Jeevithavijayam
9/11/2021
    
മനുഷ്യത്വം വിജയിക്കാൻ
വിയറ്റ്നാംകാരനായ ഒരു ബുദ്ധസന്യാസിയാണ് തിച്ച്ഹാൻ. അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരത്തിൽ അദ്ദേഹം ഒരിക്കൽ ഒരു സമാധാനധ്യാനം നടത്തി. വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള മുൻ അമേരിക്കൻ പട്ടാളക്കാരായിരുന്നു ആ ധ്യാനത്തിലേക്കു ക്ഷണിക്കപ്പെട്ടിരുന്നത്.

കുറ്റബോധംമൂലം മനസ്‌സമാധാനം നഷടപ്പെട്ടവരായിരുന്നു അവരിൽ ഏറിയപങ്കും. ധ്യാനത്തിനിടയിൽ യുദ്ധകാല അനുഭവങ്ങൾ പരസ്പരം പങ്കുവയ്ക്കാനും ചർച്ചചെയ്യാനും അവർക്ക് അവസരം ലഭിക്കുകയുണ്ടായി. ഹൃദയംതുറന്നുള്ള അവരുടെ പങ്കുവയ്ക്കലിനിടയിൽ അമേരിക്കൻ പടയാളികൾ വിയറ്റ്നാമിൽ കാട്ടിക്കൂട്ടിയ കൊടുംക്രൂരതയുടെ ഒട്ടേറെ കഥകൾ പുറത്തുവരികയുണ്ടായി.

ആ കഥകളിലൊന്ന്, പണത്തിനുവേണ്ടി പടയാളികൾ പരസ്പരം മത്സരിച്ച് വിയറ്റ്നാംകാരെ വെടിവച്ചു കൊന്നിരുന്ന സംഭവപരന്പരയായിരുന്നു. എല്ലാ ദിവസവും രാവിലെ കുറെ അമേരിക്കൻ പടയാളികൾ ഒരുമിച്ചുകൂടി ഓരോരുത്തരും കുറെ പണംവീതം ഒരു മിഠായിഭരണിയിലിടും. എന്നിട്ട് അന്നു വൈകുന്നേരം ആളുകളെ കൊന്ന കണക്കെടുക്കുന്പോൾ ഏറ്റവും കൂടുതൽ ആളുകളെ കാലപുരിക്കയച്ച ആളിന് ആ പണം മുഴുവൻ ലഭിക്കുമായിരുന്നു. പൈശാചികമായ ഈ പ്രവൃത്തി അവർ നിരവധി തവണ ചെയ്തതായി ധ്യാനത്തിൽ പങ്കെടുത്ത ഒരാൾ കണ്ണീരോടുകൂടി ഏറ്റുപറയുകയുണ്ടായി.

ഈ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്ന പടയാളികൾ വെറുതേ പണം സന്പാദിക്കുന്നതിനുവേണ്ടിയായിരുന്നില്ല ഈ ഹീനകൃത്യം ചെയ്തിരുന്നത്. അവർക്കിതു വലിയ ഒരു തമാശയായിരുന്നു. കൊല്ലുന്ന കാര്യത്തിൽപ്പോലും നീയോ ഞാനോ കേമൻ എന്നു തെളിയിക്കാൻ വേണ്ടിയുള്ള ഒരു ക്രൂരവിനോദം!

ഇക്കഥ കേൾക്കുന്പോൾ മനുഷ്യർ മറ്റു മനുഷ്യരോട് ഇത്രമാത്രം ക്രൂരമായി പെരുമാറുമോ എന്നു നാം സംശയിച്ചേക്കാം. കാരണം, മനുഷ്യത്വമുള്ള മനുഷ്യനു മറ്റൊരു മനുഷ്യനെ ഇത്രമാത്രം ക്രൂരമായി ഉപദ്രവിക്കാൻ സാധിക്കുകയില്ലെന്നതാണു വസ്തുത. എന്നാൽ മനുഷ്യത്വം നഷ്ടപ്പെട്ട മനുഷ്യർ എല്ലാ ദേശങ്ങളിലുമുണ്ട് എന്നു സമ്മതിക്കാതിരിക്കാനാവില്ല. നമ്മുടെ നാട്ടിൽപ്പോലും മനുഷ്യത്വമില്ലാതെ പ്രവർത്തിക്കുന്നവർ എത്രയോ അധികമാണ്!

