Jeevithavijayam
10/29/2020
    
സ്വര്‍ഗവിമാനം കയറുന്നതിന് മുമ്പ്
ഉടലോടെ സ്വര്‍ഗത്തിലേക്കു പോകുവാന്‍ അവസരം കിട്ടിയാല്‍ ആരെങ്കിലും അതു വേണെ്ടന്നുവയ്ക്കുമോ? ഒരിക്കലുമില്ല. എന്നാല്‍, അങ്ങനെ സ്വര്‍ഗത്തില്‍ പോകാന്‍ അവസരം കിട്ടിയിട്ടും അതു വേണെ്ടന്നുവച്ച ഒരാളുടെ കഥ മഹാഭാരതത്തിലുണ്ട്.

പരമദരിദ്രനായ ബ്രാഹ്മണനായിരുന്നു മുല്‍ഗലന്‍. വയലിലും വഴിയിലുമൊക്കെ വീണുകിടക്കുന്ന നെന്മണികള്‍ ശേഖരിച്ചാണ് അദ്ദേഹം തന്റെ ഭാര്യയെയും മക്കളെയും പോറ്റിയിരുന്നത്. കുരുക്ഷേത്രത്തില്‍ ജീവിച്ചിരുന്ന മുല്‍ഗലന് അതിഥികളും കുറവല്ലായിരുന്നു. തന്മൂലം, വളരെ വിരളമായി മാത്രമേ അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നുള്ളൂ.

ദരിദ്രനായിരുന്നെങ്കിലും ദാനശീലനായിരുന്ന മുല്‍ഗലനെക്കുറിച്ച് ദുര്‍വാസാവ് മഹര്‍ഷി കേള്‍ക്കാനിടയായി. അയാളെ ശരിക്കും ഒന്നു പരീക്ഷിച്ചുകളയാം എന്നുകരുതി ദുര്‍വാസാവ് ഒരുദിവസം മുല്‍ഗലന്റെ വീട്ടിലെത്തി. താന്‍ നല്ല വിശപ്പോടെയാണു വന്നിരിക്കുന്നതെന്നും തനിക്കു വയറുനിറയെ ആഹാരം വേണമെന്നും മഹര്‍ഷി പറഞ്ഞു.

മുല്‍ഗലന്‍ തന്റെ വീട്ടില്‍ ബാക്കിയുണ്ടായിരുന്ന അരി മുഴുവനും ചോറുവച്ചു മഹര്‍ഷിക്കു നല്‍കി. മഹര്‍ഷിയാകട്ടെ വയറുനിറയെ ഭക്ഷിച്ചതിനുശേഷം ബാക്കിയുണ്ടായിരുന്ന ഭക്ഷണം മുഴുവനുമെടുത്തു തന്റെ വയറിലും ദേഹത്തും പുരട്ടി നശിപ്പിച്ചുകളഞ്ഞു.

ദിഗംബരനും മുന്‍കോപിയെന്ന് അറിയപ്പെടുന്നവനുമായ മഹര്‍ഷിയുടെ ഈ നടപടി കണ്ടിട്ട് മുല്‍ഗലന് അത്ര വിസ്മയം തോന്നിയില്ല. തന്മൂലം, അദ്ദേഹം മിണ്ടാതെനിന്നു.

ഭക്ഷണം കഴിച്ചശേഷം അന്നു പോയ മഹര്‍ഷി വീണ്ടും ആഴ്ചയിലൊന്നുവച്ച് ആറുതവണകൂടി മുല്‍ഗലന്റെ വീട്ടില്‍ ആഹാരം കഴിക്കാനെത്തി. അപ്പോഴൊക്കെ സ്വയം പട്ടിണികിടന്നുകൊണ്ടുതന്നെ മുല്‍ഗലന്‍ മഹര്‍ഷിയെ ബഹുമാനിച്ചിരുത്തി ഭക്ഷണം നല്‍കി.

