എടക്കര: മാനസിക വൈകല്യമുള്ള മാതാവ് കുടുംബവഴക്കിനെത്തുടര്‍ന്ന് ഒമ്പതുകാരിയായ മകളെ കിണറ്റില്‍ തള്ളിയിട്ടു. അഗ്നിരക്ഷാസേനയെത്തി കുട്ടിയെ രക്ഷപ്പെടുത്തി. മുപ്പത്തിയഞ്ച് റിംഗുകള്‍ ഇറക്കിയ കിണറ്റില്‍ വീണ കുട്ടി ഒരു പോറല്‍ പോലുമേല്‍ക്കാതെയാണ് രക്ഷപ്പെട്ടത്. ചുങ്കത്തറ കൈപ്പിനി കവല പാര്‍ട്ടിക്കുന്നില്‍ ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഭര്‍ത്താവുമായി കലഹിച്ച ഭാര്യ രാവിലെ മകളെ മീന്‍ മാണിച്ചുതരാമെന്ന് പറഞ്ഞ് കിണറിനടുത്ത് കൊണ്ടുപോയി തള്ളിയിടുകയായിരുന്നു.
സംഭവം കണ്ടുനിന്ന അയല്‍വാസികള്‍ ഉടന്‍ കോണി കിണറ്റിലിറക്കി കൊടുക്കുകയും കുട്ടി അതില്‍ പിടിച്ച് നില്‍ക്കുകയും ചെയ്തു. പിന്നാലെ ബന്ധുവായ ഒരാള്‍ കിണറ്റിലിറങ്ങി കുട്ടിയെ ചേര്‍ത്ത് മോട്ടോര്‍ പൈപ്പില്‍ പിടിച്ച് നിന്നു. വിവരമറിയിച്ചതിനെത്തുര്‍ന്ന് നിലമ്പൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേന കിണറ്റില്‍ കുട്ട ഇറക്കി കുട്ടിയെയും ബന്ധുവിനെയും കരയ്ക്ക് കയറ്റുകയായിരുന്നു.
തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിക്കുകയും ആവശ്യമായ പ്രഥമ ചികിത്സകള്‍ നല്‍കുകയും ചെയ്തു. കുട്ടിയുടെ മാതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Tags : Resuce Nine Year Old Latest News