ഒരുപക്ഷേ, നമ്മിൽ പലരും മറ്റു മനുഷ്യരുടെ ക്രൂരതയ്ക്ക് ഇരയായ വ്യക്തികളായിരിക്കാം. അതുപോലെതന്നെ, നമ്മിൽ ചിലരെങ്കിലും മറ്റുള്ളവരോടു കണ്ണിൽച്ചോരയില്ലാതെ പെരുമാറിയിട്ടുണ്ടാവാനാണ് സാധ്യത. വിയറ്റ്നാമിലെ സാധുമനുഷ്യരെ അമേരിക്കൻ പടയാളികൾ വെറുതെ വെടിവച്ചുകൊന്നതുപോലെയുള്ള ക്രൂരത മറ്റു മനുഷ്യരോടു നാം ഒരിക്കലും ചെയ്യുകയില്ലെന്നതു ശരിതന്നെ. എന്നിരുന്നാലും മനുഷ്യത്വമില്ലാത്ത പ്രവൃത്തികൾ ചെയ്യുന്നതിൽ നമ്മിൽ പലരും അത്രയേറെ പിന്നിലല്ലെന്നതാണു യാഥാർഥ്യം. നമ്മുടെ നാട്ടിൽ നടക്കുന്ന അക്രമവും അനീതിയും കാണുന്പോൾ നമ്മുടെയിടയിലും മനുഷ്യത്വം നഷ്ടപ്പെട്ടവർ ഉണ്ടെന്നാണല്ലോ അതു വ്യക്തമാക്കുന്നത്.

ലോസ് ആഞ്ചലസിലെ സമാധാനധ്യാനത്തിനിടയിൽ കൊടുംക്രൂരതയുടെ കഥ ഒരാൾ ഏറ്റുപറഞ്ഞപ്പോൾ മറ്റൊരാൾക്കു പറയാനുണ്ടായിരുന്നത് ഒരു മാനസാന്തരത്തിന്‍റെ കഥയായിരുന്നു. അക്കഥപറഞ്ഞയാൾ വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുക്കുന്പോൾ ചെറുപ്പക്കാരനായ ഒരു വിയറ്റ്നാം പടയാളിയെ തടവുകാരനായി പിടികൂടുകയുണ്ടായി.

താൻ പിടികൂടിയ വിയറ്റ്നാംകാരന്‍റെ നേരേ തോക്കിന്‍റെ കാഞ്ചിവലിക്കാൻ അയാൾ മുതിരുന്പോൾ തടവുകാരൻ ഇരുകൈകളും തലയ്ക്കുമുകളിൽവച്ച് മുട്ടിേ·ൽനിന്നുകൊണ്ട് തന്നോടു ദയ കാണിക്കണമേ എന്നു യാചിച്ചു. അപ്പോൾ ഒരു ദ്വിഭാഷിയുടെ സഹായത്തോടെ അമേരിക്കൻ പടയാളി ചോദിച്ചു: ന്ധന്ധനിനക്ക് എത്ര വയസുണ്ട്?’’ തടവുകാരൻ പറഞ്ഞു: "എനിക്ക് പത്തൊന്പതു വയസായി.’’

അപ്പോൾ അമേരിക്കൻ പടയാളി പറഞ്ഞു: "എനിക്കും പത്തൊന്പതു വയസുണ്ട്.’’ അതിനുശേഷം പടയാളി ചോദിച്ചു: ന്ധന്ധനീ എന്തു ചെയ്യുന്നു?’’ ഉടനെ തടവുകാരൻ പറഞ്ഞു: "ഞാനൊരു വിദ്യാർഥിയാണ്.’’ അപ്പോൾ പടയാളി പറഞ്ഞു:'ഞാനും ഒരു വിദ്യാർഥിതന്നെ.’’

അല്പനിമിഷത്തെ മൗനത്തിനുശേഷം പടയാളി ചോദിച്ചു: "നിന്‍റെ മാതാപിതാക്കൾ എവിടെ?’’ തടവുകാരൻ പറഞ്ഞു: "ഞാൻ മടങ്ങിച്ചെല്ലുന്നതുംനോക്കി അവർ വീട്ടിൽ കാത്തിരിക്കുന്നു.’’ അപ്പോൾ പടയാളി പറഞ്ഞു: "എന്‍റെ മാതാപിതാക്കളും ഞാൻ മടങ്ങിച്ചെല്ലുന്നതും നോക്കി വീട്ടിൽ കാത്തിരിക്കുന്നു.’’

