Jeevithavijayam
7/30/2021
    
അവിടുത്തെ ശക്തിയില്‍ ജയം
വിളഞ്ഞു പാകമായ മണികള്‍ നിറഞ്ഞ ഗോതമ്പുകറ്റകള്‍. ചെറുപ്പക്കാരനായ ഗീദിയോന്‍ അവ ഓരോന്നായി എടുത്തു വീഞ്ഞുചക്കിലടിച്ചു ഗോതമ്പുമണികള്‍ ശേഖരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് ഗീദിയോനോടു പറഞ്ഞത്: ''നീ പോയി നിന്റെ ജനമായ ഇസ്രയേലിനെ മീദിയന്‍കാരില്‍നിന്നു രക്ഷിക്കുക.'

ദൈവദൂതന്റെ സ്വരംകേട്ടു ഭയന്നുവിറച്ച ഗീദിയോന്‍ പറഞ്ഞു: ''ഞാനോ? ഞാന്‍ എങ്ങനെയാണ് ഇസ്രയേല്‍ ജനത്തെ രക്ഷിക്കുക? ഞാനാണെങ്കില്‍ എന്റെ കുടുംബത്തിലെതന്നെ ഏറ്റവും അശുവാണല്ലോ.'

അപ്പോള്‍ ദൈവദൂതനിലൂടെ ദൈവം പറഞ്ഞു: ''ഞാന്‍ നിന്നോടുകൂടി ഉണ്ടായിരിക്കും. നീ പോയി മീദിയന്‍കാരെ പരാജയപ്പെടുത്തുക.'

ദൈവമാണോ തന്നോടു സംസാരിക്കുന്നത്?. ഗീദിയോനു തീര്‍ച്ചപോരാ. അതുകൊണ്ട് അയാള്‍ പറഞ്ഞു: ''എന്നോടു ദയയുണ്ടായി എനിക്ക് അങ്ങ് ഒരു അടയാളം തരണം. അങ്ങ് ഇവിടെനിന്നു പോകാതെ നില്‍ക്കണം. ഞാന്‍ പോയി അങ്ങേയ്ക്ക് ഒരു കാഴ്ച കൊണ്ടുവരട്ടെ.'

ദൈവദൂതന് സ്വീകാര്യമായിരുന്നു ആ നിര്‍ദേശം. ഗീദിയോന്‍ ഉടനേ പോയി ഒരു ആട്ടിന്‍കുട്ടിയെ അറത്തുതയാറാക്കി. അതോടൊപ്പം പുളിപ്പില്ലാത്ത അപ്പവുമായി മടങ്ങിയെത്തി. അപ്പോള്‍ ദൈവദൂതന്‍ പറഞ്ഞു: 'ആട്ടിന്‍കുട്ടിയുടെ മാംസവും അപ്പവും അടുത്തുകാണുന്ന പാറയുടെ മുകളില്‍വയ്ക്കുക.'

ഗീദിയോന്‍ ആട്ടിന്‍കുട്ടിയുടെ മാംസവും അപ്പവും പാറയുടെ മുകളില്‍വച്ചു. ഉടനേ പാറയില്‍നിന്ന് തീ ഉയര്‍ന്ന് അവയെ ദഹിപ്പിച്ചു. ആ കാഴ്ച കണ്ടപ്പോള്‍ ദൈവംതന്നെയാണ് ദൈവദൂതനിലൂടെ തന്നോടു സംസാരിച്ചതെന്നു ഗീദിയോനു ബോധ്യമായി. മീദിയന്‍കാരോട് ഏറ്റുമുട്ടാനായി ഗീദിയോന്‍ ഇസ്രയേല്‍ ജനതയില്‍നിന്നു പതിനായിരക്കണക്കിന് പോരാളികളെ സംഘടിപ്പിച്ചു.

