Jeevithavijayam
9/27/2020
    
അവര്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍
1861 മുതല്‍ 1865 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കനെക്കുറിച്ച് ഒട്ടേറെ കഥകള്‍ പ്രചാരത്തിലുണ്ട്. അവയിലൊന്ന് താഴെ കൊടുക്കുന്നു:

ഒരിക്കല്‍ ലിങ്കന്റെ ഒരു പഴയ സുഹൃത്ത് അദ്ദേഹത്തെ കാണുവാന്‍ വേണ്ടി പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിലെത്തി. ലിങ്കണ്‍ സന്തോഷപൂര്‍വം തന്റെ സുഹൃത്തിനെ സ്വീകരിച്ച് വര്‍ത്തമാനങ്ങളൊക്കെ തിരക്കി. അപ്പോള്‍ സുഹൃത്തും ലിങ്കന്റെ വിശേഷങ്ങള്‍ ചോദിച്ചു.

ലിങ്കണ്‍ നല്‍കിയ ചായ സല്‍ക്കാരം കഴിയാറായപ്പോഴേക്കും ലിങ്കണ്‍ സുഹൃത്തിനോടു ചോദിച്ചു: ''ഏതായാലും വന്നകാര്യം പറയൂ. ഞാന്‍ എന്താണു ചെയ്തു തരേണ്ടത്?''

ലിങ്കന്റെ ഈ ചോദ്യംകേട്ടപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്ത് അന്തംവിട്ടുപോയി. എന്താണു മറുപടി പറയേണ്ടതെന്നു തീര്‍ച്ചയില്ലാതെ സുഹൃത്ത് ലിങ്കനോടു പറഞ്ഞു: ''ഞാന്‍ ഒരു സഹായവും ചോദിക്കുവാന്‍ വന്നതല്ല. വെറുതെ സൗഹൃദം പുതുക്കാന്‍ വേണ്ടി വന്നതാണ്. അതുപോലെ, ഒട്ടേറെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന അങ്ങ് അങ്ങയുടെ ജോലി ഏറ്റവും നന്നായി ചെയ്യുന്നു എന്നതില്‍ എനിക്കും അഭിമാനമുണ്ട് എന്നു പറയുവാനും വേണ്ടി വന്നതാണ്.''

ഉടനെ സന്തോഷപൂര്‍വം ഇരിപ്പിടത്തില്‍നിന്നു ചാടിയെണീറ്റു തന്റെ സുഹൃത്തിന്റെ കരം ഗ്രഹിച്ചുകൊണ്ടു ലിങ്കണ്‍ പറഞ്ഞു: ''എന്നെക്കൊണ്ടു കാര്യം കാണുവാന്‍വേണ്ടി മാത്രമാണു പലരും ഇവിടെ വരാറുള്ളത്. എന്നാല്‍, നിങ്ങള്‍ അങ്ങനെ അല്ലാത്തതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്!''

വളരെയേറെ പ്രതിസന്ധികള്‍ ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ലിങ്കണ്‍ ഭരണം നടത്തിയിരുന്നത്. അടിമത്ത വ്യവസ്ഥിതി നിയമപരമായി തുടരണമെന്നു വാദിച്ച തെക്കന്‍ സംസ്ഥാനങ്ങളും അതിനെ എതിര്‍ത്ത വടക്കന്‍ സംസ്ഥാനങ്ങളും തമ്മില്‍ ഒരു ആഭ്യന്തരയുദ്ധത്തിലേക്കു നീങ്ങിക്കൊണ്ടിരുന്ന അവസരത്തിലായിരുന്നു ഈ പഴയ സുഹൃത്ത് അദ്ദേഹത്തെ കാണുവാനെത്തി അദ്ദേഹത്തിന് ഏറെ പ്രോത്സാഹനം നല്‍കിക്കൊണ്ടു സംസാരിച്ചത്.

അടിമത്ത വ്യവസ്ഥിതിയെ ശക്തമായി എതിര്‍ത്ത ലിങ്കണ്‍, അത് ഇല്ലായ്മ ചെയ്യുന്നതില്‍ വിജയിച്ചു. എന്നാല്‍, കനത്ത ഒരു പോരാട്ടത്തിനു ശേഷമാണ് ആഭ്യന്തരയുദ്ധത്തില്‍ വിജയിക്കുവാനും അടിമത്തം ഇല്ലായ്മ ചെയ്യുവാനും അദ്ദേഹത്തിനു സാധിച്ചത്. ഈ പോരാട്ടത്തിനിടയില്‍ തന്റെ സുഹൃത്തുക്കളുടെയും അനുയായികളുടെയും പിന്തുണയും അവരുടെ നിരന്തരമായ പ്രോത്സാഹനവും തനിക്ക് എന്നും ശക്തി നല്കിയിരുന്നുവെന്ന് ലിങ്കണ്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അങ്ങനെ പറഞ്ഞിരുന്ന അവസരങ്ങളിലൊക്കെ ലിങ്കണ്‍ തന്റെ പഴയ സുഹൃത്ത് തന്നെ കാണാനെത്തിയ കഥയും അയവിറക്കാറുണ്ടായിരുന്നത്രേ.

