Jeevithavijayam
9/28/2020
    
പണത്തിനും ധനത്തിനും ഉപരി
മങ്കമ്മയും നഞ്ചമ്മയും. അമ്മായിയമ്മയും മരുമകളുമാണവര്‍. അവരിരുവരെയും സംബന്ധിച്ചുള്ള കഥയിലേക്കു കടക്കുന്നതിനു മുമ്പ് മങ്കമ്മയുടെ തനിച്ചുള്ള കഥ ആദ്യം പറയാം:

കര്‍ണാടകയിലെ ഒരു കുഗ്രാമത്തിലാണ് മങ്കമ്മയുടെ വീട്. വിവാഹത്തിനുശേഷം ആദ്യപുത്രന്‍ ജനിച്ചയുടനേ ഭര്‍ത്താവ് മങ്കമ്മയെ ഉപേക്ഷിച്ചു വേറൊരു സ്ത്രീയുടെ പിന്നാലെ പോയി.

ഭര്‍ത്താവ് നഷ്ടപ്പെട്ടപ്പോള്‍ ആദ്യം മങ്കമ്മ പതറി. എങ്കിലും നേരത്തേ തന്നെ തൈരു വില്ക്കുന്ന ഒരു ജോലി ഉണ്ടായിരുന്നതുകൊണ്ട് മങ്കമ്മയുടെ അനുദിന കാര്യങ്ങള്‍ സാമാന്യം ഭംഗിയായി നടന്നുപോയി.

ഭര്‍ത്താവു നഷ്ടപ്പെട്ടതു തന്റെ സ്വന്തം കുറ്റംമൂലമാണെന്നായിരുന്നു മങ്കമ്മയുടെ വിശ്വാസം. ഭര്‍ത്താവ് കൂടെയുണ്ടായിരുന്നപ്പോള്‍ അയാള്‍ക്കു നല്ല ഭക്ഷണം പാകം ചെയ്തുകൊടുക്കുന്ന കാര്യത്തില്‍ മങ്കമ്മ അല്പംപോലും ശ്രദ്ധിച്ചിരുന്നില്ലത്രേ. അതുപോലെ, സ്വയം അണിഞ്ഞൊരുങ്ങി സുന്ദരിയായി നടക്കാതിരുന്നതുകൊണ്ടാണ് തന്റെ ഭര്‍ത്താവു തന്നെ ഉപേക്ഷിച്ചുപോയതെന്നും മങ്കമ്മ വിശ്വസിക്കുന്നു.

ഭര്‍ത്താവു നഷ്ടപ്പെട്ടപ്പോള്‍ മങ്കമ്മയുടെ ശ്രദ്ധ മുഴുവനും സ്വന്തം മകനിലേക്കു തിരിഞ്ഞു. അവര്‍ അവനെ ഓമനിച്ചു വളര്‍ത്തി. അവനു പ്രായപൂര്‍ത്തിയായപ്പോള്‍ മങ്കമ്മ അവനെ കല്യാണം കഴിപ്പിച്ചു. മകന് ജോലി ഉണ്ടായിരുന്നിട്ടുപോലും തന്റെ വരുമാനത്തിലേറെയും അവനും മരുമകളായ നഞ്ചമ്മയ്ക്കും നല്കുന്ന രീതിയായിരുന്നു മങ്കമ്മയുടേത്.

ഇനി മങ്കമ്മയെയും നഞ്ചമ്മയെയും സംബന്ധിച്ചുള്ള കഥയിലേക്കു കടക്കാം: മരുമകളെ മങ്കമ്മയ്ക്കു വലിയ കാര്യമായിരുന്നു. അതുപോലെ, തന്റെ മരുമകള്‍ക്കു തന്നോടും വലിയ കാര്യമാണെന്നാണ് മങ്കമ്മ കരുതിയിരുന്നത്.

എന്നാല്‍, ഒരുദിവസം കഥയാകെ മാറി. എന്തോ കാരണത്താല്‍ നഞ്ചമ്മ സ്വന്തം മകനെ പിടിച്ചു രണ്ടുതല്ലുകൊടുത്തു. അതുകണ്ടുകൊണ്ടിരുന്ന മങ്കമ്മയ്ക്കു സഹിച്ചില്ല. തന്റെ മകന്റെ മകനെ തല്ലാന്‍ മരുമകള്‍ക്കെന്തവകാശം? അവര്‍ ചൊടിച്ചു.

പക്ഷേ, നഞ്ചമ്മയുണേ്ടാ വിട്ടുകൊടുക്കുന്നു! തന്റെ മകനെ തല്ലാനും ശിക്ഷിക്കാനും തനിക്ക് അധികാരമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണതിന് അധികാരം എന്ന നിലപാടായിരുന്നു നഞ്ചമ്മയുടേത്. ഏതായാലും തന്റെ മകന്‍ ജോലികഴിഞ്ഞു മടങ്ങിയെത്തിയിട്ടു വിധിതീര്‍പ്പാകാം എന്നു മങ്കമ്മ കരുതി.