പക്ഷേ, യുദ്ധത്തിനുള്ള ഒരുക്കം പൂര്‍ത്തിയായപ്പോള്‍ ഗീദിയോനു വീണ്ടും സംശയം. അതുകൊണ്ട് ഗീദിയോന്‍ ദൈവത്തോടു വീണ്ടും രണ്ട് അടയാളം കൂടി ചോദിച്ചു. രണ്ട് അടയാളങ്ങളും ദൈവം നല്‍കി. ആ ധൈര്യത്തില്‍ ഗീദിയോന്‍ പടയാളികളെയും കൊണ്ട് മീദിയന്‍കാരുടെ താവളത്തിലേക്ക് നീങ്ങി. അപ്പോള്‍ ദൈവം ഗീദിയോനോടു പറഞ്ഞു: ''നിനക്ക് ആവശ്യത്തില്‍ക്കൂടുതല്‍ പടയാളികളുണ്ട്. കാരണം, ഞാനാണ് നിനക്കുവേണ്ടി യുദ്ധം ജയിക്കാന്‍ പോകുന്നത്. അതുകൊണ്ട് ഏതെങ്കിലും രീതിയില്‍ ഭയമുള്ള പടയാളികളോടു പിന്മാറാന്‍ പറയൂ.'

ഗീദിയോന്‍ ഭീരുക്കളായ ഇരുപത്തിരണ്ടായിരം പടയാളികളെ അവരുടെ വീടുകളിലേക്ക് പറഞ്ഞയച്ചു. പക്ഷേ, അപ്പോഴും പതിനായിരം പടയാളികള്‍ ഗീദിയോനോടൊപ്പം യുദ്ധത്തിന് നില്‍പ്പുണ്ടായിരുന്നു.

ദൈവം പറഞ്ഞു: 'ഇപ്പോഴും ആവശ്യത്തിലേറെ പടയാളികള്‍ നിനക്കുണ്ട്.' പിന്നീട് ദൈവം നല്‍കിയ കല്പനയനുസരിച്ച് മുന്നൂറു പടയാളികളെ മാത്രം നിര്‍ത്തിയിട്ട് ബാക്കിയുള്ളവരെയെല്ലാം ഗീദിയോന്‍ അവരവരുടെ ഭവനങ്ങളിലേക്ക് പറഞ്ഞയച്ചു.

അവസാനം വെറും മുന്നൂറുപടയാളികളെയും കൊണ്ടാണു പതിനായിരക്കണക്കിന് പടിയാളികളുള്ള ശത്രുതാവളത്തിലേക്ക് ഗീദിയോന്‍ പോയത്. ദൈവം തന്റെ കൂടെയുണെ്ടന്ന വിശ്വാസംമാത്രമായിരുന്നു ഗീദിയോന്റെ ബലം.


ദൈവത്തിലാശ്രയിച്ച്, അവിടുന്നു നല്‍കിയ നിര്‍ദേശമനുസരിച്ച് ഗീദിയോനും പോരാളികളും യുദ്ധം ചെയ്തു. നിമിഷങ്ങള്‍കൊണ്ട് മീദിയന്‍കാരെയും അവരുടെ കൂട്ടാളികളെയും പരാജയപ്പെടുത്താന്‍ ഗീദിയോനും കൂട്ടര്‍ക്കും സാധിച്ചു.

ഗീദിയോന്റെ ഈ കഥ ബൈബിളില്‍ നാം വായിക്കുമ്പോള്‍ അവിശ്വസനീയം എന്നു നാം പറഞ്ഞേക്കാം. എന്നാല്‍, ദൈവത്തിലും അവിടുത്തെ ശക്തിയിലും വിശ്വാസമര്‍പ്പിക്കുന്നവര്‍ക്ക് ഈ കഥ ഏറെ പ്രോത്സാഹജനകമാണ്.

ഗീദിയോന്‍ തന്റെയും തന്റെ പോരാളികളുടെയും ശക്തിയിലാശ്രയിച്ചുകൊണ്ടായിരുന്നില്ല യുദ്ധം ചെയ്തത്. ദൈവത്തിന്റെ ശക്തിയില്‍ ആശ്രയിച്ച് ഗീദിയോന്‍ യുദ്ധം ചെയ്തു. അതു ഗീദിയോന്റെ വിജയത്തിനു വഴിതെളിയിക്കുകയും ചെയ്തു.

