Jeevithavijayam
8/10/2020
    
ഇലകൾ കൊഴിയുന്ന കാലം
സെൻ സന്യാസിയായിരുന്നു റിയോക്കൻ. ഒരു ആശ്രമത്തിലെ അന്തേവാസിയായിരുന്ന അദ്ദേഹത്തിന് ഒരു ദിവസം ഒരു കത്തു ലഭിച്ചു.

സഹോദരന്‍റെ ഭാര്യ എഴുതിയ ആ കത്തിൽ അവരുടെ മകനെക്കുറിച്ചുള്ള ആശങ്കകളായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.

ന്ധന്ധമകൻ ഒരു ജോലിയും ചെയ്യുന്നില്ല,’’ ആ സ്ത്രീ ഭർത്തൃസഹോദരന് എഴുതി.

ന്ധന്ധഅപ്പൻ അധ്വാനിച്ചുണ്ടാക്കുന്ന പണം മുഴുവൻ അവൻ ധൂർത്തടിക്കുന്നു. ഒരു കാര്യത്തിലും അവൻ ഞങ്ങളെ സഹായിക്കുന്നില്ല. ഞങ്ങൾക്കാണെങ്കിൽ പ്രായാധിക്യത്തിന്‍റെ പ്രശ്നങ്ങളുമുണ്ട്. അങ്ങ് ഇവിടെ വന്ന് അവനെ ഉപേദേശിച്ചു നേരെയാക്കണം. അല്ലെങ്കിൽ അവൻ നശിച്ചു പോകും.’’

കത്തു വായിച്ച റിയോക്കൻ അധികം താമസിയാതെ സഹോദരന്‍റെ ഭവനത്തിലെത്തി. അപ്പോൾ സഹോദരന്‍റെ പുത്രനായ യുവാവും അവിടെ ഉണ്ടായിരുന്നു.

പിതൃസഹോദരനെ കണ്ടപ്പോൾ യുവാവിന് ഏറെ സന്തോഷമായി. റിയോക്കൻ ആശ്രമത്തിൽ ചേരുന്നതിനു മുൻപ് തങ്ങൾ ഒരുമിച്ച് ഒട്ടേറെ സമയം ചെലവഴിച്ചിരുന്നതിന്‍റെ ഓർമകൾ യുവാവിൽ തെളിഞ്ഞുവന്നു. എങ്കിലും തന്നെ ഉപദേശിക്കുവാനാണോ അങ്കിൾ വന്നിരിക്കുന്നതെന്ന സംശയം യുവാവിൽ ബാക്കിനിന്നു.

റിയോക്കൻ ഒട്ടേറെ കാര്യങ്ങളെക്കുറിച്ചു വീട്ടിലുള്ള എല്ലാവരോടും സംസാരിച്ചു. എന്നാൽ, ഒരിക്കൽപ്പോലും ആ യുവാവിന്‍റെ സ്വഭാവത്തിലെ വൈകല്യങ്ങളെക്കുറിച്ച് ഒരു സൂചനപോലും നൽകിയില്ല.

അന്നു രാത്രി റിയോക്കൻ അവിടെ അന്തിയുറങ്ങി. പിറ്റേദിവസം യാത്ര പുറപ്പെടാനായി അദ്ദേഹം വസ്ത്രം ധരിച്ചുകൊണ്ടിരിക്കുന്പോൾ യുവാവിനോടു പറഞ്ഞു:

ന്ധന്ധഎന്‍റെ ചെരിപ്പിന്‍റെ വള്ളി കെട്ടിത്തന്നാൽ ഉപകാരമായിരുന്നു. എന്‍റെ കൈയ്ക്കു നല്ല ബലമില്ല. വിറയ്ക്കുകയും ചെയ്യുന്നുണ്ട്.’’

