Jeevithavijayam
5/6/2022
    
നമ്മോടും മറ്റുള്ളവരോടും ദൈവത്തോടും
ഡോ. ഡേവിഡ് ലിവിംഗ്സ്റ്റണ്‍ (181373). സ്‌കോട്‌ലന്‍ഡില്‍ ജനിച്ച അദ്ദേഹത്തിനു ചൈനയില്‍ മിഷണറി പ്രവര്‍ത്തനത്തിനു പോകണമെന്നു വളരെ ആഗ്രഹമുണ്ടായിരുന്നു. അതിനുള്ള ഒരുക്കമായി അദ്ദേഹം ദൈവശാസ്ത്രവും വൈദ്യശാസ്ത്രവും പഠിച്ചു. എന്നാല്‍, 1839ല്‍ ചൈനയും ബ്രിട്ടനും തമ്മിലുള്ള 'ഓപ്പിയം യുദ്ധം' (183942) ആരംഭിച്ചതുമൂലം ലിവിംഗ്സ്റ്റന്റെ ആഗ്രഹം സഫലമായില്ല.

അങ്ങനെയിരിക്കെയാണ് ആഫ്രിക്കയില്‍ മിഷനറി പ്രവര്‍ത്തനത്തിനു പോകാന്‍ അദ്ദേഹത്തിനു ക്ഷണം ലഭിച്ചത്. 1841 മാര്‍ച്ച് 14ന് ആദ്യമായി ആഫ്രിക്കയില്‍ കാലുകുത്തിയ അദ്ദേഹം പ്രേഷിത പ്രവര്‍ത്തനത്തോടൊപ്പം ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് ആഫ്രിക്കയെ ലോകത്തിനു പരിചയപ്പെടുത്താനും തുടങ്ങി. അതിനുള്ള അംഗീകാരമായി ബ്രിട്ടീഷ് റോയല്‍ ജിയോഗ്രഫിക്കല്‍ സൊസൈറ്റിയുടെ സ്വര്‍ണമെഡല്‍ അദ്ദേഹത്തിനു ലഭിച്ചു.

ആഫ്രിക്കയില്‍ തുടര്‍ച്ചയായി പര്യടനം നടത്തിയ ലിവിംഗ്സ്റ്റണ്‍ 1855ല്‍ വിക്‌ടോറിയ വെള്ളച്ചാട്ടം കണ്ടെത്തി. അതേത്തുടര്‍ന്ന് ബ്രിട്ടനില്‍ മടങ്ങിയെത്തിയ അദ്ദേഹത്തിന് രാജകീയസ്വീകരണമാണു ലഭിച്ചത്. ആറുമാസം ബ്രിട്ടനില്‍ ചെലവഴിച്ചതിനുശേഷം അദ്ദേഹം വീണ്ടും ആഫ്രിക്കയിലെത്തി. അധികം വൈകാതെ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. എങ്കിലും അദ്ദേഹം പ്രേക്ഷിത പ്രവര്‍ത്തനവും പര്യവേക്ഷണവും നിറുത്തിയില്ല.

നൈല്‍നദിയുടെ ഉദ്ഭവസ്ഥാനം കണ്ടുപിടിക്കാനുള്ള ശ്രമമാണ് അദ്ദേഹം അവസാനം നടത്തിയത്. ആ ശ്രമം ആരംഭിച്ചതിനുശേഷം അഞ്ചു വര്‍ഷത്തേക്ക് പുറം ലോകത്തിന് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. തന്മൂലം, അദ്ദേഹം മരിച്ചുപോയിട്ടുണ്ടാവും എന്നു പലരും കരുതി.

