Jeevithavijayam
12/3/2022
    
ഇന്നലെയ്ക്കും നാളെയ്ക്കുമിടയില്‍
പാശ്ചാത്യനാടുകളില്‍ തലമുറകളായി കൈമാറപ്പെടുന്ന ഒരു മുത്തശ്ശിക്കഥ:

വൃദ്ധയായ ഒരു സ്ത്രീ. അവരുടെ ഭര്‍ത്താവു മരിച്ചു. അവര്‍ക്കു പിന്നെ ആലംബമായി ഉണ്ടായിരുന്നത് ഒരേയൊരു മകന്‍ മാത്രം. പക്ഷേ, ആ മകന്‍ കുറേയകലെ ഒരിടത്തു ഭാര്യയും മൂന്നുവയസുള്ള പുത്രിയുമൊരുമിച്ചു താമസിക്കുകയായിരുന്നു.

തനിയെയുള്ള താമസം ഏറെ ബുദ്ധിമുട്ടായപ്പോള്‍ വൃദ്ധ മകന്റെ വീട്ടില്‍ അഭയം തേടി. ആദ്യമൊക്കെ മകനും മരുമകള്‍ക്കും വൃദ്ധയോടു താല്‍പര്യമായിരുന്നു. കൊച്ചുമകള്‍ക്കാണെങ്കില്‍ വൃദ്ധയോട് അതീവ സ്‌നേഹവുമായിരുന്നു.

എന്നാല്‍ കാലം കുറെ കഴിഞ്ഞതോടുകൂടി വൃദ്ധയുടെ ആരോഗ്യം വളരെ മോശമായി. കാഴ്ച കുറഞ്ഞു. കേള്‍വിയും ബുദ്ധിമുട്ടായി. കൈകള്‍ക്കാണെങ്കില്‍ വല്ലാത്ത വിറയലും.

ഒരു ദിവസം എല്ലാവരുമൊരുമിച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വൃദ്ധയുടെ കൈകൊണ്ടു സൂപ്പുപാത്രം മറിഞ്ഞു. സൂപ്പു തെറിച്ചുവീണതാകട്ടെ മരുമകളുടെ വസ്ത്രത്തിലും. മകനും മരുമകളും അപ്പോള്‍ ഒന്നും പറഞ്ഞില്ല. എന്നാല്‍, അതുമുതല്‍ ഭക്ഷണസമയത്ത് വൃദ്ധയെ അവര്‍ കൂടെയിരുത്തിയില്ല. അതിനുപകരം മുറിയുടെ ഒരു മൂലയില്‍ വേറൊരു ചെറിയ ഭക്ഷണമേശ ഒരുക്കി വൃദ്ധയെ തനിയെ അവിടെയിരുത്തി, ഭക്ഷണം വിളമ്പിക്കൊടുത്തു. അതിനുശേഷം പതിവുപോലെ മകനും മരുമകളും ഒരുമിച്ചിരുന്നു വര്‍ത്തമാനം പറഞ്ഞു ഭക്ഷണം കഴിക്കുകയും ചെയ്തു.

കുറെ ദിവസം കഴിഞ്ഞപ്പോള്‍ അവരുടെ പുത്രി നിലത്തിരുന്നു കടലാസുകൊണ്ട് എന്തോ ഉണ്ടാക്കുകയായിരുന്നു. അപ്പോള്‍ വൃദ്ധയുടെ മകന്‍ സ്‌നേഹപൂര്‍വം തന്റെ മകളോടു ചോദിച്ചു: ''മോള്‍ എന്താണ് ഉണ്ടാക്കുന്നത്?'' അപ്പോള്‍ ആ കുരുന്നുപൈതല്‍ പറഞ്ഞു: ''ഞാനൊരു മേശയും കസേരയും ഉണ്ടാക്കുകയാണ്.''