യുവാവ് ഉടനേ ചെരിപ്പുകളുടെ വള്ളികൾ ഭംഗിയായി കെട്ടിക്കൊടുത്തു. അപ്പോൾ അദ്ദേഹം പറഞ്ഞു: ന്ധന്ധചെരിപ്പുവള്ളികൾ കെട്ടിത്തന്നതിനു പ്രത്യേകം നന്ദി. മനുഷ്യർക്കു പ്രായം ചെല്ലുന്പോൾ അവരുടെ ആരോഗ്യം ക്ഷയിക്കും. എനിക്കെത്രമാത്രം നല്ല ആരോഗ്യമുണ്ടായിരുന്നുവെന്നു നീ ഓർമിക്കുന്നുണ്ടാവുമല്ലോ.’’

ന്ധന്ധഉണ്ട്, എനിക്കു നല്ല ഓർമയുണ്ട്,’’ യുവാവു പറഞ്ഞു. ന്ധന്ധഅങ്ങ് എന്നും നല്ല ആരോഗ്യവാനായിരുന്നു.’’

പെട്ടെന്ന് ആ യുവാവിന് ഒരു കാര്യം ബോധ്യമായി: തന്‍റെ മാതാപിതാക്കൾക്കു പണ്ടത്തേതുപോലെ നല്ല ആരോഗ്യമില്ല. അവർക്കു തന്‍റെ സഹായം ആവശ്യമായ സമയമായിരിക്കുന്നു.

ആ നിമിഷം റിയോക്കൻ തന്‍റെ സഹോദരപുത്രനെ സ്നേഹപൂർവം നോക്കി. അവന്‍റെ അകക്കണ്ണു തുറന്നിരിക്കുന്നുവെന്ന് അദ്ദേഹത്തിനു മനസിലായി. എല്ലാവരോടും യാത്രപറഞ്ഞ് അദ്ദേഹം ആശ്രമത്തിലേക്കു മടങ്ങി.

അന്നുമുതൽ ആ യുവാവ് തന്‍റെ ദുർമാർഗങ്ങൾ വെടിഞ്ഞ് മാതാപിതാക്കളുടെ കാര്യം ഏറ്റവും താത്പര്യപൂർവം അ ന്വേഷിക്കുവാൻ തുടങ്ങി.


ഇക്കഥയിലെ യുവാവിനെ സംബന്ധിച്ചിടത്തോളം ബോധോദയത്തിന്‍റെ നിമിഷമായിരുന്നു അത്. ആരോഗദൃഢഗാത്രനായിരുന്ന അങ്കിൾ എത്രവേഗമാണു ശാരീരികമായി ക്ഷീണിതനായിത്തീർന്നത് എന്ന് അവൻ മനസിലാക്കി. ആ യാഥാർഥ്യം മറ്റൊരു യാഥാർഥ്യത്തിലേക്ക് അവനെ നയിച്ചു. അതായത്, അങ്കിളിനെപ്പോലെ തന്‍റെ മാതാപിതാക്കൾക്കും തന്‍റെ സഹായവും സംരക്ഷണവും ആവശ്യമായി വന്നിരിക്കുന്നു എന്ന യാഥാർഥ്യം.

മാതാപിതാക്കൾ പലപ്പോഴും എത്രയോ കഷ്ടപ്പെട്ടാണു മക്കളെ വളർത്തുന്നത്! സ്വന്തം സുഖവും സൗകര്യവുമൊക്കെ മറന്നുകൊണ്ടല്ലേ അവർ മക്കളുടെ വളർച്ചയിൽ ശ്രദ്ധിക്കുന്നത്? മക്കളുടെ നല്ല വളർച്ചയ്ക്കുവേണ്ടി എത്രമാത്രം ക്ലേശിക്കാനും മിക്ക മാതാപിതാക്കളും തയാറാണല്ലോ.

എന്നാൽ, ഇക്കാര്യങ്ങളൊക്കെ അനുസ്മരിക്കുകയും അതനുസരിച്ചു മാതാപിതാക്കളോടു നന്ദിപൂർവം പെരുമാറുകയും ചെയ്യുന്ന മക്കൾ അധികമുണ്ടോ?

