Jeevithavijayam
3/22/2023
    
വിജ്ഞാനിയും വിവേകിയും മഹാനുമാകാന്‍
ഒരു കുശവനും കുശവത്തിക്കുംകൂടി ആകെയുള്ള ഒരു മകന്‍. ബാലനായ അവന്‍ മറ്റു ബാലന്മാരില്‍നിന്നെല്ലാം വിഭിന്നനായിരുന്നു. മറ്റു ബാലന്മാരെപ്പോലെ അവനു ചിരിയോ കളിയോ ഓട്ടമോ ചാട്ടമോ ഒന്നുമില്ല. എപ്പോഴും എവിടെയെങ്കിലും വെറുതെ കുത്തിയിരിക്കും. മാതാപിതാക്കളോട് അവന്‍ മിണ്ടാറേയില്ല. അവര്‍ എന്തെങ്കിലും ചോദിച്ചാല്‍ അവന്‍ അതു കേട്ടഭാവംപോലും കാട്ടാറില്ല.

മകന്റെ സ്വഭാവപ്രത്യേകതകള്‍ ആ കുശവനെയും കുശവത്തിയെയും ഏറെ വേദനിപ്പിച്ചു. ഒരിക്കല്‍ കുശവന്‍ തന്റെ മകനെക്കുറിച്ചു ചില സുഹൃത്തുക്കളോടു സങ്കടം പറഞ്ഞപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു: ''നിങ്ങള്‍ വിഷമിക്കേണ്ട. മഹാന്മാരായിത്തീരുന്ന ബാലന്മാര്‍ പലപ്പോഴും ഇങ്ങനെയാണ്. അവനെയിപ്പോള്‍ അവന്റെ ഇഷ്ടത്തിനു വിടുക. അവന്‍ മിടുക്കനാണോ വിഡ്ഢിയാണോ എന്നു നമുക്കു കാത്തിരുന്നു കാണാം.''

സുഹൃത്തു പറഞ്ഞതില്‍ അല്പം കാര്യമുണെ്ടന്നു കുശവനു തോന്നി. അയാള്‍ വീട്ടിലെത്തിയ ഉടനേ ഇക്കാര്യം തന്റെ ഭാര്യയോടു പറഞ്ഞു. അപ്പോള്‍ അവരുടെ മകനും അതു കേള്‍ക്കാനിടയായി. പെട്ടെന്ന് അവന്‍ സ്വയം ചോദിച്ചു: ''ഞാന്‍ മിടുക്കനോ വിഡ്ഢിയോ?''

പിന്നീടു കുറേദിവസത്തേക്ക് അവന്‍ ചിന്തയിലാണ്ടു നടന്നു. ചിന്തിക്കുന്തോറും അവന്റെ മനസ് കൂടുതല്‍ അസ്വസ്ഥമാകുകയായിരുന്നു. ഒരു ദിവസം അല്പം ആശ്വാസത്തിനുവേണ്ടി അവന്‍ അടുത്തുള്ള വനത്തിലേക്കു പോയി. അവിടെയെത്തി ക്ഷീണിച്ചവശനായി ഒരു പാറപ്പുറത്തിരിക്കുമ്പോള്‍ ആ വഴിയെ ഒരു സിംഹം വന്നു. അപരിചിതനായ ഒരു ബാലനെ അവിടെ കണ്ടപ്പോള്‍ സിംഹം ചോദിച്ചു: ''നീ എന്താണ് ഇവിടെ തനിയെ ഇരിക്കുന്നത്?''

അപ്പോള്‍ ബാലന്‍ പറഞ്ഞു: ''എനിക്കൊരു സമാധാനവുമില്ല. അല്പം സ്വസ്ഥമായിരുന്നു ചിന്തിക്കാന്‍വേണ്ടി ഞാന്‍ വന്നിരിക്കുകയാണ്. ഞാന്‍ മിടുക്കനാണോ വിഡ്ഢിയാണോ എന്ന് എനിക്കു കണ്ടുപിടിക്കണം.'' ഉടനേ സിംഹം ചോദിച്ചു: ''ഇക്കാര്യം മാത്രമേ നീ ചിന്തിക്കാറുള്ളോ?''

