Jeevithavijayam
11/26/2021
    
ഒന്നു തള്ളിക്കൊടുക്കുക; അത്രമാത്രം
ന്യൂയോർക്കിലെ ക്വീൻസിലുള്ള ഒരു വീട്ടമ്മയായിരുന്നു ജീൻ നൈഡ്ട്ക്ക്. അന്ന്, 1961ൽ, അവരുടെ തൂക്കം നൂറുകിലോഗ്രാമോളം വരുമായിരുന്നു. അമിതഭാരം മൂലമുണ്ടായ ശാരീരിക ക്ലേശത്തിൽനിന്നും മാനസികവിഷമത്തിൽനിന്നും മോചനം നേടാനായി ജീൻ ന്യൂയോർക്ക് സിറ്റിയുടെ ആരോഗ്യവിഭാഗത്തിലെ ഡോ. നോർമൻ ജോളിഫിനെ സമീപിച്ചു.

ഡോ. ജോളിഫ്, ജീനിനുവേണ്ടി ഒരു ഭക്ഷണക്രമം തയാറാക്കി നൽകി. അതു പ്രാവർത്തികമാക്കിയ ജീൻ രണ്ടുമാസംകൊണ്ട് ഇരുപത്തിയഞ്ചു കിലോ തൂക്കം കുറച്ചു. വീണ്ടും ഇരുപത്തിയഞ്ചു കിലോകൂടി കുറയ്ക്കാനായിരുന്നു അവരുടെ ആഗ്രഹം. എന്നാൽ, തനിയെ ശ്രമിച്ചാൽ അതിനു സാധിക്കില്ലെന്നു ജീൻ മനസിലാക്കി. അങ്ങനെയാണ് അമിതവണ്ണമുണ്ടായിരുന്ന തന്‍റെ ആറു സുഹൃത്തുക്കളെ ജീൻ വിളിച്ചുകൂട്ടിയത്.

അവർ അന്ന് ഒത്തുകൂടി തങ്ങളുടെ അമിതവണ്ണത്തേക്കുറിച്ചു ചർച്ച ചെയ്യുകയും വണ്ണംകുറയ്ക്കുന്നതിനുവേണ്ടി പരസ്പരം സഹായിക്കണമെന്നു തീരുമാനിക്കുകയും ചെയ്തു.

അങ്ങനെ ജീൻ തുടങ്ങിയ ഈ സംരംഭമാണ് വെയ്റ്റ് വാച്ചേഴ്സ് എന്ന പേരിലുള്ള സംഘടനയായി ലോകമെങ്ങും ഇന്ന് അറിയപ്പെടുന്നത്. ഇപ്പോൾ മുപ്പതു രാജ്യങ്ങളിലായി പത്തുലക്ഷം അംഗങ്ങൾ ഈ സംഘടനയുടെ തണലിൽ തങ്ങളുടെ ശരീരത്തിന്‍റെ അമിതഭാരം കുറയ്ക്കാൻ പരിശ്രമിക്കുന്നു.

വണ്ണം കുറയ്ക്കുന്നതിനു നല്ലൊരു ഭക്ഷണക്രമം തയാറാക്കിയതുകൊണ്ടു മാത്രം കാര്യമായില്ലെന്നു ജീൻ ആദ്യമേ മനസിലാക്കിയിരുന്നു. ആ ഭക്ഷണക്രമം പാലിക്കാൻ സ്വയം സാധിക്കുകയില്ലെന്നും അതിനു മറ്റുള്ളവരുടെ സഹായവും പ്രോത്സാഹനവും ആവശ്യമാണെന്നും ജീൻ സ്വന്തം അനുഭവത്തിൽനിന്നു മനസിലാക്കി. അങ്ങനെയാണ് വെയ്റ്റ് വാച്ചേഴ്സ് എന്ന സംഘടന സ്ഥാപിക്കാൻ ജീൻ തീരുമാനിച്ചത്.