അയാള്‍ ചോദിച്ചു: ''എന്തിനാണു മോളേ, നീ മേശയും കസേരയും ഉണ്ടാക്കുന്നത്?'' ഉടനേ അവള്‍ പറഞ്ഞു: ''ഞാന്‍ ഡാഡിക്കും മമ്മിക്കും വേണ്ടിയാണ് മേശയും കസേരയും ഉണ്ടാക്കുന്നത്. ഞാന്‍ വലുതാകുമ്പോള്‍ നിങ്ങള്‍ മുറിയുടെ മൂലയില്‍ തനിച്ചായിരിക്കുകയില്ലേ ഇരിക്കുന്നത്? അപ്പോള്‍ നിങ്ങള്‍ക്കു മേശയും കസേരയും വേണ്ടിവരുമല്ലോ.''

മകളുടെ മറുപടി കേട്ട അയാള്‍ ഷോക്കടിച്ചതുപോലെ തരിച്ചിരുന്നുപോയി. അല്പം കഴിഞ്ഞപ്പോള്‍ ഭാര്യ അടുത്തുവന്നു. ഓമനപ്പുത്രിയുടെ മറുപടി അവരും കേട്ടിരുന്നു.

നിമിഷംകൊണ്ടാണ് പിന്നെ എല്ലാക്കാര്യങ്ങള്‍ക്കും മാറ്റം വന്നത്. മകനും മകളും വൃദ്ധയുടെ അരികിലേക്കോടി. വൃദ്ധയുടെ ആരോഗ്യകാര്യവും മറ്റും സ്‌നേഹപൂര്‍വം അന്വേഷിച്ചു. അവര്‍ പിന്നീടു ഭക്ഷണം കഴിക്കുമ്പോള്‍ വൃദ്ധയും അവരോടൊപ്പമുണ്ടായിരുന്നു. വൃദ്ധയ്ക്കുവേണ്ടി നേരത്തേ മാറ്റിയിട്ടിരുന്ന ഭക്ഷണമേശ അവിടെ പിന്നെ കാണുകയേ ഉണ്ടായില്ല.

പ്രായംചെന്ന മാതാപിതാക്കള്‍ പലപ്പോഴും മക്കള്‍ക്കു ഭാരമാണ്. പ്രായാധിക്യം മൂലമുണ്ടാകുന്ന അസുഖങ്ങളും ഓര്‍മക്കുറവും കേള്‍വിക്കുറവുമൊക്കെ ഈ ഭാരം വര്‍ധിപ്പിക്കുന്നു. എന്നാല്‍, തങ്ങള്‍ക്കു ബുദ്ധിമുട്ടാണെന്നു കരുതി മാതാപിതാക്കളെ മറക്കുന്നതു ശരിയാണോ? കൊച്ചുന്നാള്‍മുതല്‍ തങ്ങളെ പോറ്റിവളര്‍ത്തിയ മാതാപിതാക്കളെ സംരക്ഷിക്കേണ്ട ചുമതല മക്കള്‍ക്കില്ലേ?


പ്രായംചെന്ന മാതാപിതാക്കളെ അന്വേഷിക്കുന്ന കാര്യത്തില്‍, പാശ്ചാത്യരോടു തുലനം ചെയ്താല്‍ നാം ഏറെ മെച്ചമാണ്. പ്രായംചെന്നവരെ നഴ്‌സിംഗ് ഹോമുകളിലാക്കി അടച്ചുപൂട്ടിയിടുന്ന രീതി നമുക്കില്ല. എന്നിരുന്നാലും നമ്മുടെ പ്രായംചെന്ന മാതാപിതാക്കള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സ്‌നേഹവും ശുശ്രൂഷയുമൊക്കെ ലഭിക്കുന്നുണേ്ടാ?

