Jeevithavijayam
7/13/2020
    
ദിവസങ്ങളുടെ വെണ്മയ്ക്ക്, ജീവിതത്തിന്റെ നന്മയ്ക്ക്
'മെച്ചപ്പെട്ട ജീവിതത്തിനുള്ള നിര്‍ദേശങ്ങള്‍' എന്ന പേരില്‍ ആരോ തയാറാക്കിയ ഒരു ഐറ്റം ഇന്റര്‍നെറ്റില്‍ കാണുവാനിടയായി. അതില്‍നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ചുരുക്കംചില വ്യത്യാസങ്ങളോടെ താഴെക്കൊടുക്കുന്നു:

നമ്മുടെ സ്വഭാവമാണ് നമ്മുടെ വിധി നിര്‍ണയിക്കുക.

വിജയം നേടുന്നതിനുവേണ്ടി എന്തു ത്യാഗം സഹിച്ചു എന്നതു കണക്കിലെടുത്തുവേണം നമ്മുടെ വിജയത്തെ വിലയിരുത്തുവാന്‍.

നമ്മള്‍ ആഗ്രഹിച്ച കാര്യങ്ങള്‍ എപ്പോഴും സാധിക്കാതിരുന്നതു വലിയൊരുനുഗ്രഹമായി മാറി എന്നതു മറക്കാതിരിക്കുക.

പ്രാര്‍ഥിക്കുക. പ്രാര്‍ഥനയ്ക്കുള്ള ശക്തി നമുക്ക് അളക്കുവാന്‍ സാധിക്കുകയില്ല.

മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നതിലധികം അവര്‍ക്കു കൊടുക്കുക. നമ്മുടെ സമ്പത്തും സമയവും സൗഹൃദവും സ്‌നേഹവുമെല്ലാം ഇതിലുള്‍പ്പെടും. ഇവ കൊടുക്കുന്നതാകട്ടെ സന്തോഷപൂര്‍വവുമായിരിക്കണം.

നല്ല സ്വപ്നങ്ങള്‍ നമുക്കുണ്ടാകട്ടെ. സ്വപ്നങ്ങളില്ലാത്തവര്‍ക്കു ജീവിതത്തില്‍ കാര്യമായിട്ടൊന്നും ഉണ്ടാവില്ല എന്നതു മറക്കാതിരിക്കുക.

മറ്റുള്ളവരെ ആത്മാര്‍ഥമായി സ്‌നേഹിക്കുക. അവരോട് ആത്മാര്‍ഥമായി പെരുമാറുക. അങ്ങനെ ചെയ്യുമ്പോള്‍ ചിലപ്പോള്‍ അവഗണിക്കപ്പെടുകയോ തെറ്റിദ്ധരിക്കപ്പെടുകയോ തിരസ്‌കരിക്കപ്പെടുകയോ ചെയ്‌തേക്കാം. പക്ഷേ, അതു കാര്യമാക്കേണ്ടതില്ല. കാരണം, മറ്റുള്ളവരെ ആത്മാര്‍ഥമായി സ്‌നേഹിക്കാതെയും അവരോട് ആത്മാര്‍ഥമായി പെരുമാറാതെയും നമ്മുടെ ജീവിതത്തിനു പൂര്‍ണത കൈവരുകയില്ല.

മറ്റുള്ളവരുമായി അഭിപ്രായവ്യത്യാസമുണ്ടാകുമ്പോള്‍ വഴിവിട്ട് പോരാടരുത്; അവരെ ആക്ഷേപിക്കുകയുമരുത്.

എന്തുകാര്യത്തിലുള്ള പരാജയമാണെങ്കിലും അതില്‍നിന്നു പാഠം പഠിച്ചാല്‍ അതുതന്നെ ഒരു വിജയമായിരിക്കും.

ഒരു ചെറിയ കാര്യത്തിന്റെ പേരില്‍ നല്ലൊരു സുഹൃദ്ബന്ധം നഷ്ടമാകാന്‍ ഇടയാക്കരുത്.

നമ്മള്‍ ഒരു തെറ്റു ചെയ്തു എന്നു മനസിലാക്കിയാല്‍ അതുവേഗം തിരുത്തുക. ആവശ്യമെങ്കില്‍ ആ തെറ്റിനു പരിഹാരം ചെയ്യുക.

മാറ്റങ്ങളെ നമുക്കു സ്വാഗതം ചെയ്യാം. എന്നാല്‍, മൂല്യങ്ങളെ മുറുകെപ്പിടിക്കുകയും ചെയ്യാം.

ആരോടെങ്കിലും ക്ഷമയാചിക്കാനുണെ്ടങ്കില്‍ അതുടനേ ചെയ്യുക. നമ്മുടെ ക്ഷമായാചനം ആത്മാര്‍ഥമാണെന്ന് നാം ഉറപ്പുവരുത്തുകയും വേണം.

കേള്‍ക്കുന്നതു മുഴുവന്‍ വിശ്വസിക്കരുത്. എന്നാല്‍, നാം കേള്‍ക്കുന്നതു നല്ല കാര്യങ്ങളാണെങ്കില്‍ അവ വിശ്വസിക്കുന്നതില്‍ ഭയപ്പെടാനൊന്നുമില്ല.

ഉത്തരം പറയുവാന്‍ വൈമനസ്യമുള്ള ഒരു കാര്യത്തെക്കുറിച്ച് മറ്റൊരാള്‍ നമ്മോട് ചോദിച്ചാല്‍, 'അത് എന്തിന് അറിയണം' എന്ന മറുചോദ്യത്തില്‍ നമ്മുടെ ഉത്തരം അവസാനിപ്പിക്കാം. ചില അവസരങ്ങളില്‍ നിശ്ശബ്ദതയാണ് ഏറ്റവും നല്ല മറുപടി എന്നതും മറക്കേണ്ട.


