനോടു ബന്ധപ്പെട്ട നിരവധി കഥാപുസ്തകങ്ങള്‍ പലരും പുറത്തിറക്കി. ആയിരത്തിത്തൊള്ളായിരത്തി എഴുപതോടുകൂടി ഇരുപതാംനൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടിട്ടുള്ള പതിനഞ്ചു പുസ്തകങ്ങളുടെ ലിസ്റ്റില്‍ ബോമിന്റെ മാസ്റ്റര്‍പീസായി കരുതപ്പെടുന്ന ''ദി വണ്ടര്‍ഫുള്‍ വിസര്‍ഡ് ഓഫ് ഓസും'' ഉള്‍പ്പെട്ടിരുന്നു.

പുസ്തകപ്രസാധനരംഗത്തു മാത്രമല്ല ബോമിന്റെ ഈ കൊച്ചുപുസ്തകം അദ്ഭുതം സൃഷ്ടിച്ചത്. 1902-ല്‍ പുസ്തകത്തിന്റെ ആദ്യത്തെ സംഗീതനാടകാവിഷ്‌കരണമുണ്ടായി. 1910-ല്‍ ഈ കൃതിയെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ നിശ്ശബ്ദസിനിമ പുറത്തിറങ്ങി. 1914- ല്‍ ഗ്രന്ഥകാരന്‍തന്നെ മുന്‍കൈയെടുത്ത് ഓസിന്റെ കഥയെ ആസ്പദമാക്കി ഒന്നിലേറെ സിനിമകള്‍ നിര്‍മിച്ചു.

എന്നാല്‍, 'ദ വിസര്‍ഡ് ഓഫ് ഓസിനെ'' അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത് ഇതേ പേരില്‍ത്തന്നെ 1939-ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു. ജൂഡി ഗാര്‍ലന്‍സ് എന്ന ബാലികയെ ഒരു സൂപ്പര്‍താരമാക്കി മാറ്റിയ ഈ ഹോളിവുഡ് ചിത്രം ഇന്നും ആളുകള്‍ക്കു ഹരമാണ്. ഈ സിനിമയുടെ ഡിജിറ്റല്‍ പ്രിന്റ് 1998 നവംബറില്‍ ആറിന് അമേരിക്കയിലെ രണ്ടായിരം തിയേറ്ററുകളില്‍ ഒരേസമയത്തു പ്രദര്‍ശനത്തിനെത്തിയെന്നുപറഞ്ഞാല്‍ ഈ ചിത്രത്തിന്റെ പോപ്പുലാരിറ്റിയെക്കുറിച്ച് ഊഹിക്കാവുന്നതേയുള്ളു. ഓസിന്റെ പോപ്പുലാരിറ്റിയെക്കുറിച്ച് കൂടുതലായി അറിയണമെങ്കില്‍ ഇന്റര്‍നെറ്റിലേക്കു കടന്നാല്‍ മതി. ഏറ്റവും പുതിയ ഓസ് വാര്‍ത്തകള്‍ തുടങ്ങി ഒട്ടേറെ വെബ് സൈറ്റുകള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിലുണ്ട്. ഓസ് ആര്‍ട്ട് ഗാലറിയും ഓണ്‍ലൈന്‍ വിസര്‍ഡ് ഓഫ് ഓസ് ബുക്ക്‌ഷോപ്പുമൊക്കെ ഇന്റര്‍നെറ്റിലൂടെ ഇപ്പോള്‍ കാണാനാകും.

ഇനി ഈ പുസ്തകത്തിന്റെ കഥ ചുരുക്കമായി കുറിക്കട്ടെ: അമേരിക്കയിലെ കാന്‍സസില്‍ ജീവിച്ചിരുന്ന ഡോരതി എന്ന കൊച്ചു പെണ്‍കുട്ടി ഒരു ചുഴലിക്കൊടുങ്കാറ്റില്‍പ്പെട്ട് അവള്‍ താമസിച്ചിരുന്ന വീടോടുകൂടി ഒരു അജ്ഞാതലോകത്തു ചെന്നുവീഴുന്നു. അദ്ഭുതങ്ങള്‍ നിറഞ്ഞ ഈ പുതിയ ലോകത്തെത്തിയ അവള്‍ക്ക് എത്രയുംവേഗം നാട്ടില്‍ തിരിച്ചെത്തണം. പക്ഷേ അവള്‍ക്കു വഴിയറിയില്ല.