''അതെ ഇക്കാര്യം മാത്രമേ ഞാന്‍ ചിന്തിക്കാറുള്ളൂ,'' മറുപടിയായി ബാലന്‍ പറഞ്ഞു. അപ്പോള്‍, സിംഹം പറഞ്ഞു: ''എങ്കില്‍ നീ വിഡ്ഢിതന്നെ. കാരണം, മിടുക്കന്മാരും മഹാന്മാരുമായിട്ടുള്ളവര്‍ മറ്റുള്ളവര്‍ക്കു വേണ്ടി എന്തു നന്മചെയ്യാന്‍ സാധിക്കുമെന്നാണു സാധാരണയായി ചിന്തിക്കാറുള്ളത്.'' ഇത്രയും പറഞ്ഞിട്ടു സിംഹം നടന്നുപോയി.

അല്പം കഴിഞ്ഞപ്പോള്‍ ഒരു പുള്ളിമാന്‍ ആ വഴിയേ വന്നു. അപ്രതീക്ഷിതമായി ഒരു ബാലനെ അവിടെ കണ്ടപ്പോള്‍ മാന്‍ ചോദിച്ചു: ''നീ എന്തു ചെയ്യുകയാണ് ഇവിടെ?'' ബാലന്‍ പറഞ്ഞു: ''എന്റെ മനസ് അസ്വസ്ഥമാണ്. ഞാന്‍ മിടുക്കനാണോ വിഡ്ഢിയാണോ എന്നറിയാനുള്ള ശ്രമത്തിലാണിപ്പോള്‍.''

മാന്‍ ചോദിച്ചു: ''നിന്റെ അമ്മ നിനക്കു ഭക്ഷണം വിളമ്പിത്തന്നു നിന്നെ ഊട്ടുമ്പോള്‍ നീ അവരോട് ഏതെങ്കിലും രീതിയില്‍ നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കാറുണേ്ടാ?'' അപ്പോള്‍ ബാലന്‍ പറഞ്ഞു: ''എന്റെ അമ്മയോടു നന്ദിയോടും സ്‌നേഹത്തോടുംകൂടെ പെരുമാറുന്നതിനെക്കുറിച്ചു ഞാന്‍ ചിന്തിച്ചിട്ടേയില്ല.''

ഈ മറുപടി കേട്ടപ്പോള്‍ പുള്ളിമാന്‍ പറഞ്ഞു: ''എങ്കില്‍ നീ വിഡ്ഢിതന്നെ.'' ഇതു പറഞ്ഞിട്ടു മാന്‍ അവിടെനിന്ന് അപ്രത്യക്ഷനായി.

അല്പം കഴിഞ്ഞപ്പോള്‍ ഒരു പുള്ളിപ്പുലി ആ വഴിയേ വന്നു. പുള്ളിപ്പുലിയും ബാലന്റെ അടുത്തുചെന്നു ചോദിച്ചു: ''നീ ഇവിടെ എന്തു ചെയ്യുകയാണ്?'' അവന്‍ പറഞ്ഞു: ''ഞാന്‍ മിടുക്കനാണോ വിഡ്ഢിയാണോ എന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്.'' അപ്പോള്‍ പുള്ളിപുലി ചോദിച്ചു: ''നീ മറ്റുള്ളവരോടു സ്‌നേഹപൂര്‍വം പെരുമാറാറുണേ്ടാ?''

അവന്‍ പറഞ്ഞു: ''ഇല്ല. ഞാന്‍ അങ്ങനെ ചെയ്യാറില്ല.'' അപ്പോള്‍ പുള്ളിപ്പുലി പറഞ്ഞു: ''എങ്കില്‍ നീ വിഡ്ഢിതന്നെ. സംശയം വേണ്ട.'' പുള്ളിപ്പുലി അതിന്റെ വഴിക്കുപോയി.''