ദിവസവും അല്പസമയം തനിയെ ചെലവഴിക്കുക.

ഇഷ്ടപ്പെട്ട ഗാനങ്ങളിലും കവിതകളിലും ചിലതു മനഃപാഠമാക്കുക.

ഒരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്ത ഒരു സ്ഥലത്തേക്കു വര്‍ഷത്തിലൊരിക്കല്‍ യാത്ര പോവുക.

ഫോണില്‍ മറുപടി പറയുവാന്‍ തുടങ്ങുമ്പോള്‍ പുഞ്ചിരിക്കുക. നമ്മെ വിളിക്കുന്നയാള്‍ക്ക് നമ്മുടെ സ്വരത്തിലൂടെ ആ പുഞ്ചിരി മനസിലാക്കുവാന്‍ കഴിയും.

നല്ല പുസ്തകങ്ങള്‍ കൂടുതല്‍ വായിക്കുക. ടിവി കാണുകയാണെങ്കില്‍ അതിലെ നല്ല പരിപാടികള്‍ മാത്രമാകട്ടെ.

ആവശ്യമനുസരിച്ച് നമ്മുടെ അറിവ് പങ്കുവയ്ക്കാം. പലപ്പോഴും നമ്മുടെ അറിവു പലര്‍ക്കും ഏറെ പ്രയോജനം ചെയ്യും.

നമുക്കു പണമുണെ്ടങ്കില്‍ അതു നമ്മുടെ ജീവിതകാലത്തു മറ്റുള്ളവരുടെ നന്മയ്ക്കായി ചെലവഴിക്കാം. നാം മരിച്ചശേഷം നമ്മുടെ പണം മറ്റുള്ളവര്‍ ധൂര്‍ത്തടിക്കുന്നതിലും എത്രയോ നല്ലതാണത്.

നമ്മുടെ സമ്പത്തു നമുക്കുവേണ്ടിമാത്രം ചെലവഴിച്ചാല്‍ സംതൃപ്തി ലഭിക്കില്ല. എന്നാല്‍, നമ്മുടെ സമ്പത്തിന്റെ കുറെഭാഗമെങ്കിലും മറ്റുള്ളവര്‍ക്കായി ചെലവഴിച്ചാല്‍ അതുവഴി ഏറെ സംതൃപ്തി ലഭിക്കും.

നമ്മുടെ സ്‌നേഹബന്ധങ്ങളില്‍, പരസ്പരമുള്ള ആവശ്യമാണോ പരസ്പരമുള്ള സ്‌നേഹമാണോ മുന്‍പിലെന്ന് അന്വേഷിക്കുക. പരസ്പരമുള്ള സ്‌നേഹമാണ് മുന്‍പിലെങ്കില്‍ നമ്മുടെ സ്‌നേഹബന്ധത്തെക്കുറിച്ചു നമുക്ക് അഭിമാനിക്കാം.

നമ്മുടെ വീടുകള്‍ യഥാര്‍ഥകുടുംബങ്ങളാകണമെങ്കില്‍ സ്‌നേഹത്തിന്റെ അന്തരീക്ഷം അവിടെ നിറഞ്ഞുനില്‍ക്കണം. നമ്മുടെ ശ്രദ്ധയും അധ്വാനവും ഏറ്റവുമധികം ഉണ്ടാകേണ്ടത് ഇക്കാര്യത്തിലാണ്.

കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടാകുമ്പോള്‍ അക്കാര്യം മാത്രം ചര്‍ച്ച ചെയ്യുക. പഴയ അഭിപ്രായ വ്യത്യാസങ്ങള്‍ ഒരിക്കലും വീണ്ടും പൊക്കിക്കൊണ്ടുവരരുത്.

വരികള്‍ക്കിടയില്‍ വായിക്കുവാന്‍ പഠിക്കുക. കാര്യമെന്താണെന്നു മനസിലാക്കാന്‍ പലപ്പോഴും ഇതു സഹായിക്കും.

ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു ജീവിക്കുക. എന്നാല്‍, വെറുതെ കൈയും കെട്ടി ഇരിക്കുവാന്‍ ഇടയാക്കരുത്. ദൈവം തന്നിരിക്കുന്ന ബുദ്ധിയും വിവേകവുമൊക്കെ ഉപയോഗിച്ചു കാര്യങ്ങള്‍ വേണ്ടതുപോലെ ചെയ്യുക.

അന്തസുള്ളതും നന്മനിറഞ്ഞതുമായ ജീവിതം നമുക്കു നയിക്കാം. എങ്കില്‍ വാര്‍ധക്യത്തില്‍ സ്വന്തം ജീവിതത്തെക്കുറിച്ചു വീണ്ടും നമുക്കു സന്തോഷവും അഭിമാനവും തോന്നും.

വിശദീകരണം ആവശ്യമില്ലാത്ത നിര്‍ദേശങ്ങളാണു മുകളില്‍ കൊടുത്തിരിക്കുന്നത്. എങ്കിലും ഒറ്റ വായനകൊണ്ടു നാം തൃപ്തിപ്പെടരുത്. വീണ്ടും വീണ്ടും ഈ നിര്‍ദേശങ്ങള്‍ വായിക്കുകയും അവയുടെ ചൈതന്യം നമ്മുടെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കുകയും ചെയ്താല്‍ നമ്മുടെ ജീവിതം ഏറെ മനോഹരമാകും.
    
To send your comments, please clickhere