Jeevithavijayam
9/19/2020
    
അനുകമ്പ നിറഞ്ഞ കണ്ണുകള്‍
നേരം ഇരുട്ടുന്നതിനുമുമ്പ് നദിയുടെ മറുകരയിലുള്ള ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാമെന്നു കരുതിയാണ് അയാള്‍ യാത്ര തുടങ്ങിയത്. എന്നാല്‍, നദീതീരത്തെത്തിയപ്പോള്‍ അക്കര കടക്കാന്‍ മാര്‍ഗമൊന്നും കണ്ടില്ല. വെള്ളം കുറവായിരുന്നെങ്കിലും മഞ്ഞുകട്ടകള്‍ നിറഞ്ഞൊഴുകിയിരുന്ന ആ പുഴയിലേക്ക് കാലെടുത്തുവയ്ക്കുക അസാധ്യമായിരുന്നു. തന്മൂലം സഹായിക്കാന്‍ സന്മനസുള്ള ഏതെങ്കിലും കുതിരസവാരിക്കാര്‍ വരുന്നതുവരെ അവിടെ കാത്തിരിക്കാന്‍ അയാള്‍ തീരുമാനിച്ചു.

അമേരിക്കയിലെ വടക്കന്‍ വെര്‍ജീനിയയിലെ ആ നദിക്കരയില്‍ അയാള്‍ അങ്ങനെ കാത്തിരിക്കുമ്പോള്‍ പെട്ടെന്നു മഞ്ഞുപെയ്യാന്‍ തുടങ്ങി. അതോടൊപ്പം അസ്ഥി തുളച്ചുകയറുന്ന വടക്കന്‍ ശീതക്കാറ്റും ആഞ്ഞടിക്കാന്‍ ആരംഭിച്ചു. പക്ഷേ, തിരിച്ചുപോകാന്‍ അയാള്‍ക്കു മനസുവന്നില്ല. ആരെങ്കിലും സഹായത്തിനു വരുന്നതുവരെ അവിടെ കാത്തിരിക്കാന്‍തന്നെ അയാള്‍ തീരുമാനിച്ചു.

കുറെകഴിഞ്ഞപ്പോള്‍ നാലു കുതിരസവാരിക്കാര്‍ ഒന്നിനുപുറകെ ഒന്നായി വരുന്നത് അയാള്‍ കണ്ടു. അവരുടെ സഹായം ചോദിക്കാന്‍ അയാള്‍ മാനസികമായി തയാറെടുക്കുമ്പോള്‍ ആദ്യത്തെ കുതിരക്കാരന്‍ അയാളുടെ അടുത്തുകൂടെ കടന്നുപോയി. ആ നിമിഷം അവരുടെ കണ്ണുകള്‍ പരസ്പരം ഉടക്കി. പക്ഷേ ആ കുതിരക്കാരനോട് സഹായം ചോദിക്കാന്‍ അയാള്‍ തയാറായില്ല.

അല്പനിമിഷം കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ കുതിരസവാരിക്കാരന്‍ അയാളുടെ അടുത്തുകൂടെ കടന്നുപോയി. അപ്പോഴും അയാള്‍ സഹായം ചോദിച്ചില്ല. മൂന്നാമത്തെ കുതിരക്കാരന്‍ കടന്നുപോയപ്പോഴും സഹായം ചോദിക്കാന്‍ അയാള്‍ക്കു മനസുവന്നില്ല.

ഏറ്റവുമൊടുവിലത്തെ കുതിരക്കാരന്‍ അടുത്തുവന്നപ്പോള്‍ അവരുടെ കണ്ണുകള്‍ പരസ്പരം ഉടക്കി. അപ്പോള്‍ വിനയപൂര്‍വം അയാള്‍ കുതിരക്കാരനോടു ചോദിച്ചു: ''വൃദ്ധനായ എന്നെക്കൂടി അക്കരയിലെത്തിക്കാമോ?''

ഉടനേ ആ കുതിരക്കാരന്‍ കുതിരപ്പുറത്തുനിന്നിറങ്ങി വൃദ്ധനായ ആ വഴിയാത്രക്കാരനെ കുതിരപ്പുറത്തു കയറാന്‍ സഹായിച്ചു. പിന്നീട് രണ്ടുപേരുംകൂടി കുതിരപ്പുറത്തിരുന്നു നദിയുടെ മറുകരയിലെത്തി. അതിനുശേഷം ആ വൃദ്ധനെ അയാളുടെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ആ കുതിരക്കാരന്‍ സന്മനസു കാണിച്ചു.