മുല്‍ഗലന്റെ ദാരിദ്ര്യവും ആ ദാരിദ്ര്യത്തിനിടയില്‍പ്പോലുമുള്ള അദ്ദേഹത്തിന്റെ ദാനശീലവും കണ്ട മഹര്‍ഷി മുല്‍ഗലനോടു പറഞ്ഞു: ''ധര്‍മം, ധൈര്യം എന്നിവയൊക്കെ നശിപ്പിക്കുന്ന ഒന്നാണ് വിശപ്പ്. അങ്ങ് എന്നെ പോറ്റാന്‍വേണ്ടി നിരവധിദിവസം പട്ടിണികിടന്നിട്ടും അങ്ങയുടെ ധര്‍മമോ ധൈര്യമോ നഷ്ടപ്പെട്ടില്ല! തന്മൂലം, ഞാനങ്ങയെ 'ഉടലോടെ സ്വര്‍ഗത്തിലെത്തട്ടെ' എന്നനുഗ്രഹിക്കുന്നു.'

ദുര്‍വാസാവ് മഹര്‍ഷി ഇത്രയും പറഞ്ഞപ്പോഴേക്കും ഒരു ദേവദൂതന്‍ വിമാനവുമായി പറന്നെത്തി. ''വരൂ, സ്വര്‍ഗത്തിലേക്കുള്ള വിമാനത്തില്‍ കയറിയാലും,'' ദേവദൂതന്‍ മുല്‍ഗലനോടു പറഞ്ഞു.

മുല്‍ഗലന്‍ വിമാനത്തിലേക്ക് ഉടനേ ചാടിക്കയറുമെന്നാണു ദേവദൂതന്‍ കരുതിയത്. പക്ഷേ, ആ ബ്രാഹ്മണന്‍ അങ്ങനെ ചെയ്തില്ല. വിമാനത്തില്‍ കയറുന്നതിനുമുമ്പ് തന്നെ കൊണ്ടുപോകുന്നത് ഏതു സ്വര്‍ഗത്തിലേക്കാണെന്നും അവിടത്തെ സ്ഥിതിഗതികള്‍ എങ്ങനെയാണെന്ന് അറിയണമെന്നും മുല്‍ഗലന്‍ ശഠിച്ചു.

ഹൈന്ദവപുരാണമനുസരിച്ച് സ്വര്‍ഗങ്ങള്‍ പലതുണ്ട്. അതുപോലെ, ഈ സ്വര്‍ഗങ്ങള്‍ തമ്മില്‍ കാതലായ വ്യത്യാസങ്ങളുമുണ്ട്. ഹൈന്ദവപുരാണത്തില്‍ സ്വര്‍ഗമെന്ന വാക്കുകൊണ്ട് സാധാരണയായി വിവക്ഷിക്കുന്നത് ദേവേന്ദ്രനും ദേവന്മാരുമൊക്കെ വസിക്കുന്ന ദേവലോകമാണ്. ദേവലോകമെന്ന സ്വര്‍ഗത്തില്‍ എത്തിപ്പെട്ടാല്‍ അവിടെ നിത്യമായ കാലത്തോളം വസിക്കാനാവില്ലത്രേ. ഒരാള്‍ എത്രമാത്രം നന്മ ചെയ്തിട്ടുണേ്ടാ അതിന്റെ ഫലം അനുഭവിച്ചുതീരുമ്പോള്‍ അയാള്‍ പിന്നെ സ്വര്‍ഗത്തില്‍നിന്നു ഭൂമിയിലേക്കു പതിക്കും.


ദേവദൂതന്‍ ഇക്കാര്യങ്ങളൊക്കെ മുല്‍ഗലനോടു വിശദീകരിച്ചപ്പോള്‍ നിത്യമല്ലാത്ത ഒരു സ്വര്‍ഗത്തിലേക്കും പോകേണ്ട എന്ന തീരുമാനത്തില്‍ മുല്‍ഗലന്‍ എത്തി. ദേവലോകത്തെ സൗഭാഗ്യം ആയിരം വര്‍ഷം നീണ്ടുനിന്നാല്‍പോലും നിത്യതയോടു തുലനം ചെയ്യുമ്പോള്‍ അത് ഒന്നുമല്ലെന്നായിരുന്നു മുല്‍ഗലന്റെ വീക്ഷണം.