കാന്‍സസിലേക്കുള്ള വഴി അവള്‍ തിരക്കി. എമറാള്‍ഡ് സിറ്റിയില്‍ താമസിക്കുന്ന ഓസിനെ പോയി കണ്ടാല്‍ കാന്‍സസിലേക്കുള്ള വഴി അദ്ദേഹം പറഞ്ഞുകൊടുക്കുമെന്ന് അവള്‍ മനസിലാക്കി. അതനുസരിച്ച് അവള്‍ യാത്ര തുടങ്ങി. ആ യാത്രയ്ക്കിടയിലാണ് തലച്ചോറില്ലാത്തതിനാല്‍ വിഷമിച്ചിരുന്ന കച്ചി മനുഷ്യനെയും ഹൃദയമില്ലാത്തതിനാല്‍ കണ്ണീരൊഴുക്കിയിരുന്ന ടിന്‍ മനുഷ്യനെയും ധൈര്യമില്ലാത്തതിനാല്‍ വിലപിച്ചിരുന്ന സിംഹരാജനെയും ഡോരതി കണ്ടുമുട്ടുന്നത.് അവരോടു കരുണ തോന്നിയ ഡോരതി അവരെക്കൂടി ഓസിന്റെ അരികിലേക്കു കൊണ്ടുപോകാന്‍ തീരുമാനിച്ചു. തനിക്കു കാന്‍സസിലേക്കുള്ള വഴി പറഞ്ഞുതരുന്നതിനോടൊപ്പം കച്ചിമനുഷ്യന് തലച്ചോറും ടിന്‍ മനുഷ്യനു ഹൃദയവും സിംഹരാജനു ധൈര്യവും ഓസ് നല്‍കുമെന്നു ഡോരതി വിശ്വസിച്ചു. അങ്ങനെ അവര്‍ ഒരുമിച്ച് യാത്രതിരിച്ചു. ആ യാത്രയ്ക്കിടയില്‍ അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും അവസാനം എമറാള്‍ഡ് സിറ്റിയിലെത്തി ഓസിനെ കാണുന്നതും അവര്‍ ആഗ്രഹിച്ചതുപോലെ കാര്യങ്ങളൊക്കെ നടക്കുന്നതുമാണ് കഥയിലെ പ്രമേയം. കഥയുടെ മറ്റു വിശദാംശങ്ങളിലേക്കു കടക്കാതെ ഹൃദയമില്ലാത്ത ടിന്‍ മനുഷ്യനെക്കുറിച്ചുമാത്രം ഇനി പരാമര്‍ശിക്കട്ടെ:

യാത്രയ്ക്കിടയില്‍ ഡോരതി കണ്ടുമുട്ടിയ ടിന്‍ മനുഷ്യന്‍ ആരംഭത്തില്‍ ഒരു യഥാര്‍ഥ മനുഷ്യനായിരുന്നു. ഒരു ദുര്‍മന്ത്രവാദിനിയുടെ കോപംമൂലമാണ് അയാള്‍ ഒരു ടിന്‍ മനുഷ്യനായി രൂപപ്പെടാനിടയായത്. മാംസവും രക്തവും നഷ്ടപ്പെട്ടു ടിന്‍ മനുഷ്യനായതില്‍ അയാള്‍ക്ക് അത്രയധികം ദുഃഖമില്ലായിരുന്നു. എന്നാല്‍, തനിക്കു ഹൃദയമില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക് തന്റെ ദുഃഖം താങ്ങാനായില്ല.

ഡോരതിയുമായുള്ള ആദ്യ സംഭാഷണത്തില്‍ത്തന്നെ ടിന്‍മനുഷ്യന്‍ പറയുകയാണ്: ''എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം എനിക്കു ഹൃദയം ഇല്ലാതായി എന്നതാണ്. ഹൃദയം ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ ലോകത്തിലെ ഏറ്റവും സൗഭാഗ്യവാനായ മനുഷ്യനായിരുന്നു. ഹൃദയമില്ലാതെ ആര്‍ക്ക് എങ്ങനെ മറ്റൊരാളെ സ്‌നേഹിക്കാന്‍ സാധിക്കും?''