മകന്‍ മടങ്ങിയെത്തിയപ്പോള്‍ മങ്കമ്മ കാര്യം പറഞ്ഞു. പക്ഷേ, മങ്കമ്മ പ്രതീക്ഷിച്ചതുപോലെ മകന്‍ അമ്മയുടെകൂടെ നിന്നില്ല. അയാള്‍ സ്വന്തം ഭാര്യയുടെ നടപടി ന്യായീകരിക്കുകയാണ് ചെയ്തത്.

മകന്‍ മരുമകളുടെ പക്ഷം പിടിച്ചപ്പോള്‍ മങ്കമ്മയ്ക്കു സഹിച്ചില്ല. തന്മൂലം മങ്കമ്മ ഓരോന്നു പറയാന്‍ തുടങ്ങിയപ്പോള്‍, മങ്കമ്മയ്ക്കു വേണമെങ്കില്‍ മാറിത്താമസിക്കാമല്ലോ എന്ന് മകനും മരുമകളും പറഞ്ഞു. അത്രയും കേട്ടപ്പോള്‍ മങ്കമ്മയ്ക്കു സഹിച്ചില്ല. മകന്റെയും മരുമകളുടെയും കൂടെനിന്നു മാറിത്താമസിക്കുവാന്‍ മങ്കമ്മ തീര്‍ച്ചയാക്കി.

മങ്കമ്മ തനിച്ചുതാമസിക്കാന്‍ തുടങ്ങിയപ്പോള്‍മുതല്‍ എന്നും അവരുടെ കൈയില്‍ മിച്ചം പണമുണ്ടാകാന്‍ തുടങ്ങി. നേരത്തേ, മകന്റെയും മരുമകളുടെയും കൂടെ താമസിക്കുന്ന അവസരത്തില്‍ തൈരുകച്ചവടം വഴി ലഭിക്കുന്ന ആദായം മുഴുവനും മകനും മരുമകള്‍ക്കും കൊച്ചുമകനും എന്തെങ്കിലുമൊക്കെ വാങ്ങിക്കൊടുക്കുന്നതിന് ഉപയോഗിച്ചിരുന്നു. എന്നാല്‍, താമസം തനിച്ചാക്കിയതു മുതല്‍ മങ്കമ്മയുടെ കൈയില്‍ പണം കുമിഞ്ഞുകൂടാന്‍ തുടങ്ങി.


അങ്ങനെയിരിക്കേ ഒരു ദിവസം മങ്കമ്മയുടെ കൊച്ചുമകന്‍ ആ വീട്ടിലെത്തി. തന്റെ കൊച്ചുമകനെ കണ്ട മങ്കമ്മ സന്തോഷംകൊണ്ട് മതിമറന്നു. കുറെ കഴിഞ്ഞപ്പോള്‍ നഞ്ചമ്മ തന്റെ മകനെ തേടിയിറങ്ങി. പക്ഷേ, നഞ്ചമ്മ എത്ര ശ്രമിച്ചിട്ടും മകന്‍ സ്വന്തം വീട്ടിലേക്കുവരാന്‍ തയാറായില്ല. അപ്പോള്‍പ്പിന്നെ മകനെ അമ്മായിയമ്മയുടെകൂടെ നിര്‍ത്തിയിട്ടു മടങ്ങുകയേ നഞ്ചമ്മയ്ക്കു നിര്‍വാഹമുണ്ടായിരുന്നുള്ളൂ.

പിറ്റേദിവസവും നഞ്ചമ്മ തന്റെ മകനെ കൂട്ടിക്കൊണ്ടുപോകാനെത്തി. പക്ഷേ, അപ്പോഴും മകന്‍ അവന്റെ മുത്തശ്ശിയുടെ കൂടെത്തന്നെ നില്ക്കുമെന്നു ശാഠ്യംപിടിച്ചു. കാര്യങ്ങള്‍ ഇത്രയുമെത്തിയപ്പോള്‍ അമ്മായിയമ്മയെ സ്വന്തം വീട്ടിലേക്കു മടക്കിക്കൊണ്ടുവരികയേ നിര്‍വാഹമുള്ളൂ എന്നു നഞ്ചമ്മ തന്റെ ഭര്‍ത്താവിനോടു പറഞ്ഞു. അയാള്‍ക്കു സ്വീകാര്യമായിരുന്നു ആ നിര്‍ദേശം.

മങ്കമ്മ വീണ്ടും മകന്റെയും മരുമകളുടെയും കൊച്ചുമകന്റെയും കൂടെ താമസം തുടങ്ങി. അപ്പോള്‍ മങ്കമ്മയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. നഞ്ചമ്മയ്ക്കും അപ്പോള്‍ ഏറെ സന്തോഷമായിരുന്നു. അതിനു മതിയായ കാരണവുമുണ്ടായിരുന്നു.