ലക്ഷ്യസ്ഥാനത്തെത്തിയതിലുള്ള സന്തോഷത്തോടെ വൃദ്ധനായ ആ വഴിയാത്രക്കാരന്‍ കുതിരപ്പുറത്തുനിന്നിറങ്ങുമ്പോള്‍ കുതിരക്കാരന്‍ അയാളോടു ചോദിച്ചു: ''താങ്കള്‍ എന്തുകൊണ്ടാണു മറ്റു മൂന്നുപേരോടും സഹായം ചോദിക്കാതിരുന്നത്? അവസാനം വന്ന എന്നോടു സഹായം ചോദിച്ചപ്പോള്‍ ഞാന്‍ നിരസിക്കുകയും താങ്കളെ അവിടെ ഉപേക്ഷിക്കുകയും ചെയ്തിരുന്നെങ്കില്‍ താങ്കള്‍ എന്തുചെയ്യുമായിരുന്നു.''

അപ്പോള്‍ ഒരു പുഞ്ചിരിയോടെ ആ വൃദ്ധന്‍ പറഞ്ഞു:

''മറ്റു മൂന്നുപേരുടെ കണ്ണുകളിലേക്കും ഞാന്‍ നോക്കിയപ്പോള്‍ അവയില്‍ അല്പംപോലും അനുകമ്പയും സഹതാപവും ഞാന്‍ കണ്ടില്ല. അവരോടു സഹായം ചോദിച്ചിരുന്നെങ്കില്‍ അതു വെറുതെയാകുമായിരുന്നു. എന്നാല്‍, താങ്കളുടെ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ അനുകമ്പയും എന്നെ സഹായിക്കാനുള്ള സന്മനസും ഞാന്‍ അവയില്‍ കണ്ടു. താങ്കള്‍ എന്നെ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.''

ആ വൃദ്ധന്റെ നല്ല വാക്കുകള്‍ക്കു നന്ദി പറഞ്ഞതിനുശേഷം ആ കുതിരസവാരിക്കാരന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ മന്ദിരത്തിലേക്കു തിരികെ യാത്രയായി. കാരണം, വൃദ്ധനായ ആ മനുഷ്യനോടു അനുകമ്പയോടെ പെരുമാറിയ ആ കുതിരസവാരിക്കാരന്‍ അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന തോമസ് ജെഫേഴ്‌സണായിരുന്നു.


അമേരിക്കയുടെ സ്വാതന്ത്ര്യപ്രഖ്യാപനം തയാറാക്കിയ മഹാനാണ് തോമസ് ജെഫേഴ്‌സണ്‍ (17431826). ആരെക്കണ്ടാലും എപ്പോഴും സ്‌നേഹപൂര്‍വം അഭിവാദനം ചെയ്തിരുന്ന അദ്ദേഹം അനുകമ്പയുള്ള ഒരു നേതാവായിരുന്നു. തന്മൂലമാണ് വൃദ്ധനായ ഒരു മനുഷ്യനെ നദിയുടെ മറുകരയിലെത്തിച്ചതിനുപിന്നാലെ അയാളെ അയാളുടെ ലക്ഷ്യസ്ഥാനത്തു കൊണ്ടുപോയിവിടാന്‍ അദ്ദേഹം തയാറായത്.

തോമസ് ജെഫേഴ്‌സന്റെ കണ്ണുകള്‍ അനുകമ്പ നിറഞ്ഞതായിരുന്നു. എന്നാല്‍, നമ്മുടെ കണ്ണുകളോ? നമ്മുടെ സഹായം ആഗ്രഹിക്കുകയും അര്‍ഹിക്കുകയും ചെയ്യുന്ന ഒരാള്‍ നമ്മുടെ കണ്ണുകളിലേക്കു നോക്കിയാല്‍ അവയില്‍ അനുകമ്പ അവര്‍ കണെ്ടത്തുമോ?

നാമാരും കണ്ണില്‍ ചോരയില്ലാത്തവരായിരിക്കുകയില്ല. ഒരുപക്ഷേ നിസാര സഹായങ്ങളൊക്കെ പലപ്പോഴും പലര്‍ക്കും നാം ചെയ്തുകൊടുത്തുവെന്നിരിക്കും. എന്നാല്‍ നമ്മുടെ സഹായം ആഗ്രഹിക്കുകയും അര്‍ഹിക്കുകയും ചെയ്യുന്നവരുടെ പ്രതിസന്ധിഘട്ടങ്ങളില്‍ അവരുടെ സഹായത്തിന് നാം എപ്പോഴും എത്താറുണേ്ടാ?