ടിന്‍ മനുഷ്യന്‍ ചോദിക്കുന്നതു ശരിയല്ലേ? ഹൃദയമില്ലാതെ മറ്റാളുകളെ നമുക്കു സ്‌നേഹിക്കാന്‍ സാധിക്കുമോ? ഒരിക്കലുമില്ല. നമുക്കെല്ലാവര്‍ക്കും ഹൃദയമുണെ്ടന്നു നാം പലപ്പോഴും അവകാശപ്പെടാറില്ലേ? എങ്കിലും ചിലപ്പോഴെങ്കിലും നമ്മുടെ പെരുമാറ്റം കണ്ടാല്‍ നമുക്കു ഹൃദയമുണേ്ടാ എന്നു മറ്റുള്ളവര്‍ സംശയിക്കുന്ന സാഹചര്യം ഉണ്ടാകാറില്ലേ? അതുപോലെ മറ്റുള്ളവര്‍ ചെയ്യുന്ന ചില പ്രവൃത്തികള്‍ കാണുമ്പോള്‍ അവര്‍ ഹൃദയമില്ലാത്തവരാണെന്നു നാം പറയാറില്ലേ?

ടിന്‍ മനുഷ്യനു ഹൃദയമുണ്ടായിരുന്നകാലത്ത് അയാള്‍ മറ്റുള്ളവരെ ശരിക്കും സ്‌നേഹിച്ചിരുന്നു. അങ്ങനെ സനേഹിക്കാന്‍ സാധിച്ചതുവഴിയാണ് അയാള്‍ തന്റെ ജീവിതസൗഭാഗ്യം കണെ്ടത്തിയത്. നാമും നമ്മുടെ ജീവിതസൗഭാഗ്യം കണെ്ടത്തുന്നത് മറ്റുള്ളവരെ സ്‌നേഹിക്കുന്നതുവഴിയല്ലേ? മറ്റുള്ളവര്‍ക്കു സ്‌നേഹപൂര്‍വം നന്മ ചെയ്യുമ്പോഴല്ലേ നാം യഥാര്‍ഥത്തില്‍ സംതൃപ്തി അനുഭവിക്കുന്നത്?

ഡോരതിയോടൊപ്പം വനത്തില്‍ നടക്കുമ്പോള്‍ ടിന്‍ മനുഷ്യന്‍ പറഞ്ഞു: ''നിങ്ങള്‍ക്കു ഹൃദയമുള്ളതുകൊണ്ട് നിങ്ങള്‍ മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കാന്‍ നോക്കും. എന്നാല്‍ എനിക്കു ഹൃദയമില്ലല്ലോ. അതുകൊണ്ട് മറ്റുള്ളവര്‍ക്കു ഞാന്‍ വഴി ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കണം.''

ഹൃദയമില്ലാത്ത ടിന്‍മനുഷ്യന്റെ ഹൃദയമുള്ള ചിന്താരീതി ശ്രദ്ധിക്കുകതന്നെ വേണം. തനിക്കു ഹൃദയമില്ലാഞ്ഞിട്ടുപോലും എത്ര ഹൃദയപൂര്‍വമാണ് അയാള്‍ പെരുമാറുന്നത്! എന്നാല്‍, നമുക്കു ഹൃദയമുണ്ടായിട്ടുപോലും ഹൃദയമില്ലാത്തവരെപ്പോലെയല്ലേ പലപ്പോഴും നാം പെരുമാറുക?

വേറൊരവസരത്തില്‍ ടിന്‍മനുഷ്യന്‍ ഡോരതിയോടും മറ്റു കൂട്ടുകാരോടും പറഞ്ഞു: ''എനിക്കു ഹൃദയമില്ല. അതുകൊണ്ട് ഒരു സുഹൃത്തിനെ ആവശ്യമുള്ളവരെയൊക്കെ സഹായിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.'' ഹൃദയമില്ലാത്ത ടിന്‍ മനുഷ്യന്‍ ഹൃദയമുണെ്ടന്നവകാശപ്പെടുന്ന നമുക്കെല്ലാം ഒരു മാതൃകയായിട്ടാണ് ഡോരതിയോടൊപ്പം ''ദി വിസര്‍ഡ് ഓഫ് ഓസി''ല്‍ പ്രത്യക്ഷപ്പെടുന്നത്.

മറ്റുള്ളവരെ സ്‌നേഹിക്കാനും അവര്‍ക്കു നന്മ ചെയ്യാനും വെമ്പല്‍കൊള്ളുന്ന ടിന്‍മനുഷ്യനെപ്പോലെ നമുക്കും മറ്റുള്ളവരെ ഹൃദയപൂര്‍വം സ്‌നേഹിക്കാം. അതുവഴി നമുക്കു ഹൃദയമുണെ്ടന്ന് ഉറപ്പുവരുത്താം.

 


 
    
 
To send your comments, please click here
 
 


Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.