Jeevithavijayam
7/6/2022
    
രണ്ട് അയല്‍കുടുംബങ്ങള്‍
രണ്ട് അയല്‍കുടുംബങ്ങള്‍. ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ജപ്പാനില്‍നിന്നു കുടിയേറിയവരായിരുന്നു. മറ്റേ കുടുംബത്തിലെ അംഗങ്ങളാകട്ടെ, ഇതേ കാലഘട്ടത്തില്‍ത്തന്നെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നു കുടിയേറിയവരും.

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ എന്ന പട്ടണത്തില്‍നിന്ന് ഏറെ അകലെയല്ലായിരുന്നു ഈ കുടുംബങ്ങളുടെ താമസം. രണ്ടു കുടുംബത്തിലെയും അംഗങ്ങള്‍ റോസപ്പൂവ് വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. അവരുടെ തോട്ടത്തിലെ റോസപ്പൂക്കള്‍ക്ക് സാന്‍ഫ്രാന്‍സിസ്‌കോയില്‍ എപ്പോഴും നല്ല ഡിമാന്‍ഡുണ്ടായിരുന്നു. തന്മൂലം സാമ്പത്തികമായി രണ്ടു കുടുംബങ്ങളും സാമാന്യം നല്ല നിലയിലായിരുന്നു.

ജപ്പാനില്‍നിന്ന് കുടിയേറിപ്പാര്‍ത്ത കുടുംബത്തിലെ കുടുംബനാഥനൊഴികെ ബാക്കിയെല്ലാവരും അമേരിക്കന്‍ പൗരത്വം സമ്പാദിച്ചിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ള കുടുംബത്തിലെ എല്ലാ അംഗങ്ങളും തുടക്കത്തിലേതന്നെ അമേരിക്കന്‍ പൗരത്വം നേടിയിരുന്നു.

ഈ രണ്ടു കുടുംബങ്ങളും നാല്‍പതോളം വര്‍ഷം നല്ല അയല്‍ക്കാരായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് 1941 ഡിസംബര്‍ ഏഴിന് ജപ്പാന്‍ അമേരിക്കയുടെ കീഴിലുള്ള പേള്‍ ഹാര്‍ബര്‍ ആക്രമിച്ചത്. അതുവരെ രണ്ടാംലോകമഹായുദ്ധത്തിലുള്‍പ്പെടാതെ അമേരിക്ക മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍, ജപ്പാന്‍ പേള്‍ ഹാര്‍ബറില്‍ ബോംബിട്ടതോടുകൂടി അമേരിക്ക സഖ്യശക്തികളുടെ പക്ഷം ചേര്‍ന്ന് യുദ്ധത്തിലെ പ്രധാന പങ്കാളിയായി. അമേരിക്ക യുദ്ധത്തില്‍ പങ്കാളിയായതോടെ അമേരിക്കയില്‍ താമസിച്ചിരുന്ന ജപ്പാന്‍ വംശജരുടെ ജീവിതം ദുരിതപൂര്‍ണമായി. ജപ്പാന്‍ വംശജരുടെ കൂറ് ജപ്പാനോടായിരിക്കുമെന്നു സംശയിച്ച് അമേരിക്കയിലെ ജപ്പാന്‍ വംശജരെയെല്ലാം പ്രത്യേകം തയാര്‍ ചെയ്യപ്പെട്ട ക്യാമ്പുകളിലേക്കു നിര്‍ബന്ധപൂര്‍വം മാറ്റി.

ജപ്പാന്‍ വംശജരായ തങ്ങളുടെ അയല്‍ക്കാര്‍ക്ക് സംഭവിക്കാന്‍ പോകുന്നത് എന്താണെന്നു മനസിലാക്കിയ സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ള കുടുംബത്തിലെ നായകന്‍ തന്റെ അയല്‍ക്കാരുടെ ഭവനത്തില്‍ച്ചെന്നു പറഞ്ഞു: ''ഗവണ്‍മെന്റ് നിങ്ങളെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനിടയായാല്‍ ഞാനും എന്റെ കുടുംബവും നിങ്ങളുടെ വീടും തോട്ടവും നോക്കിക്കൊള്ളാം. നിങ്ങള്‍ക്കിപ്പോള്‍ സംഭവിക്കുന്നത് എന്റെ കുടുംബത്തിനാണു സംഭവിച്ചിരുന്നതെങ്കില്‍ നിങ്ങള്‍ എന്റെ വീടും തോട്ടവും സംരക്ഷിച്ചുകൊള്ളുമായിരുന്നെന്ന് എനിക്കുറപ്പുണ്ട്.''