വെയ്റ്റ് വാച്ചേഴ്സ് എന്ന സംഘടന തുടങ്ങുന്നതിന് തന്നെ പ്രേരിപ്പിച്ച മറ്റൊരനുഭവവും ജീൻ ഒരിടത്തു വിവരിക്കുന്നുണ്ട്:

ജീൻ യുവതിയായിരുന്നപ്പോൾ സ്ഥിരമായി ഒരു പാർക്കിലൂടെ കടന്നുപോകുമായിരുന്നു. അപ്പോൾ, കുട്ടികളെ ഉൗഞ്ഞാലിലിരുത്തിയിട്ട് വർത്തമാനം പറഞ്ഞു രസിക്കുന്ന അമ്മമാരെ കാണാറുണ്ടായിരുന്നു. വർത്തമാനത്തിന്‍റെ രസംകൊണ്ട്, കുട്ടികളെ ഉൗഞ്ഞാലാട്ടുന്ന കാര്യം പലപ്പോഴും അവർ മറന്നുപോയിരുന്നു.

ഉൗഞ്ഞാലിൽ വെറുതെയിരിക്കുന്ന കുട്ടികളെ കാണുകയാണെങ്കിൽ ജീൻ അവരെയൊന്ന് ആട്ടിക്കൊടുത്തിട്ടേ ആ വഴി കടന്നുപോകുമായിരുന്നുള്ളൂ. ഇനി ജീനിന്‍റെ തന്നെ വാക്കുകൾ ശ്രദ്ധിക്കൂ:

ന്ധന്ധഉൗഞ്ഞാലിലിരിക്കുന്ന അവരെ ഞാൻ ഒന്നു തള്ളിക്കൊടുക്കും. അപ്പോൾ അവർ എന്തുചെയ്യുമെന്നറിയാമോ? അവർ സ്വന്തം ശക്തിയുപയോഗിച്ച് സ്വയം ആടാൻ തുടങ്ങും. ഇതാണ് എന്‍റെ ജീവിതത്തിലെ ദൗത്യവും. മറ്റുള്ളവരെ സാവധാനം ഒന്നു തള്ളിക്കൊടുക്കുക; അത്രമാത്രം.’’

ജീവിതത്തിലെ എല്ലാ രംഗങ്ങളിലും നമുക്കു മറ്റുള്ളവരുടെ പ്രോത്സാഹനവും സഹായവും ആവശ്യമുണ്ട്. മറ്റുള്ളവരുടെ അവസരോചിതമായ പ്രോത്സാഹനവും സഹായവും നമുക്കു ലഭിക്കുന്നില്ലെങ്കിൽ നാം പല കാര്യങ്ങളിലും പരാജയപ്പെടുമെന്നതാണ് വസ്തുത. ജീൻ ഇക്കാര്യം നന്നായി മനസിലാക്കിയിരുന്നു. പ്രത്യേകിച്ച്, അമിതമേദസ്‌സു കുറയ്ക്കുന്ന കാര്യത്തിൽ.

ആദ്യം മറ്റുള്ളവരുടെ പ്രോത്സാഹനവും സഹായവും ലഭിച്ചതുകൊണ്ടാണ് ജീനിനു തന്‍റെ ശരീരഭാരം കുറയ്ക്കാൻ സാധിച്ചത്. തന്‍റെ ലക്ഷ്യം നേടിയപ്പോൾ മറ്റുള്ളവരെ സഹായിക്കാൻ അവർ ഇറങ്ങിത്തിരിച്ചു. അങ്ങനെയാണു ലോകവ്യാപകമായി തന്‍റെ സംരംഭത്തെ അവർ വളർത്തിയത്.

എല്ലാ നല്ല കാര്യങ്ങൾക്കും പ്രോത്സാഹനം ആവശ്യമാണ്. എങ്കിൽ മാത്രമേ അവ വിജയത്തിൽ കലാശിക്കൂ. എന്നാൽ, ഏതു നല്ലകാര്യം ചെയ്താലും പലപ്പോഴും നമുക്കു ലഭിക്കുന്നതു വിമർശനവും ആക്ഷേപവും മാത്രമായിരിക്കും. അതുകൊണ്ടുതന്നെ, നമുക്കു വിജയപൂർവം കാര്യങ്ങൾ നിർവഹിക്കാനും സാധിക്കാതെവരുന്നു.