നാമാരും ഗീദിയോനെപ്പോലെ ഒരു ജനത്തെ മുഴുവന്‍ രക്ഷിക്കാന്‍വേണ്ടി വിളിക്കപ്പെട്ടവരായിരിക്കുകയില്ല. എന്നാല്‍, നമ്മെയും നമ്മുടെ ചുമതലയില്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നവരെയും രക്ഷിക്കാനുള്ള കടമ ദൈവം നമ്മെ ഏല്‍പ്പിച്ചിട്ടുണെ്ടന്നു നാം മറക്കേണ്ട.

ഒരുപക്ഷേ, നാമിപ്പോള്‍ സ്വന്തം ശക്തിയിലും സാമര്‍ഥ്യത്തിലും ആശ്രയിച്ചുകൊണ്ടായിരിക്കാം നമ്മെയും നമ്മുടെ ചുമതലയില്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നവരെയും രക്ഷിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, നമ്മുടെ ശക്തിയിലും സാമര്‍ഥ്യത്തിലും ഏറെയായി ദൈവത്തിലും അവിടുത്തെ ശക്തിയിലും ആശ്രയിച്ചാല്‍ കാര്യങ്ങള്‍ നൂറുമടങ്ങ് മെച്ചപ്പെടും.

നമ്മുടെ അനുദിന ജീവിതം പലപ്പോഴും ഒരു മിനി യുദ്ധംപോലെയാണ്. എന്തെല്ലാം പ്രതിസന്ധികളും പ്രതിബന്ധങ്ങളുമാണ് നമുക്ക് അനുദിനം നേരിടേണ്ടിവരുന്നത്. ഈ ദുര്‍ഘട അവസരങ്ങളിലൊക്കെ നമ്മുടെ ശക്തിയില്‍ മാത്രം ആശ്രയിച്ചുകൊണ്ടു മുന്നോട്ടുപോയാല്‍ പലപ്പോഴും പരാജയമായിരിക്കും ഫലം. എന്നാല്‍, നമ്മുടെ സഹായത്തിനു ദൈവം നമ്മോടുകൂടെയുണ്ട് എന്ന പൂര്‍ണ വിശ്വാസത്തോടെ അവിടുന്നില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ നേരിട്ടാല്‍ ഗീദിയോനെപ്പോലെ നാമും വിജയശ്രീലാളിതരാകും.

ഗീദിയോന്റെ മുമ്പില്‍ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് ദൈവത്തിന്റെ ശക്തിയും സാന്നിധ്യവും വാഗ്ദാനം ചെയ്തതുകൊണ്ട് ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ ഗീദിയോന് എളുപ്പം സാധിച്ചു എന്നതു ശരിയാണ്. എന്നാല്‍, ദൈവത്തിന്റെ ശക്തിയും അവിടുത്തെ സാന്നിധ്യവും എപ്പോഴും നമ്മോടുകൂടെയുണ്ടായിരിക്കുമെന്നു നമ്മോടു വാഗ്ദാനം ചെയ്തിരിക്കുന്നത് ഒരു ദൈവദൂതനല്ല, പ്രത്യുത അവിടുത്തെ പുത്രനായ യേശുനാഥന്‍ തന്നെയാണ്.

ജീവിതത്തിലെ ഏതു വിപത്‌സന്ധിയിലും സഹായിക്കാന്‍ ദൈവം നമ്മോടൊപ്പമുണ്ട് എന്നത് എപ്പോഴും നമുക്ക് ഓര്‍മിക്കാം. അതുപോലെ, ജീവിതത്തിലെ ഓരോ നിമിഷവും നമ്മുടെ ശക്തിയിലെന്നതിനേക്കാളേറെ അവിടുത്തെ ശക്തിയില്‍ ആശ്രയിച്ച് മുന്നോട്ടുപോകാന്‍ ശ്രമിക്കാം. അപ്പോള്‍ ഏതു ശത്രുവിനെയും നേരിടുന്നതില്‍ നാം വിജയിക്കും. നമ്മുടെ ജീവിതം സന്തോഷപൂര്‍ണമാവുകയും ചെയ്യും.
    
To send your comments, please clickhere