ഗവണ്‍മെന്റ് തങ്ങളോട് അനീതിപരമായി പ്രവര്‍ത്തിക്കുമ്പോഴും തങ്ങളുടെ അയല്‍ക്കാര്‍ എത്ര സ്‌നേഹപൂര്‍വം തങ്ങളോടു പെരുമാറുന്നുവെന്നത് അവരുടെ വേദനിക്കുന്ന മനസുകള്‍ക്ക് ആശ്വാസം നല്‍കി.

ജപ്പാന്‍ വംശജരായ കുടുംബത്തിലെ അംഗങ്ങള്‍ ഭയപ്പെട്ടിരുന്നതുപോലെ ഗവണ്‍മെന്റ് കോളറാഡോ എന്ന സംസ്ഥാനത്തെ ഗ്രനേഡ എന്ന വിജനസ്ഥലത്തേക്ക് അവരെ നിര്‍ബന്ധപൂര്‍വം മാറ്റിപ്പാര്‍പ്പിച്ചു. ചുറ്റും മുള്ളുകമ്പികളും ആയുധമേന്തിയ കാവല്‍ക്കാരുമുണ്ടായിരുന്ന ക്യാമ്പുകളിലായിരുന്നു അവരുടെ താമസം.

വര്‍ഷം മൂന്നു കഴിഞ്ഞു. യുദ്ധം അവസാനിച്ചു. ജപ്പാന്‍ വംശജര്‍ക്കെല്ലാം അവരുടെ ഭവനങ്ങളിലേക്കു മടങ്ങാന്‍ അനുവാദം ലഭിച്ചു. തങ്ങളുടെ അയല്‍ക്കാരെ മുന്‍കൂട്ടി വിവരമറിയിച്ചുകൊണ്ട് സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നുള്ള ജപ്പാന്‍ കുടുംബം അവിടേക്കു യാത്രതിരിച്ചു.അവര്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെത്തുമ്പോള്‍ അവരെ സ്വീകരിക്കാന്‍ അവരുടെ അയല്‍ക്കാര്‍ റെയില്‍വേസ്റ്റേഷനില്‍ കാത്തുനില്‍പുണ്ടായിരുന്നു. തങ്ങളുടെ വീടിനും റോസപ്പൂക്കള്‍ വളര്‍ത്തുന്ന നഴ്‌സറിക്കും എന്തു സംഭവിച്ചിട്ടുണ്ടാകും എന്നറിയാനുള്ള ആകാംക്ഷയോടെ അവര്‍ വീട്ടിലെത്തുമ്പോള്‍ എന്താണു കണ്ടതെന്നോ?


വീടും പരിസരവും പഴയതിലും ഭംഗിയായിരിക്കുന്നു. നഴ്‌സറി നിറയെ പലനിറത്തിലും വലുപ്പത്തിലുമുള്ള റോസപ്പൂക്കള്‍! അവര്‍ അദ്ഭുതസ്തബ്ധരായി നില്‍ക്കുമ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ള കുടുംബത്തിലെ നായകന്‍ അവരുടെ കൈയിലേക്ക് ഒരു ബാങ്കിന്റെ പാസ്ബുക്ക് കൈമാറി. അവരുടെ അസാന്നിധ്യത്തില്‍ അവരുടെ തോട്ടത്തിലെ പൂക്കള്‍ വിറ്റുകിട്ടിയ വലിയൊരു തുകയുടെ കണക്കായിരുന്നു ആ പാസ്ബുക്കിലുണ്ടായിരുന്നത്!

നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക എന്ന പ്രമാണം നമുക്കറിയാം. എന്നാല്‍, ഈ പ്രമാണം ശരിക്കു പാലിക്കാന്‍ നമുക്കറിയാമോ എന്നു സംശയിക്കണം. കാരണം, നമ്മുടെ അയല്‍ക്കാര്‍ക്കുവേണ്ടി നഷ്ടവും ത്യാഗവും സഹിക്കാന്‍ നമ്മില്‍ പലര്‍ക്കും എത്രയോ വൈമനസ്യമാണ്!

മുകളില്‍ക്കൊടുത്തിരിക്കുന്ന കഥയിലെ ഒരു കുടുംബത്തിനു ദുരന്തമുണ്ടായപ്പോള്‍ എത്ര ത്യാഗമനഃസ്ഥിതിയോടെയാണ് മറ്റേ കുടുംബം സഹായിച്ചത്! ഒരു കുടുംബത്തിനു ദുരിതം നേരിട്ടപ്പോള്‍ ആ ദുരിതത്തില്‍നിന്ന് അവരെ കരകയറ്റാനാണ് മറ്റേ കുടുംബം ശ്രമിച്ചത്. അതിനുവേണ്ടി ഓരോ ദിവസവും എത്രയോ മണിക്കൂറുകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ള കുടുംബത്തില്‍പ്പെട്ടവര്‍ അധികമായി ജോലി ചെയ്തു! ഇതാണ് യഥാര്‍ഥ സ്‌നേഹം. ഇപ്രകാരമാണ് ''നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക'' എന്ന പ്രമാണം നാം പാലിക്കേണ്ടത്. ഇങ്ങനെ ചെയ്യുമ്പോഴാണ് ദൈവം നമ്മില്‍ യഥാര്‍ഥത്തില്‍ വസിക്കുന്നത്.

നമ്മുടെ ഒരു അയല്‍ക്കാരന് സാമ്പത്തികമായി ഒരു വലിയ നഷ്ടം ഉണ്ടായി എന്നു കരുതുക. അപ്പോള്‍ നമ്മിലെത്ര പേര്‍ അയാളെ സഹായിക്കാന്‍ തയാറാകും? ഒരുപക്ഷേ നല്ല പലിശയ്ക്കു പണം കടം കൊടുക്കാന്‍ ചിലര്‍ തയാറായേക്കും. അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞവിലയ്ക്ക് അയാളുടെ വീടും പറമ്പും വാങ്ങാന്‍ ചിലര്‍ ശ്രമിച്ചേക്കും. അല്ലാതെ, അയല്‍ക്കാരനുണ്ടായ നഷ്ടത്തില്‍ അയാളെ ഹൃദയംതുറന്നു സഹായിക്കാന്‍ ആരെങ്കിലും മുന്നോട്ടുവരുമോ?

തന്നെപ്പോലെ സ്വന്തം അയല്‍ക്കാരനെ സ്‌നേഹിക്കാന്‍ യേശു പഠിപ്പിച്ചപ്പോള്‍ അവിടുന്ന് അതിനു മാതൃകയായി കാണിച്ചുതന്നതു നല്ല സമറിയക്കാരനെയാണ്. സമറിയക്കാരുമായി ശത്രുതയില്‍ കഴിഞ്ഞിരുന്ന യഹൂദരിലൊരുവനെ സഹായിക്കാന്‍ തുനിഞ്ഞ ഒരു സമറിയക്കാരന്റെ കഥ പറഞ്ഞുകൊണ്ടാണ് അയല്‍ക്കാരനെ എപ്രകാരം സ്‌നേഹിക്കണമെന്ന് യേശു പഠിപ്പിച്ചത്.

നമ്മുടെ അടുത്തു ഭിക്ഷയാചിക്കുന്ന ഒരുവന് നാം ഒരു ഊണിനുള്ള പണം നല്‍കിയേക്കാം. അതു നല്ല കാര്യം തന്നെ. എന്നാല്‍ 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്ന പ്രമാണത്തിന്റെ പാലനം നാം അങ്ങനെയൊരു കാരുണ്യപ്രവൃത്തിയില്‍ ഒതുക്കിനിര്‍ത്തിയാല്‍ നമ്മുടെ സ്ഥിതി കഷ്ടം തന്നെ എന്നു പറയണം.
    
To send your comments, please clickhere