കന്നഡ സാഹിത്യകാരനായ മാസ്തി വെങ്കടേശ്വര അയ്യങ്കാര്‍ (18911986) പറയുന്ന ഈ കഥയനുസരിച്ചു മങ്കമ്മയുടെ കൊച്ചുമകന്‍ അവരുടെ വീട്ടില്‍ പോയി അവിടെനിന്നു മാറുവാന്‍ വിസമ്മതിച്ചതു നഞ്ചമ്മ പറഞ്ഞിട്ടായിരുന്നത്രേ. മങ്കമ്മ തനിയെ താമസിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അവരുടെ കൈയില്‍നിന്നു നഞ്ചമ്മയ്ക്കും ഭര്‍ത്താവിനും ഒന്നും കിട്ടിയിരുന്നില്ല. മാത്രവുമല്ല, മങ്കമ്മ തന്റെ പണം ഓരോ കാര്യങ്ങള്‍ക്കായി വെറുതെ ധൂര്‍ത്തടിച്ചു ചെലവാക്കാനും തുടങ്ങിയിരുന്നു. ഇങ്ങനെയൊരു പശ്ചാത്തലത്തിലാണു നഞ്ചമ്മ തന്റെ അമ്മായിയമ്മയെ മടക്കിക്കൊണ്ടുവരാന്‍ ഒരു പ്ലാന്‍ ആവിഷ്‌കരിച്ചതും അതു നടപ്പാക്കുന്നതില്‍ വിജയം വരിച്ചതും.

പണത്തിനു കുടുംബബന്ധങ്ങളുടെ അടുത്തെങ്ങുംപോലും സ്ഥാനമില്ലെന്നു നാം പറയും. എന്നാല്‍, പണത്തിന്റെ കാര്യംവരുമ്പോള്‍ കുടുംബബന്ധങ്ങള്‍ കീഴ്‌മേല്‍ മറിയാറില്ലേ? അതുപോലെ, പണം മോഹിച്ചു കുടുംബബന്ധങ്ങളെയും സ്‌നേഹബന്ധങ്ങളെയുമൊക്കെ നാം ചിലപ്പോഴെങ്കിലും ചവിട്ടിമെതിക്കാറില്ലേ?

മങ്കമ്മ പിണങ്ങി മാറി തനിയേ താമസിക്കാന്‍ തുടങ്ങിയപ്പോള്‍ നഞ്ചമ്മയ്ക്ക് അതില്‍ അല്പം പോലും ദുഃഖമില്ലായിരുന്നു. മാത്രമല്ല, അതൊരു അനുഗ്രഹവുമായി ആ സ്ത്രീ കരുതി. എന്നാല്‍, മങ്കമ്മയില്‍നിന്നുള്ള വരവുനിലച്ചപ്പോള്‍ നഞ്ചമ്മ അടവൊന്നുമാറ്റി. തന്റെ മകനെത്തന്നെ ഒരു കരുവായി ഉപയോഗിച്ച് നഞ്ചമ്മ തന്റെ അമ്മായിയമ്മയെ വീണ്ടും സ്വന്തം വീട്ടിലെത്തിച്ചു. നഞ്ചമ്മ അങ്ങനെ ചെയ്തതു മങ്കമ്മയുടെ പണത്തോട് ആര്‍ത്തിയുണ്ടായിരുന്നതു കൊണ്ടുമാത്രം!നമ്മുടെ അനുദിനാവശ്യങ്ങള്‍ക്കു പണം നമുക്കു കൂടിയേ തീരു. എന്നാല്‍, പണമാണു നമ്മുടെ ജീവിതതത്ത്വശാസ്ത്രത്തെ രൂപപ്പെടുത്തുന്നതെങ്കില്‍ നമുക്കതില്‍പ്പരം തെറ്റുപറ്റാനില്ല എന്നതു നാം മറക്കരുത്.

പണത്തിനും ധനത്തിനുമൊക്കെ ഏറെ ഉപരിയായിരിക്കണം നമ്മുടെ കുടുംബബന്ധങ്ങള്‍ക്കും സ്‌നേഹബന്ധങ്ങള്‍ക്കുമുള്ള സ്ഥാനം. എങ്കില്‍ മാത്രമേ നമ്മുടെ ജീവിതം യഥാര്‍ഥത്തില്‍ ആനന്ദപ്രദമാകൂ, അര്‍ഥപൂര്‍ണമാകൂ. പണത്തിനുവേണ്ടി നാം തകര്‍ക്കുന്ന കുടുംബബന്ധങ്ങള്‍ യഥാര്‍ഥത്തില്‍ നമ്മുടെ ജീവിതത്തെത്തന്നെയാണ് തകര്‍ക്കുന്നത് എന്നത് നമ്മുടെ ഓര്‍മയിലുണ്ടാവട്ടെ.
    
To send your comments, please clickhere