ഉറച്ച ദൈവവിശ്വാസമുള്ള ആളായിരുന്നു ലിങ്കണ്‍. പ്രസിഡന്റ് എന്ന നിലയില്‍ തന്നെ ഭരമേല്പിച്ചിട്ടുള്ള ജോലികള്‍ ഏറ്റവും ഭംഗിയായി നിര്‍വഹിക്കുന്നതിനുവേണ്ടി ദൈവസഹായം തേടുന്നതിന് അദ്ദേഹം ഒരിക്കലും മറന്നിരുന്നില്ല. എന്നാല്‍, അതോടൊപ്പം താന്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്കു മറ്റുള്ളവരുടെ പിന്തുണയും പ്രോത്സാഹനവും ലഭിച്ചപ്പോഴൊക്കെ തന്റെ കടമകള്‍ നിര്‍വഹിക്കുന്നതില്‍ അദ്ദേഹം വലിയ വിജയവുമായിരുന്നു.


ലിങ്കനെപ്പോലെ ജീവിതത്തില്‍ അത്ര വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ വിളിക്കപ്പെട്ടവരായിരിക്കുകയില്ല നമ്മില്‍ ഏറിയ പങ്കും. എന്നാല്‍, അനുദിന ജീവിതത്തില്‍ ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ വിളിക്കപ്പെട്ടവരാണ് നമ്മള്‍. ചിലപ്പോഴെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ നാം ശ്രമിക്കാറുമുണ്ട്. അങ്ങനെയുള്ള അവസരങ്ങളില്‍ ദൈവസഹായത്തോടൊപ്പം നാം ആഗ്രഹിക്കുന്ന രണ്ടു കാര്യങ്ങളല്ലേ മറ്റുള്ളവരുടെ സഹകരണവും പ്രോത്സാഹനവും?

നാം ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്കു മറ്റുള്ളവരുടെ പ്രോത്സാഹനവും സഹകരണവും ഉണ്ടാകുമ്പോള്‍ എത്രയോ വേഗത്തിലാണ് അവയൊക്കെ വിജയിക്കുന്നത്? എന്നാല്‍, നാം ചെയ്യുന്ന നല്ലകാര്യങ്ങള്‍ക്ക് മറ്റുള്ളവരുടെ സഹകരണവും പ്രോത്സാഹനവും ലഭിക്കുന്നില്ല എന്നു കരുതുക. അപ്പോള്‍ എത്രയോ ബുദ്ധിമുട്ടിയാണ് അവ നമുക്കു ചെയ്യുവാന്‍ സാധിക്കുക. ഒരുപക്ഷേ, ചിലപ്പോഴെങ്കിലും മറ്റുള്ളവരുടെ സഹകരണവും പ്രോത്സാഹനവും ലഭിക്കാത്തതുമൂലം, ചെയ്യുവാന്‍ ആഗ്രഹിക്കുന്ന നല്ലകാര്യങ്ങള്‍ നടക്കാതെ പോകുന്നുമില്ലേ?

അനുദിനജീവിതത്തില്‍ എപ്പോഴും ആവശ്യമുള്ളതാണ്, സഹകരണവും പ്രോത്സാഹനവുമൊക്കെ. എന്നാല്‍, നമുക്കു മറ്റുള്ളവരുടെ സഹകരണവും പ്രോത്സാഹനവും ആവശ്യമുള്ളതുപോലെ അവര്‍ക്കും നമ്മുടെ നിരന്തരമായ സഹകരണവും പ്രോത്സാഹനവും ആവശ്യമുണ്ട് എന്നത് എപ്പോഴും ഓര്‍മിക്കുക. ചിലപ്പോഴെങ്കിലും മറ്റുളളവര്‍ നല്ലകാര്യങ്ങള്‍ ചെയ്യുന്നതു കാണുമ്പോള്‍ അതു കണ്ടില്ലെന്നു നടിക്കാനല്ലേ നാം ശ്രമിക്കുക?

എന്നാല്‍, നമ്മുടെയുംകൂടി സഹകരണവും പ്രോത്സാഹനവും അവര്‍ക്കു ലഭിച്ചാല്‍ അതുവഴിയുണ്ടാകുന്ന നേട്ടങ്ങള്‍ എത്രയോ അധികമായിരിക്കും! അതുപോലെ, ആ നേട്ടങ്ങള്‍ നമ്മുടെ തന്നെ നന്മയ്ക്കു വഴിതെളിക്കുമെന്നതില്‍ സംശയമില്ല.

മറ്റുള്ളവര്‍ നല്ലകാര്യങ്ങള്‍ ആത്മാര്‍ഥതയോടെ ചെയ്യുമ്പോള്‍ അവരെ അഭിനന്ദിക്കാനും നല്ല വാക്കുകള്‍ പറഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കാനും നമുക്കു ശ്രമിക്കാം. നമ്മുടെ പ്രോത്സാഹനവും സഹകരണവും തീര്‍ച്ചയായും അവരുടെ നല്ല പ്രവൃത്തികളില്‍ അവര്‍ക്ക് കൂടുതല്‍ പ്രചോദനവും ഉണര്‍വും നല്കുമെന്നതില്‍ സംശയംവേണ്ട.

പ്രോത്സാഹന വചനങ്ങള്‍ക്കുള്ള മാസ്മരിക ശക്തി ഒരിക്കലും നമുക്കു മറക്കാതിരിക്കാം. അതുപോലെ, ബുദ്ധിപൂര്‍വം അവ നമ്മുടെ അനുദിന ജീവിതത്തില്‍ ഉപയോഗിക്കുവാനും ഓര്‍മിക്കാം. അപ്പോള്‍ തീര്‍ച്ചയായും മറ്റുള്ളവരുടെ ജീവിതത്തിലെന്നപോലെ നമ്മുടെ ജീവിതത്തിലും പുത്തന്‍ ഉണര്‍വും ഉന്മേഷവും ഉണ്ടാകും.
    
To send your comments, please clickhere