ഇത്രയും പറഞ്ഞതിനുശേഷം അയാൾ തന്‍റെ ബാഗിൽനിന്ന് ഒരു ടിൻ ഭക്ഷണസാധനമെടുത്തു തടവുകാരനു കൊടുത്തുകൊണ്ട് അവനെ സ്വതന്ത്രനാക്കി. അപ്പോൾ ആ ചെറുപ്പക്കാരൻ തന്‍റെ ജീവനുംകൊണ്ട് ഓടിമറഞ്ഞു. അല്പസമയത്തിനുശേഷം ആ ചെറുപ്പക്കാരൻ തിരികെവന്ന് അമേരിക്കൻ പടയാളിയുടെ മുന്പിൽ തലകുനിച്ചു നന്ദി പറഞ്ഞിട്ടു വീണ്ടും കാട്ടിനുള്ളിൽ അപ്രത്യക്ഷനായി.

ആ സംഭവത്തിനുശേഷം താൻ എന്നും തോക്കു താഴേക്കു തൂക്കിയിട്ടുകൊണ്ടാണ് വിയറ്റ്നാമിലൂടെ നടന്നിരുന്നത് എന്ന് ഈ കഥ പറഞ്ഞ അമേരിക്കൻ പട്ടാളക്കാരൻ ധ്യാനസമയത്തു സാക്ഷ്യപ്പെടുത്തുകയുണ്ടായി.

യുദ്ധമുന്നണിയിൽവച്ചുപോലും മനുഷ്യത്വം നഷ്ടപ്പെടാതെ പ്രവർത്തിക്കുവാൻ ഈ അമേരിക്കൻ പടയാളിക്കു കഴിഞ്ഞു. അതിന് അയാളെ സഹായിച്ചത് താൻ ശത്രുവെന്നു കരുതിയ വ്യക്തി തന്നെപ്പോലെയൊരു മനുഷ്യനാണെന്ന് അയാൾക്കുണ്ടായ ബോധ്യമായിരുന്നു. തന്‍റെ മുന്പിൽനിന്നു ദയയ്ക്കായി യാചിച്ച വിയറ്റ്നാംകാരൻ തന്നെപ്പോലെ ചെറുപ്പമാണെന്നും സ്വപ്നങ്ങൾ ഉള്ളവനാണെന്നും അമേരിക്കൻ പടയാളിക്കു മനസിലായി. പെട്ടെന്ന് അയാളിലെ മനുഷ്യത്വം ഉണർന്നു. ശത്രുഗണത്തിൽപ്പെട്ടയാളായിട്ടുപോലും ആ വിയറ്റ്നാംകാരനോടു കാരുണ്യപൂർവം അയാൾ പെരുമാറി.

അയാളിലെ മനുഷ്യത്വത്തിന്‍റെ വിജയമായിരുന്നു അപ്പോളവിടെ സംഭവിച്ചത്. മറ്റുള്ളവരും നമ്മെപ്പോലെ മനുഷ്യരാണെന്നും ജീവിതത്തിൽ നാം പ്രതീക്ഷിക്കുന്ന സ്നേഹവും കാരുണ്യവുമൊക്കെ മറ്റുള്ളവർ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നുണ്ടെന്നും ഓർമിച്ചാൽ നാം ഒരിക്കലും ആരോടും ക്രൂരമായി പെരുമാറുകയില്ല.

പലപ്പോഴും മറ്റുള്ളവരെ മനസിലാക്കുന്നതിൽ നാം പരാജയപ്പെടുന്നതുകൊണ്ടല്ലേ അവരോടു മനുഷ്യത്വപൂർവം പെരുമാറാൻ നമുക്കു സാധിക്കാതെ പോകുന്നത്? നമുക്കു ചുറ്റുമുള്ള എല്ലാവരും നമ്മെപ്പോലെ മനുഷ്യർ തന്നെ. അവരോട് എപ്പോഴും ഹൃദയമുള്ള മനുഷ്യരെപ്പോലെ മനുഷ്യത്വത്തോടെ നമുക്കു പെരുമാറാം. അപ്പോൾ ഒരിക്കലും നാം ആരോടും ക്രൂരമായി പെരുമാറാനിടവരില്ല.
    
To send your comments, please clickhere