നിത്യമായി നീണ്ടുനില്‍ക്കുന്ന സ്വര്‍ഗത്തിലേക്കുള്ള വിമാനമായിരുന്നില്ല അന്നു മുല്‍ഗലനെ കൊണ്ടുപോകാന്‍ എത്തിയത്. തന്മൂലം, മുല്‍ഗലന്‍ ആ വിമാനത്തില്‍ കയറിയില്ല. ജീവിതത്തില്‍ പിന്നീടു കഷ്ടപ്പെടേണ്ടിവന്നാല്‍പോലും നിത്യമായ സ്വര്‍ഗത്തിലേക്കുള്ള വിമാനം എത്തുന്നതുവരെ താന്‍ കാത്തിരുന്നുകൊള്ളാം എന്നാണ് മുല്‍ഗലന്‍ അന്നു ദേവദൂതനോടു പറഞ്ഞത്!

ആയിരക്കണക്കിനു വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു സ്വര്‍ഗത്തിലേക്കു പോകുവാന്‍ കിട്ടിയ അവസരം വേണെ്ടന്നുവച്ച മുല്‍ഗലനെവിടെ, നിമിഷങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന 'സ്വര്‍ഗ'ങ്ങളിലേക്കു കടന്നുചെല്ലാന്‍ പലപ്പോഴും വെമ്പല്‍കൊള്ളുന്ന നമ്മളെവിടെ? മുല്‍ഗലന്‍ ദേവലോകമാകുന്ന സ്വര്‍ഗത്തിലേക്കു പോയിരുന്നെങ്കില്‍പോലും നിത്യമായ സ്വര്‍ഗത്തിലെത്തുന്നതിന് അതു തടസമാവില്ലായിരുന്നു. എന്നാല്‍ പലപ്പോഴും നാം കടന്നുചെല്ലാന്‍ വെമ്പല്‍കൊള്ളുന്ന 'സ്വര്‍ഗം' നമുക്കു നിത്യമായ സ്വര്‍ഗം നഷ്ടപ്പെടുത്താനിടയുള്ളതാണ്. എന്നിട്ടുപോലും നാം അതു ഗൗനിക്കാതെ പണവും സ്ഥാനമാനങ്ങളും മറ്റു ജീവിതസുഖങ്ങളുമൊക്കെ നേടിത്തരുന്ന അത്തരം സ്വര്‍ഗങ്ങളിലേക്കു കടന്നുചെല്ലാന്‍ തിടുക്കം കൂട്ടുന്നു!

കുറെ കാത്തിരിപ്പും കഷ്ടപ്പാടുമൊക്കെ വേണ്ടിവന്നാല്‍പോലും ദൈവത്തോടൊപ്പം ഒത്തുചേരാന്‍ സാധിക്കുന്ന നിത്യമായ സ്വര്‍ഗത്തെക്കുറിച്ചായിരുന്നു മുല്‍ഗലന്റെ ചിന്ത മുഴുവനും. മുല്‍ഗലന് അങ്ങനെയുള്ള സ്വര്‍ഗത്തില്‍ പിന്നീട് എത്തിച്ചേരാനും സാധിച്ചു.

ദൈവത്തോടൊപ്പം നിത്യമായി വസിക്കാന്‍ സാധിക്കുന്ന സ്വര്‍ഗം നേടുന്നതിലായിരിക്കട്ടെ നമ്മുടെ ശ്രദ്ധ. എളുപ്പവഴിയില്‍ പെട്ടെന്നു നേടാവുന്ന 'സ്വര്‍ഗ'ങ്ങള്‍ പലതും നാം കണെ്ടന്നിരിക്കും. അങ്ങനെയുള്ള സ്വര്‍ഗത്തിലേക്കു വിമാനം കയറിയാല്‍ അതു നമ്മുടെ നിത്യസൗഭാഗ്യം നഷ്ടപ്പെടുത്തിക്കളയുമെന്നതു മറക്കേണ്ട.

ഉടലോടെ നമ്മെ സ്വര്‍ഗത്തിലെത്തിക്കുവാന്‍ തയാറായി നില്‍ക്കുന്ന പലതരം വിമാനങ്ങള്‍ നാം കണേ്ടക്കാം. എന്നാല്‍, നിത്യമായി നീണ്ടുനില്‍ക്കുന്ന സ്വര്‍ഗത്തിലേക്കുള്ള വിമാനങ്ങളാണോ അവ എന്ന് അന്വേഷിച്ചുറപ്പിച്ചതിനുശേഷമേ അവയില്‍ കയറാവൂ.
    
To send your comments, please clickhere