കുറേ കഴിഞ്ഞപ്പോള്‍ അതുവഴി ഒരു ആന വന്നു. ബാലനെ കണ്ടപ്പോള്‍ ആന ചോദിച്ചു: ''എന്താണ് ഇവിടെ വന്നിരിക്കുന്നത്?'' ബാലന്‍ തന്റെ പതിവു മറുപടി നല്കി.

ആന ചോദിച്ചു: ''നീ എന്തെങ്കിലും പണി എടുക്കാറുണേ്ടാ?'' ഇല്ലെന്ന് അവന്‍ പറഞ്ഞു. എങ്കില്‍ സംശയം വേണ്ട. നീ ശരിക്കും വിഡ്ഢിതന്നെ'' എന്നുപറഞ്ഞ് ആന സ്ഥലംവിട്ടു.

തന്നെ കാണുവാനിടയായ മൃഗങ്ങളെല്ലാം താന്‍ വിഡ്ഢിയാണെന്നാണല്ലോ പറഞ്ഞത് എന്നോര്‍ത്തപ്പോള്‍ ആ ബാലന്റെ ഹൃദയം തേങ്ങി.

അവന്‍ അവിടെ കരഞ്ഞു കണ്ണുനീര്‍ വാര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ ഒരു മുയല്‍ ആ വഴി വന്നു. ബാലനെ കണ്ടപ്പോള്‍ മുയല്‍ ചോദിച്ചു: ''നീ എന്തിനാണു കരയുന്നത്?'' അപ്പോള്‍ അവന്‍ പറഞ്ഞു: ''ഞാന്‍ മറ്റുള്ളവരെപ്പോലെയല്ല. ഞാന്‍ ആരെയും സ്‌നേഹിക്കുന്നില്ല. ആരെയും സഹായിക്കുന്നുമില്ല. അതുകൊണ്ടു ഞാന്‍ ഒരു വിഡ്ഢിയാണെന്നാണ് ഈ കാട്ടിലെ മൃഗങ്ങളെല്ലാം പറയുന്നത്.''

മുയല്‍ പറഞ്ഞു: ''നീ കരയാതിരിക്കൂ. മൃഗങ്ങള്‍ നിന്നോടു പറഞ്ഞതു ശരിയാണ്. നീ ഇപ്പോള്‍ വിഡ്ഢിതന്നെ. എന്നാല്‍, നിനക്കു വിജ്ഞാനിയും വിവേകിയും മിടുക്കനുമൊക്കെയാകാന്‍ സാധിക്കും.''

അവന്‍ ചോദിച്ചു: ''എങ്ങനെയാണ് എനിക്കതു സാധിക്കുക?''

''മൃഗങ്ങള്‍ നിന്നോടു പറഞ്ഞതുപോലെ നീ നല്ല ചിന്തകള്‍ മാത്രം വച്ചുപുലര്‍ത്തുക. മറ്റുള്ളവരോടു നന്ദിയും സ്‌നേഹവുമുള്ളവനായിരിക്കുക. എല്ലാവരോടും ഹൃദ്യമായി പെരുമാറുക. എപ്പോഴും നന്നായി ജോലിചെയ്യുക. ഇവയൊക്കെ ചെയ്താല്‍ നീ വിജ്ഞാനിയും വിവേകിയും മിടുക്കനും മഹാനുമൊക്കെയാകും,'' മുയല്‍ പറഞ്ഞു.

അപ്പോള്‍ ബാലന്‍ പറഞ്ഞു: ''ഞാന്‍ ഇങ്ങനെയൊക്കെ ചെയ്യാന്‍ തുടങ്ങിയാലും മറ്റുള്ളവര്‍ എന്റെ പഴയ കഥ പറഞ്ഞ് എന്നെ പുച്ഛിക്കും. ആരും എന്റെ നല്ല മനസ്സ് കാണില്ല.''