ഭൂരിഭാഗം മക്കളും തങ്ങളുടെ മാതാപിതാക്കളെയും പ്രായമായ മറ്റു ബന്ധുക്കളെയും ഭംഗിയായി സംരക്ഷിക്കുന്നുണ്ടെന്നു വേണം കരുതാൻ. എന്നാൽ, അങ്ങനെയല്ലാത്ത മക്കൾ നമ്മുടെയിടയിൽ ധാരാളമുണ്ട്.

സാന്പത്തികമായ സൗകര്യമുണ്ടായിട്ടുകൂടി മാതാപിതാക്കളെ അന്വേഷിക്കാതിരിക്കുന്ന മക്കളെക്കുറിച്ച് എന്തു പറയണം?

സാന്പത്തികമായ സംരക്ഷണം മാതാപിതാക്കൾക്കു തീർച്ചയായും ആവശ്യമാണ്. എന്നാൽ, അതിലേറെ അവർ ആഗ്രഹിക്കുന്നതു തങ്ങളുടെ വയസുകാലത്തു മക്കളുടെ സാമീപ്യവും സ്നേഹവുമാണ്. പക്ഷേ, എത്രയോ മക്കൾ ഇ ക്കാര്യം വിസ്മരിച്ചു പോകുന്നു.

ഒരു പക്ഷേ, ജീവിക്കുവാനും തങ്ങൾ ആരംഭിച്ച കുടുംബജീവിതത്തിനു ഭദ്രത നൽകുവാനുമുള്ള പോരാട്ടത്തിനിടയിലായിരി ക്കാം പ്രായം ചെന്ന തങ്ങളുടെ മാതാപിതാക്കളെ പല മക്കളും മറന്നു പോകുന്നത്.

എന്നാൽ ഇവയൊന്നും ആർക്കുമൊരു ന്യായീകരണമായിട്ടെടുക്കുവാൻ അവകാശമില്ലെന്നതാണു വാസ്തവം.

മാതാപിതാക്കൾ മക്കളെ എത്രമാത്രം താത്പര്യത്തോടെ വളർത്തുന്നുവോ അതിലുമേറെ താത്പര്യമെടുത്തു വേണം മക്കൾ മാതാപിതാക്കളെ അന്വേഷിക്കുവാനും പരിചരിക്കുവാനും. പക്ഷേ, അതു സാധിക്കണമെങ്കിൽ ഇക്കാര്യത്തിൽ മക്കൾക്കു ബോധോദയം ഉണ്ടാ യേ മതിയാകൂ.

മാതാപിതാക്കൾക്കു പ്രായം ചെല്ലുന്പോൾ അവരുടെ പ്രവർ ത്തനരീതിമൂലം പല ബുദ്ധിമുട്ടുകളും നമുക്കുണ്ടായേക്കാം. ചിലപ്പോഴെങ്കിലും അവരുടെ കടുംപിടിത്തവും ദുശ്ശാഠ്യവുമൊക്കെ നമുക്ക് ഏറെ വിഷമങ്ങൾ സൃഷ്ടിച്ചേക്കാാം.

പക്ഷേ, അവർ നമുക്കു തന്നിട്ടുള്ള സ്നേഹവും പരിലാളനയുമൊന്നും അപ്പോഴും നാം മറന്നുകൂടാ. എന്നുമാത്രമല്ല, അവർക്കു കൂടുതൽ സ്നേഹവും സേവനവും നൽകുവാൻ നാം ശ്രദ്ധിക്കുകയും വേണം. എങ്കിൽ മാത്രമേ മക്കളെന്ന നിലയിലുള്ള കടമ നിർവഹിക്കുന്നതായി നമുക്ക് അവകാശപ്പെടാൻ കഴിയൂ.
    
To send your comments, please clickhere