അന്ത്യവിധിനാളില്‍ ദൈവപുത്രനായ യേശു തന്റെ ഇടതുഭാഗത്തു നില്‍ക്കുന്നവരോടു പറയാന്‍ പോകുന്നതെന്താണെന്ന് അവിടുന്നുതന്നെ മുന്‍കൂട്ടി പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ ഒരിക്കലും അനുകമ്പയും ദയയും ആരോടും പ്രദര്‍ശിപ്പിക്കാത്ത അവരോട് യേശു പറയാന്‍പോകുന്ന ആ കാര്യങ്ങളുടെ ഒരു പുതിയ ഭാഷ്യം ആരോ തയാറാക്കിയതു താഴെ കുറിക്കുന്നു:

''എനിക്കു വിശക്കുന്നു, അപ്പോള്‍ നിങ്ങള്‍ തിന്നുതിന്നു തടിച്ചുകൊഴുത്തു. എനിക്കു ദാഹിച്ചു, അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ മിച്ചജലം പൂന്തോട്ടം നനയ്ക്കാന്‍ ഉപയോഗിച്ചു. ഞാന്‍ പരദേശിയായിരുന്നു, എന്നെ കണ്ടപ്പോള്‍ നിങ്ങള്‍ പോലീസിനെ വിളിച്ച് അവരെ ഏല്പിച്ചു. ഞാന്‍ നഗ്‌നനായിരുന്നു,' അപ്പോള്‍ നിങ്ങള്‍ പറഞ്ഞു: 'എനിക്ക് ഉടുക്കാന്‍ ഒന്നുമില്ല. ഇന്നുതന്നെ രണ്ടുജോടി വസ്ത്രം വാങ്ങണം. ഞാന്‍ രോഗിയായിരുന്നു, അപ്പോള്‍ നിങ്ങള്‍ ചോദിച്ചു: പകരുന്ന രോഗമാണോ നിങ്ങളുടേത്? ഞാന്‍ ജയിലറയിലായിരുന്നു,' അപ്പോള്‍ നിങ്ങള്‍ പറഞ്ഞു: ''നിന്റെ കൂട്ടര്‍ക്കു പറ്റിയ സ്ഥലം അതുതന്നെ.''

അന്ത്യവിധിനാളില്‍ യേശു പറയാന്‍ പോകുന്നതായ കാര്യങ്ങളുടെ ഈ പുതിയ ഭാഷ്യം അതിശയോക്തിപരമാണെന്ന് പറയാനാവില്ല. കാരണം, ഈ പുതിയ ഭാഷ്യത്തില്‍ പറയുന്നതുപോലെയാണല്ലോ നമ്മില്‍ പലരും പലപ്പോഴും പെരുമാറുന്നത്.

നാം മനഃപൂര്‍വം മറ്റുള്ളവരോട് അനുകമ്പയോടെ പെരുമാറുന്നില്ലെങ്കില്‍ നാം അറിയാതെ അവരോടു ക്രൂരമായി പെരുമാറിപ്പോകുവാനിടയുണെ്ടന്നു ബ്രിട്ടീഷ് ചിന്തകനായ ജോണ്‍ റസ്‌കിന്‍ (18191900) ഒരിക്കല്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, നാം പലപ്പോഴും മറ്റുള്ളവരോടു പെരുമാറുന്നത് അനുകമ്പയും ദയയും ലവലേശമില്ലാതെയാണത്രേ.

മറ്റുള്ളവര്‍ക്ക് നമ്മുടെ ഹൃദയത്തില്‍ അല്പമെങ്കിലും സ്ഥാനമുണെ്ടങ്കിലേ അവരോട് അനുകമ്പയോടെ നാം പെരുമാറുകയുള്ളു. മറ്റുള്ളവരെക്കുറിച്ച് നമുക്കു ചിന്തയില്ലെങ്കില്‍ നാം അവരെ അവഗണിക്കുക മാത്രമല്ല അവരോടു ക്രൂരമായി പെരുമാറുകയും ചെയ്യാനാണ് സാധ്യത.

നമുക്ക് അനുകമ്പയുള്ള മനുഷ്യരാകാം. മറ്റു മനുഷ്യര്‍ നമ്മുടെ കണ്ണുകളിലേക്കു നോക്കുമ്പോള്‍ അനുകമ്പയും ദയയുമൊക്കെ അവയില്‍ നിഴലിക്കുന്നുണെ്ടന്ന് നമുക്ക് ഉറപ്പുവരുത്താം.
    
To send your comments, please clickhere