''കഴിഞ്ഞതൊക്കെ കഴിഞ്ഞു. മറ്റുള്ള മനുഷ്യരുടേതുപോലെ നിന്റെയും ജീവിതം മുന്നോട്ടാണു നീങ്ങുന്നത്. നീ നല്ലതുചെയ്താല്‍ തീര്‍ച്ചയായും നീ മഹാനാകും. മറ്റു മനുഷ്യര്‍ നിന്റെ പഴയ കഥ മറന്നു നിന്നെ ആദരിക്കും.'' മുയലിന്റെ ഈ ഉപദേശം കേട്ട ബാലന്‍ സ്വന്തം ഭവനത്തിലേക്കു മടങ്ങിയെന്നും കഠിനാധ്വാനം ചെയ്തും മറ്റുള്ളവരെ സ്‌നേഹിച്ചും അവര്‍ക്കു നന്മ ചെയ്തും അവന്‍ വിജ്ഞാനിയും വിവേകിയും മഹാനുമായി മാറിയെന്നും ഉഗാണ്ടയില്‍നിന്നുള്ള ഈ നാടോടിക്കഥയില്‍ പറയുന്നു.

നാമാരും മഹാന്മാരായി ജനിക്കുന്നില്ല. അതുപോലെ, നാമാരും വിഡ്ഢികളായും ജനിക്കുന്നില്ല. ചുരുക്കം ചിലരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതസാഹചര്യംമൂലം അവര്‍ മഹാന്മാരോ വിഡ്ഢികളോ ആയിത്തീര്‍ന്നെന്നിരിക്കും. എന്നാല്‍, നാം ഏതു തരത്തിലുള്ള ജീവിതമാണു നയിക്കേണ്ടതെന്നു സാധാരണഗതിയില്‍ നാം തന്നെയാണു തീരുമാനിക്കുന്നത്.

ഉത്തരവാദിത്വബോധത്തോടെ നല്ലകാര്യങ്ങള്‍ ചെയ്തു മുന്നോട്ടു പോകാനാണു തീരുമാനിക്കുന്നതെങ്കില്‍ നാം ഒരിക്കലും വിഡ്ഢികളുടെ ഗണത്തില്‍ ഉള്‍പ്പെടില്ല. എന്നാല്‍, ജീവിതത്തെക്കുറിച്ചു യാതൊരു ശ്രദ്ധയുമില്ലാതെ തോന്ന്യാസമായുള്ള ജീവിതമാണു നമ്മുടേതെങ്കില്‍ നാം യഥാര്‍ഥത്തില്‍ വിഡ്ഢികളാണത്രേ.

മുകളില്‍ കൊടുത്തിരിക്കുന്ന കഥയിലെ മൃഗങ്ങള്‍ ആ ബാലനോടു സൂചിപ്പിച്ചതുപോലെ, മറ്റുള്ളവരെ സ്‌നേഹിച്ചും അവരുടെ ആവശ്യങ്ങളില്‍ അവരെ സഹായിച്ചും ചെയ്യേണ്ട ജോലികളും മറ്റു കാര്യങ്ങളുമൊക്കെ ചെയ്തുമാണു മുന്നോട്ടു പോകുന്നതെങ്കില്‍ നാം യഥാര്‍ഥത്തില്‍ വിജ്ഞാനികളും വിവേകികളും മിടുക്കന്മാരും തന്നെ.

നാമാരും വിഡ്ഢികളല്ലായിരിക്കും. എന്നാല്‍, വിജ്ഞാനികളും വിവേകികളും മിടുക്കന്മാരുമാണെന്നു നമുക്കുറപ്പുണേ്ടാ? അല്ലെങ്കില്‍ ഇക്കാര്യത്തില്‍ ഉറപ്പു വരുത്താന്‍ നമുക്കു ശ്രമിക്കാം.
    
To send your comments, please clickhere