ഈ സാഹചര്യത്തിലാണ് ലിവിംഗ്സ്റ്റണിനെ കണ്ടുപിടിക്കാനുള്ള ദൗത്യവുമായി പത്രപ്രവര്‍ത്തകനായ ഹെന്റി സ്റ്റാന്‍ലിയെ 'ന്യൂയോര്‍ക്ക് ഹെറള്‍ഡ്' എന്ന പത്രത്തിന്റെ ഉടമയായ ജയിംസ് ഗോള്‍ഡണ്‍ ബെന്നറ്റ് ആഫ്രിക്കയിലേക്ക് അയച്ചത്. ആഫ്രിക്കയിലെത്തിയ സ്റ്റാന്‍ലി, ഏറെനാള്‍ നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കുശേഷം 1871 ഒക്‌ടോബര്‍ 23ന് ഡോ. ലിവിംഗ്സ്റ്റണിനെ കണ്ടെത്തി. പക്ഷേ, അപ്പോഴേക്കും ലിവിംഗ്സ്റ്റണ്‍ ഏറെ ക്ഷീണിതനും രോഗിയുമായിരുന്നു. എങ്കിലും സ്റ്റാന്‍ലിയോടൊപ്പം ഇംഗ്ലണ്ടിലേക്കു മടങ്ങാന്‍ അദ്ദേഹം വിസമ്മതിച്ചു.

ലിവിംഗ്സ്റ്റണിനെ കണ്ടെത്തിയശേഷം അദ്ദേഹത്തിന്റെ കൂടെ താമസിക്കുമ്പോള്‍ സ്റ്റാന്‍ലിയെ ഏറെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ ക്ഷമാശീലമായിരുന്നു. നിരക്ഷരരും അനുസരണശീലമില്ലാത്തവരുമായിരുന്ന ആഫ്രിക്കന്‍ വംശജരോട് അദ്ദേഹം അങ്ങേയറ്റം ക്ഷമാശീലം കാട്ടിയിരുന്നത്രേ.

ആഫ്രിക്കയിലെ ആളുകളെ ഉദ്ധരിക്കുന്നതിന് എന്തു ത്യാഗവും സഹിക്കാന്‍ അദ്ദേഹം തയാറായിരുന്നു. ലിവിംഗ്സ്റ്റണ്‍ ആഫ്രിക്കക്കാരോടു പ്രകടിപ്പിച്ച അസാധാരണമായ ക്ഷമാശീലം കണ്ടതുകൊണ്ടു മാത്രമാണ് സ്റ്റാന്‍ലി ക്രൈസ്തവവിശ്വാസം സ്വീകരിക്കാന്‍ തയാറായതെന്ന് അദ്ദേഹംതന്നെ പിന്നീടു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

എല്ലാക്കാര്യങ്ങളിലും നാം ആഗ്രഹിക്കുന്നതുപോലെ എത്രയും പെട്ടെന്നു നടന്നില്ലെങ്കില്‍ നമുക്കു വല്ലാത്ത അക്ഷമയാണ്. നാം ആഗ്രഹിക്കുന്ന വേഗത്തിലും രീതിയിലും കാര്യങ്ങള്‍ നടക്കാതെ വന്നാല്‍ നാം നമ്മോടും മറ്റുള്ളവരോടുതന്നെയും കോപിച്ചെന്നിരിക്കും. അത്രമാത്രം അസഹിഷ്ണുതയാണു പല കാര്യങ്ങളിലും നാം കാണിക്കുക.

നാം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എത്രയും വേഗത്തില്‍, ആഗ്രഹിക്കുന്നതുപോലെ നടന്നാല്‍ അതു നല്ലകാര്യം തന്നെയാണ്. കാര്യങ്ങള്‍ അങ്ങനെ നടക്കുന്നതിനുവേണ്ടി നാം ആത്മാര്‍ഥമായി പരിശ്രമിക്കുകയും വേണം. എന്നാല്‍, എന്തെങ്കിലും കാര്യത്തില്‍ നമ്മുടെയോ മറ്റുള്ളവരുടെയോ പിടിപ്പുകേടോ ശ്രദ്ധക്കുറവോ മൂലം എന്തെങ്കിലും ന്യൂനതകള്‍ സംഭവിച്ചാല്‍ നാം അതിന്റെ പേരില്‍ അത്രയ്ക്ക് അക്ഷമരാകണോ? ഒരുപക്ഷേ, ദൈവത്തിന്റെ ശക്തിയിലും അനുഗ്രഹത്തിലും ആശ്രയിക്കാതെ നാം നമ്മില്‍ത്തന്നെ വിശ്വാസമര്‍പ്പിക്കുന്നതുകൊണ്ടായിരിക്കുകയില്ലേ കാര്യങ്ങള്‍ ശരിയായി നടക്കാതെ പോകുമ്പോള്‍ നാം തീര്‍ത്തും അക്ഷമരാകുന്നത്?


