Jeevithavijayam
3/20/2023
    
മടക്കയാത്രയില്‍ മറ്റുള്ളവരും
''നാം എപ്പോഴാണു പശ്ചാത്തപിക്കേണ്ടത്?'' യഹൂദമതാചാര്യനായിരുന്ന ഏലിയാസറിനോട് അദ്ദേഹത്തിന്റെ ശിഷ്യര്‍ ചോദിച്ചു. അല്പസമയത്തെ മൗനത്തിനുശേഷം അദ്ദേഹം പറഞ്ഞു: ''നമ്മള്‍ മരിക്കുന്നതിന്റെ തലേദിവസം.''

''പക്ഷേ, നാം മരിക്കുന്നത് എപ്പോഴാണെന്ന് എങ്ങനെയാണറിയുക?'' ശിഷ്യര്‍ ചോദിച്ചു. അദ്ദേഹത്തിന്റെ ഉത്തരം പെട്ടെന്നായിരുന്നു. ''മരിക്കുന്നത് എപ്പോഴാണെന്നു നമുക്കറിയില്ല. അതുകൊണ്ടുതന്നെ നാം എപ്പോഴും സ്വന്തം പാപത്തെക്കുറിച്ചു പശ്ചാത്താപമുള്ളവരായിരിക്കണം?''

പാപങ്ങളെക്കുറിച്ചുള്ള ആത്മാര്‍ഥമായ അനുതാപം സ്വര്‍ഗരാജ്യത്തിന്റെ വാതിലുകള്‍ നമുക്കായി തുറന്നുതരും എന്നതില്‍ സംശയമില്ല. അനുതപിക്കുന്ന പാപികളെ ദൈവം ഒരിക്കലും കൈവിടുകയില്ലെന്നു ബൈബിളും മറ്റു മതഗ്രന്ഥങ്ങളും പഠിപ്പിക്കുന്നു. യേശു പാപിനിയോടു ക്ഷമിച്ചതും തന്റെ വലതുവശത്തെ കുരിശില്‍ തറയ്ക്കപ്പെട്ട അനുതാപിയായ കള്ളനു സ്വര്‍ഗരാജ്യം വാഗ്ദാനം ചെയ്തതുമൊക്കെ പശ്ചാത്താപത്തിന്റെ വില നമ്മെ പഠിപ്പിക്കുന്നു.

എന്നാല്‍, നമ്മുടെ പശ്ചാത്താപം മരണത്തിനൊരുക്കമായുള്ള പശ്ചാത്താപം മാത്രമാകരുത്. അതു ജീവിക്കാനും നമ്മെ സജ്ജരാക്കുന്ന പശ്ചാത്താപമായിരിക്കണം. സെന്റ് പോള്‍ പഠിപ്പിക്കുന്നതനുസരിച്ച്, ദൈവം നമ്മോട് ആവശ്യപ്പെടുന്നതു ദുഷ്പ്രവൃത്തിയില്‍നിന്ന് അകന്നിരിക്കാന്‍ മാത്രമല്ല, വിശുദ്ധിയില്‍ വളരുവാനും കൂടിയാണ്.

പാപങ്ങളെക്കുറിച്ചുള്ള പശ്ചാത്താപം നമ്മുടെ ഹൃദയപരിവര്‍ത്തനത്തിനും ജീവിതപരിവര്‍ത്തനത്തിനും വഴിതെളിക്കുമെന്നു സാരം. പഴയനിയമകാലത്തു യഹൂദര്‍ തങ്ങളുടെ പശ്ചാത്താപം പ്രകടമാക്കിയിരുന്നതു വസ്ത്രം കീറിക്കൊണ്ടും ദേഹത്തു ചാരം പൂശിക്കൊണ്ടുമായിരുന്നു. അവരോടു യോവേല്‍ പ്രവാചകന്‍വഴി ദൈവം പറഞ്ഞു: ''വസ്ത്രം കീറിക്കൊണ്ടല്ല, ഹൃദയം ഭേദിച്ചുകൊണ്ടു നിങ്ങളുടെ മനഃസ്താപം പ്രകടമാക്കുവിന്‍. ആത്മാര്‍ഥമായ മനഃസ്താപത്തോടുകൂടെ ഉപവാസമനുഷ്ഠിച്ചുകൊണ്ടും കണ്ണീര്‍ ചിന്തിക്കൊണ്ടും എന്റെ അടുക്കലേക്കു നിങ്ങള്‍ മടങ്ങിവരുവിന്‍.''

പാപങ്ങളെക്കുറിച്ചുള്ള പശ്ചാത്താപം നമ്മുടെ ഹൃദയത്തില്‍നിന്നു വരുന്നതാണെങ്കില്‍ അനുദിന ജീവിതത്തില്‍ അതു പ്രതിഫലിക്കുമെന്നു തീര്‍ച്ചയാണ്. പാപങ്ങളെക്കുറിച്ചു യഥാര്‍ഥ പശ്ചാത്താപമുണെ്ടങ്കില്‍ പാപമാര്‍ഗങ്ങളില്‍നിന്ന് അകന്നു നില്‍ക്കുന്നതോടൊപ്പം വിശുദ്ധിയുടെ വഴിയിലൂടെ നാം ഏറെ മുന്നോട്ടു പോകുകയും ചെയ്യും എന്നതില്‍ സംശയം വേണ്ട. അതിനുള്ള പ്രധാന കാരണം പശ്ചാത്തപിക്കുന്ന പാപിയെ കൈപിടിച്ചു നടത്താന്‍ ദൈവം നമ്മുടെ അരികില്‍ ഓടിയെത്തും എന്നതുതന്നെ.