നാം ചെറുപ്പമായിരിക്കുമ്പോള്‍ സ്വാഭാവികമായും നമ്മുടെ ആരോഗ്യം മെച്ചപ്പെട്ടിരിക്കും. എന്നാല്‍ എന്നും നമ്മുടെ ആരോഗ്യം മെച്ചപ്പെട്ടിരിക്കുമോ? പ്രായം ചെല്ലുന്തോറും നമ്മുടെ ആരോഗ്യത്തിനു കോട്ടംതട്ടുകയില്ലേ? അസുഖങ്ങള്‍ ഒന്നൊന്നായി നമുക്കും ഉണ്ടാവില്ലേ? അപ്പോള്‍ നമുക്കും വേണ്ടിവരില്ലേ അന്യരുടെ സഹായം?

മുകളില്‍ കൊടുത്തിരിക്കുന്ന മുത്തശ്ശിക്കഥയിലെ മകനും മരുമകളും തീര്‍ത്തും ഹൃദയശൂന്യരായ മനുഷ്യരായിരുന്നില്ല. അവര്‍ ആ വൃദ്ധയ്ക്കുവേണ്ടി കുറെയൊക്കെ ചെയ്യുവാന്‍ സന്മനസായി. എന്നാല്‍, തങ്ങളുടെ ഓമനപ്പുത്രി തങ്ങള്‍ക്കുവേണ്ടി മേശയും കസേരയും ഉണ്ടാക്കുന്നതു കണ്ടപ്പോഴാണ് തങ്ങള്‍ ചെയ്യേണ്ടതുപോലെ ചെയ്തില്ലോ എന്ന് അവര്‍ക്കു ബോധ്യമായത്. ആ കുരുന്നുപൈതല്‍ നിഷ്‌കളങ്കമായി ചെയ്ത ഒരു പ്രവൃത്തി അവരുടെ കണ്ണുകള്‍ തുറപ്പിച്ചു.

നമ്മുടെ മാതാപിതാക്കളെയും മറ്റു പ്രായംചെന്നവരെയും നാം എങ്ങനെയാണോ അന്വേഷിക്കുന്നത് അതുപോലെയായിരിക്കും നമുക്കു പിന്നാലെവരുന്ന തലമുറ നമ്മെയും അന്വേഷിക്കുന്നത്. നാം ഇപ്പോള്‍ കൊടുക്കുന്നതു നല്ല മാതൃകയല്ലെങ്കില്‍ ഭാവിയില്‍ മറ്റുള്ളവരില്‍നിന്നു നല്ല സേവനം പ്രതീക്ഷിക്കുന്നതിന് എന്ത് അര്‍ഹത നമുക്കുണ്ട്?

നമ്മുടെ പിന്നാലെ വരുന്ന തലമുറ നമ്മെ അന്വേഷിക്കണമെന്നു നമുക്ക് ആഗ്രഹമില്ലേ? എങ്കില്‍പ്പിന്നെ ഇപ്പോള്‍ നമുക്കുള്ള കടമ നാം നിര്‍വഹിക്കേണേ്ട?

എല്ലാ മനുഷ്യരും ദയയും സ്‌നേഹവും അര്‍ഹിക്കുന്നുണ്ട്. പ്രത്യേകിച്ചു പ്രായംചെന്നവര്‍. നാം ഇന്നനുഭവിക്കുന്ന നന്മകളുടെ ഉറവിടം ഒരു പരിധിവരെ ഇന്നലത്തെ തലമുറയല്ലേ? അവരെ മറന്ന് ഇന്നു നമുക്കു ജീവിക്കാമോ?

ഇന്നലത്തെ തലമുറയെ ഇന്നു നാം മറന്നാല്‍ നാളത്തെ തലമുറ ഇന്നത്തെ തലമുറയെ മറക്കും. അതുസംഭവിക്കാതിരിക്കണമെങ്കില്‍ നാളത്തെ തലമുറയ്ക്ക് ഇന്നു നാം നല്ല മാതൃക നല്‍കിയേ തീരു. ഇന്നലെയ്ക്കും നാളെയ്ക്കുമിടയിലുള്ളവരാണ് നമ്മള്‍. ഇന്നലെയെ നാം മറന്നാല്‍ നാളെ നമ്മെ മറക്കും.
    
To send your comments, please clickhere