'ദ നീഡ് ഫോര്‍ പേഷ്യന്‍സ്' എന്ന പേരില്‍ ദൈവശാസ്ത്രജ്ഞന്‍ കോംഗാര്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അതില്‍ പറയുന്നതനുസരിച്ച്, നമുക്ക് ക്ഷമാശീലം ഉണ്ടാകണമെങ്കില്‍, ദൈവമാണു നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് എന്ന ബോധ്യം നമുക്കു വേണം. അതുപോലെ, അവിടുന്നുതന്നെയാണ് തന്റെ പദ്ധതിയനുസരിച്ച് നമ്മുടെ ജീവിതത്തില്‍ വിജയം നേടിത്തരുന്നതെന്ന ബോധ്യവും നമുക്കുണ്ടാകണം. ദൈവത്തിന്റെ പദ്ധതിക്കു നമ്മുടെ ജീവിതത്തില്‍ നാം അല്പംപോലും സ്ഥാനം നല്‍കാത്തതുകൊണ്ടാണ് നാം എപ്പോഴും അക്ഷമരായി പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

കോംഗാര്‍ പറയുന്നതുപോലെ, ദൈവത്തിനു നമ്മുടെ ജീവിതത്തിലുള്ള സ്ഥാനം നാം അംഗീകരിച്ചാല്‍ നമുക്കു ക്ഷമാശീലം സ്വാഭാവികമായും ഉണ്ടാവില്ലേ? ദൈവത്തിന്റെ പദ്ധതിയനുസരിച്ചാണു നമ്മുടെ ജീവിതം ഓരോ നിമിഷവും മുന്നോട്ടു പോകുന്നതെങ്കില്‍ ഓരോ കുറ്റവും കുറവും ഉണ്ടാകുമ്പോഴും നാം അത്രയ്ക്കങ്ങ് അക്ഷമരാകണോ? ഗ്രന്ഥകാരനായ ആര്‍ച്ച്ബിഷപ് തിമോത്തി ഡോളന്‍ പറയുന്നതനുസരിച്ച് നാം ആദ്യം ക്ഷമാശീലം കാണിക്കേണ്ടത് ദൈവത്തോടാണ്. നാം ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ നടക്കാതെവരുമ്പോള്‍ നാം പലപ്പോഴും ദൈവത്തിനെതിരേ മുറുമുറുക്കാന്‍ തുടങ്ങും. നമുക്കു നന്മയായിട്ടുള്ളത് എന്താണെന്നു ദൈവത്തെക്കാളേറെ നമുക്കറിയാമെന്നാണ് പലരുടെയും ചിന്ത. ഇതാല്ലേ പലപ്പോഴും ദൈവത്തോട് അക്ഷമ പ്രകടിപ്പിക്കാന്‍ കാരണം?

എന്നാല്‍, സത്യമെന്താണ്? നമുക്കാവശ്യമായിരിക്കുന്നവ എന്താണെന്നും അവ എപ്പോഴാണ് ആവശ്യമായിരിക്കുന്നതെന്നും നമ്മേക്കാള്‍ അറിയാവുന്നതു ദൈവത്തിനല്ലേ? അങ്ങനെയെങ്കില്‍, നമ്മുടെ ജീവിതത്തിലെ കൊച്ചുകാര്യങ്ങളുള്‍പ്പെടെ എല്ലാം ദൈവത്തിന്റെ പരിപാലനയ്ക്കു വിട്ടുകൊടുക്കുന്നതല്ലേ നമുക്കു നല്ലത്? നമ്മുടെ ജീവിതത്തില്‍ എന്തു ബുദ്ധിമുട്ടുകളുണ്ടായാലും അവയ്ക്കു പരിഹാരം കാണുമ്പോള്‍ ദൈവത്തിന് അവയിലുള്ള സ്ഥാനം ഓര്‍മിച്ചുകൊണ്ടുവേണം നാം അപ്രകാരം ചെയ്യാന്‍.