യഹൂദമതഗ്രന്ഥമായ താല്‍മുദില്‍ ഒരു കഥയുണ്ട്: ഒരു രാജാവിനു താന്തോന്നിയായ ഒരു കുമാരനുണ്ടായിരുന്നു. ഈ രാജകുമാരന്‍ തന്റെ പിതാവിനെ ഉപേക്ഷിച്ച് ഒരു കൂട്ടുകാരന്റെകൂടെ അന്യനാട്ടിലേക്കു യാത്രയായി. നൂറുദിവസം നീണ്ടുനിന്ന ആ യാത്രയുടെ അവസാനം കൂട്ടുകാരന്‍ രാജകുമാരനോടു പറഞ്ഞു: ''നീ നിന്റെ പിതാവിന്റെ പക്കലേക്കു മടങ്ങിപ്പോകൂ.''


അപ്പോള്‍ രാജകുമാരന്‍ പറഞ്ഞു: ''അതു സാധിക്കില്ല. കാരണം, ഞാന്‍ എന്റെ പിതാവില്‍നിന്ന് അത്രമാത്രം അകലെയായിപ്പോയി.'' കുറേനാള്‍ കഴിഞ്ഞപ്പോള്‍ രാജാവിന്റെ ഒരു ഭൃത്യന്‍ രാജകുമാരനെ അന്വേഷിച്ചു കണെ്ടത്തിയശേഷം പിതാവിന്റെ സന്ദേശം രാജകുമാരനെ അറിയിച്ചു. അതിപ്രകാരമായിരുന്നു: ''നിനക്കു മടങ്ങിവരാവുന്നിടത്തോളം നീ മടങ്ങിവരുക. ബാക്കിവഴി ഞാന്‍ വന്നു നിന്നെ കൂട്ടിക്കൊണ്ടുപോന്നുകൊള്ളാം.''

ഈ കഥ പറഞ്ഞതിനുശേഷം താല്‍മുദില്‍ ദൈവത്തിന്റെ വാക്കുകളായി ഇപ്രകാരം കൊടുത്തിരിക്കുന്നു: ''നീ എന്നിലേക്കു മടങ്ങുക. അപ്പോള്‍ ഞാന്‍ നിന്നിലേക്കു മടങ്ങും.''

പാപംവഴി ദൈവത്തില്‍നിന്ന് അകന്നുപോയ നമ്മുടെ മടക്കയാത്രയാണു പശ്ചാത്താപം. പശ്ചാത്താപം വഴി ദൈവത്തിലേക്കു മടങ്ങുമ്പോള്‍ ദൈവവും അതിവേഗം നമ്മിലേക്കു നടന്നടുക്കും. അപ്പോള്‍ നമ്മുടെ ജീവിതത്തില്‍ എന്തെന്ത് അദ്ഭുതങ്ങളാണു സംഭവിച്ചുകൂടാത്തത്?

ദൈവത്തിലേക്കുള്ള നമ്മുടെ മടക്കയാത്ര എപ്രകാരമായിരിക്കണമെന്ന് ഐസയാസ് പ്രവാചകന്‍വഴി ദൈവം നമ്മോടു പറയുന്നത് എപ്പോഴും, പ്രത്യേകിച്ചു നോമ്പുകാലത്ത്, നമ്മുടെ മനസില്‍ തങ്ങിനില്‍ക്കേണ്ടതാണ്. അവിടുന്നു പറയുന്നു:

''സ്വയം മര്‍ദിക്കുന്നതും ചാരത്തില്‍ക്കിടക്കുന്നതുമാണോ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം? അതിനെ നിങ്ങള്‍ ഉപവാസമെന്നു വിളിക്കേണ്ട. പീഡിതരെ ആശ്വസിപ്പിക്കുക, വിശക്കുന്നവര്‍ക്കു ഭക്ഷണം കൊടുക്കുക, അലയുന്നവര്‍ക്കു പാര്‍പ്പിടവും വസ്ത്രമില്ലാത്തവര്‍ക്കു വസ്ത്രവും നല്‍കുക, മറ്റുള്ളവരെ നിന്ദിക്കാതിരിക്കുക, ഇതാണു ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം.''

പശ്ചാത്തപിച്ചുകൊണ്ടും പ്രായശ്ചിത്തമനുഷ്ഠിച്ചുകൊണ്ടുമുള്ള മടക്കയാത്രയില്‍ നമ്മുടെ സഹോദരന്മാരെ എപ്പോഴും കണ്‍മുന്നില്‍ കാണണമെന്നും അവരുടെ അനുദിന ആവശ്യങ്ങളില്‍ അവരെ സഹായിക്കണമെന്നും ചുരുക്കം. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, നമ്മുടെ മടക്കയാത്ര തനിച്ചായിരിക്കരുതെന്ന്.

പശ്ചാത്താപവിവശരായി ദൈവത്തിലേക്കു നടന്നടുക്കുമ്പോള്‍ നാം മറ്റുള്ളവരെ മറന്നുപോകരുത്. എന്നു മാത്രമല്ല, അവരെയും നമ്മോടൊപ്പം ദൈവത്തിലേക്കു കൊണ്ടുപോകണം. അവര്‍ക്കു ദൈവത്തിന്റെ സ്‌നേഹവും കാരുണ്യവും നാം അനുഭവവേദ്യമാക്കിക്കൊടുക്കണം.
    
To send your comments, please clickhere