വാട്ടർലൂ യുദ്ധത്തിൽ (1815) നെപ്പോളിയനെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് പട്ടാളമേധാവിയായിരുന്നു ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടണ്‍ (17691852). 1828 മുതൽ 1830 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം തന്‍റെ കീഴിൽ പ്രവർത്തിച്ചിരുന്നവരെയെല്ലാം വരച്ചവരയിൽ നിർത്തിയിരുന്ന പ്രഗല്ഭനായിരുന്നു.

വാർധക്യകാലത്ത് അദ്ദേഹത്തോട് ഒരാൾ ചോദിച്ചു: ന്ധന്ധഒരിക്കൽക്കൂടി ജീവിക്കാൻ താങ്കൾക്ക് അവസരം ലഭിക്കുകയാണെങ്കിൽ എന്തായിരിക്കും വ്യത്യസ്തമായി താങ്കൾ ചെയ്യുക?’’ അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു: ന്ധന്ധഞാൻ മറ്റുള്ളവരെ കൂടുതൽ പ്രോത്സാഹിപ്പിക്കും.’’

സ്വന്തം ആജ്ഞാശക്തികൊണ്ടു മറ്റുള്ളവരെ അനുസരിപ്പിക്കുന്നതിൽ വിജയിച്ചയാളായിരുന്നു ആർതർ വെല്ലസ്ലി എന്ന് യഥാർഥ നാമമുള്ള അദ്ദേഹം. അദ്ദേഹത്തിനു പോലും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകത തന്‍റെ അവസാന കാലഘട്ടത്തിലാണെങ്കിലും ബോധ്യമായി. ആജ്ഞാശക്തികൊണ്ടു കാര്യങ്ങൾ ചെയ്യിക്കാം എന്ന് അനുഭവത്തിൽനിന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാൽ, പ്രോത്സാഹനം വിട്ടുകളയാൻ പാടില്ലായിരുന്നു എന്ന് പിന്നീട് അദ്ദേഹത്തിനു മനസിലായി.

ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടണിന് തന്‍റെ അവസാനകാലത്തുണ്ടായ ഈ ബോധ്യം നമുക്ക് എത്ര നേരത്തേയുണ്ടാകുന്നുവോ അത്രയും നല്ലതാണ്. കാരണം, നമ്മുടെ പ്രോത്സാഹനക്കുറവുകൊണ്ടു മാത്രം എത്രയോ പേരുടെ ജീവിതത്തിലാണ് വളർച്ച മുരടിച്ചുപോകുന്നത്! എന്നാൽ, ആവശ്യനേരത്തു നല്ല ഒരു വാക്കുകൊണ്ടോ അല്ലെങ്കിൽ എന്തെങ്കിലും സഹായം ചെയ്തുകൊണ്ടോ നാം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ അതുവഴി എത്രയോ നേട്ടങ്ങളാണു മറ്റുള്ളവരുടെ ജീവിതത്തിലുണ്ടാകുന്നത്! മറ്റുള്ളവരെ താഴേക്കു വലിച്ചിടാനും അവരെ അടിച്ചിരുത്താനും ആർക്കും സാധിക്കും. എന്നാൽ, മറ്റുള്ളവരെ കൈപിടിച്ചുയർത്താനും അവരെ തോളിൽ തട്ടി പ്രോത്സാഹിപ്പിക്കാനും അവർക്ക് ആവശ്യമായ സഹായം നൽകാനും എല്ലാവർക്കും സാധിക്കില്ല. അതു ഹൃദയമുള്ളവർക്കേ സാധിക്കൂ. നമുക്കു ഹൃദയമുണ്ടെന്നു നമുക്കുതന്നെ ഉറപ്പുവരുത്താം.
    
To send your comments, please clickhere