ആര്‍ച്ച്ബിഷപ്പ് ഡോളന്‍ പറയുന്നതനുസരിച്ച്, നമുക്കു നമ്മോടുതന്നെയും ക്ഷമാശീലം വേണം. നാം അറിയാതെ ഒരു അബദ്ധത്തില്‍ ചാടാനിടയായതുകൊണ്ടോ നമ്മുടെ കഴിവുകേടുകൊണ്ടോ എന്തെങ്കിലും വീഴ്ചയോ പോരായ്മയോ നമുക്കുണ്ടായാല്‍ നാം അപ്പോള്‍ സ്വയം കുറ്റപ്പെടുത്താനും ശാസിക്കാനും തുടങ്ങും. അതിന്റെ അര്‍ഥം നമുക്കു നമ്മോടുതന്നെ അല്പംപോലും ക്ഷമയില്ലെന്നാണെന്ന് ആര്‍ച്ച് ബിഷപ്പ് പറയുന്നു. എന്നാല്‍, സ്വന്തം കുറ്റങ്ങളും കുറവുകളും മനസിലാക്കി നാം പ്രവര്‍ത്തിച്ചാല്‍ നമ്മോടുതന്നെ ക്ഷമ പ്രകടിപ്പിക്കാന്‍ അതു നമ്മെ സഹായിക്കും.

നാം നമ്മോടു ക്ഷമ കാട്ടണമെന്നു പറയുമ്പോള്‍ അതു സ്വയം നീതീകരിക്കലായി തരംതാഴാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ നാം പിന്നീടു കൂടുതല്‍ തെറ്റുകളില്‍ വീഴുമെന്നു തീര്‍ച്ചയാണ്. നമുക്കു വേണ്ടത് നമ്മുടെ കഴിവും കഴിവുകേടും അറിഞ്ഞുകൊണ്ടുള്ള യാഥാര്‍ഥ്യബോധത്തിലധിഷ്ഠിതമായ സമീപനമാണ്. ഒരുപക്ഷേ, നമ്മുടെ ജീവിതത്തില്‍ ക്ഷമാശീലം ഏറ്റവുമധികം വേണ്ടിവരുന്നതു മറ്റുള്ളവരോടായിരിക്കാം. നമ്മുടെ പ്രതീക്ഷയ്‌ക്കൊത്തുയരാതെ മറ്റുള്ളവര്‍ പ്രവര്‍ത്തിക്കുന്നതു കാണുമ്പോള്‍ നമ്മില്‍ ഏറെപ്പേരും അക്ഷമരാകും. അതുപോലെ, നമുക്കെല്ലാം അറിയാമെന്ന ഭാവത്തില്‍ നാം അവരോടു കയര്‍ക്കുകയും അവരെ കുറ്റംവിധിക്കുകയും ചെയ്യും. പക്ഷേ, അപ്പോള്‍ ഒരുകാര്യം നാം ഓര്‍മിക്കണം. ദൈവം നമ്മോട് ഏതെല്ലാം രീതിയില്‍ സഹിഷ്ണുത കാണിക്കുന്നു. നാം മനപൂര്‍വം തെറ്റുകുറ്റങ്ങള്‍ ചെയ്താല്‍പ്പോലും അവിടുന്നു നമ്മുടെ കാര്യത്തില്‍ ദാക്ഷിണ്യം കാണിക്കാറില്ലേ? അവിടുത്തെ ക്ഷമാശീലത്തിന് അതിരുകളുണ്ടോ?

അപ്പോള്‍പ്പിന്നെ അക്ഷമ കാണിക്കാന്‍ നമുക്കെന്തവകാശം? ഈ ലോകം ഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതു ദൈവമാണെന്ന ഓര്‍മ എപ്പോഴും നമുക്കുണ്ടായിരിക്കട്ടെ, ലിവിംഗ്സ്റ്റണിനെപ്പോലെ, മറ്റുള്ളവരുടെ നന്മയാഗ്രഹിച്ചുകൊണ്ട് എല്ലാക്കാര്യങ്ങളിലും ക്ഷമയോടെ നമുക്കു മുന്നോട്ടുപോകാം.
    
To send your comments, please clickhere