സെൻസസ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കണം
Monday, February 10, 2020 11:09 PM IST
സെൻസസ് ഡ്യൂട്ടി നൽകുന്പോൾ ഹയർ സെക്കൻഡറി അധ്യാപകരെ എന്യൂമറേറ്റർമാരായോ സൂപ്പർവൈസർമാരായോ നിയമിക്കരുത് എന്ന കേന്ദ്രസർക്കാർ ഉത്തരവ് കാറ്റിൽപ്പറത്തി എച്ച്എസ്എസ്ടിമാരെ സൂപ്പർവൈസർമാരായും എന്യൂമറേറ്റർമാരായും നിയമിക്കാനുള്ള തിരക്കിട്ട നീക്കമാണ് ഇടുക്കി ജില്ലയിൽ നടക്കുന്നത്. എന്യൂമറേറ്റർമാരായി പ്രൈമറി/അപ്പർപ്രൈമറി അധ്യാപകരേയും സൂപ്പർവൈസർമാരായി ഹൈസ്കൂൾ അധ്യാപകരെയും സമാന തസ്തികയിലുള്ള ജീവനക്കാരെയുമേ നിയമിക്കാവൂ എന്ന് 14.1.2020ലെ ഉത്തരവുപ്രകാരം സെൻസസ് വകുപ്പ് നിർദേശം നല്കിയിരുന്നു. ഇത് അട്ടിമറിക്കാനുള്ള നീക്കമാണ് ഇടുക്കി ജില്ലാ ഭരണാധികാരികൾ നടത്തുന്നത്.
ഹൈറേഞ്ച് മേഖലകളിലെ ഹയർസെക്കൻഡറി സ്കൂളുകളിൽനിന്ന് എച്ച്എസ്എസ്ടിമാരുടെ ലിസ്റ്റും ഡീറ്റെയിൽസും താലൂക്ക് അധികാരികൾ ശേഖരിച്ചുകഴിഞ്ഞു. ഹയർ സെക്കൻഡറിയിൽ ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്ക് പൊതുപരീക്ഷകൾ നടക്കുന്ന സമയമാണ്.
വിദ്യാർഥികളെ അതിനായി സജ്ജീകരിക്കുന്ന തിരക്കിലാണ് ഇപ്പോൾ അധ്യാപകർ. ഏപ്രിൽ മേയ് മാസങ്ങളിലാണ് പരീക്ഷകളുടെ മൂല്യനിർണയം നടക്കുന്നത്. ഇതിനെയെല്ലാം പ്രതികൂലമായി ബാധിക്കുന്ന വിധത്തിലാണ് ജില്ലാ ഭരണാധികാരികളുടെ ഇപ്പോഴത്തെ നീക്കം.
ഇത്തരം നീക്കങ്ങളിൽനിന്ന് അധികാരികൾ പിന്തിരിയുകയും സെൻസസ് സംബന്ധിച്ച് 14.1.2020ൽ ഡയറക്ടറേറ്റ് ഓഫ് സെൻസസ് ഓപ്പറേഷൻസ് കേരളം പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് പാലിക്കുകയും വേണം. എന്യൂമറേറ്റർമാരായോ സൂപ്പർവൈസർമാരായോ ഹയർസെക്കൻഡറി ടീച്ചർമാരെ നിയമിക്കരുത്.
ഒരുകൂട്ടം ഹയർസെക്കൻഡറി അധ്യാപകർ, ഇടുക്കി