എസ്എസ്എൽസി പരീക്ഷയുടെ പരിണാമങ്ങൾ
Monday, March 9, 2020 12:21 AM IST
മാർച്ച് മാസം പരീക്ഷാക്കാലമാണ്. പരീക്ഷകളിൽ ഒന്നാമൻ എസ്എസ്എൽസി പരീക്ഷ തന്നെ. ലക്ഷക്കണക്കിനു കുട്ടികൾ എഴുതുന്ന എസ്എസ്എൽസി പരീക്ഷ ഈ വർഷം മാർച്ച് 10ന് ആരംഭിക്കും. പല പരിണാമങ്ങൾക്കു വിധേയമായാണ് എസ്എസ്എൽ.സി പരീക്ഷ ഇന്നത്തെ രൂപത്തിലെത്തിയത്.
ഇഎസ്എൽസി (ഇംഗ്ലീഷ് സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ്) യിൽനിന്നാണ് എസ്എസ്എൽസി (സെക്കൻഡറി സ്കൂൾ ലിവിംഗ് സർട്ടിഫിക്കേറ്റ്) രൂപം കൊണ്ടത്. തിരുവിതാംകൂറിലും കൊച്ചിയിലും പിന്നീട് തിരുക്കൊച്ചിയിലും പഠിച്ചിരുന്ന പത്താം ക്ലാസുകാർക്കാണ് മലയാളം ഒഴിച്ചുള്ള വിഷയങ്ങൾ ഇംഗ്ലീഷിൽ എഴുതേണ്ടിവന്നത് ഇഎസ്എൽസി പരീക്ഷ. ട്രാവൻകൂർ എഡ്യൂക്കേഷൻ ബോർഡ് നടത്തിയിരുന്ന പരീക്ഷയിൽ ആറു പേപ്പറുകളാണ് ഇംഗ്ലീഷിൽ എഴുതാനുണ്ടായിരുന്നത്. 194849 വർഷത്തിൽ ഇഎസ്എൽസി അവസാനിക്കുകയും പകരം എസ്എസ്എൽസി ആരംഭിക്കുകയും ചെയ്തു. 1952 ലാണ് എസ്എസ്എൽസി പരീക്ഷ പൂർണ തോതിൽ ആരംഭിച്ചത്.
പണ്ട് 10ാം ക്ലാസ് പാസാകാൻ ഒരു ക്ലാസിലും തോറ്റിട്ടില്ലെങ്കിലും 11 വർഷം വേണമായിരുന്നു. അന്ന് എൽപി വിഭാഗത്തിൽ അഞ്ചാം ക്ലാസ് വരെ പഠിക്കണം. തുടർന്ന് ഫസ്റ്റ് ഫോറം മുതൽ സിസ്ത് ഫോറം വരെ പഠിക്കാൻ ആറു വർഷം. ആകെ 11 വർഷം .
1969ൽ 10ാം ക്ലാസ് പരീക്ഷയ്ക്കുള്ള ചോദ്യങ്ങളിൽ എ പാർട്ട് എന്നും ബി പാർട്ട് എന്നും രണ്ട് ഭാഗങ്ങളുണ്ടായിരുന്നു. എ പാർട്ട് എഴുതിക്കഴിയുന്പോൾ മാത്രമേ ബി പാർട്ട് ചോദ്യങ്ങൾ നൽകിയിരുന്നുള്ളൂ. ഭാഷാവിഷയങ്ങൾക്ക് 100 ൽ 40 മാർക്കും സബ്ജക്ടുകൾക്ക് 100 ൽ 35 മാർക്കും ഉണ്ടെങ്കിൽ മാത്രമേ എസ്എസ്എൽസി പാസാകുമായിരുന്നുള്ളൂ.
197475 ൽ ഗ്രൂപ്പ് സിസ്റ്റം കടന്നുവന്നു. ഭാഷാവിഷയങ്ങളടങ്ങിയ ഗ്രൂപ്പിന് ആകെ 90 മാർക്കും സബ്ജക്ട് വിഷയങ്ങൾ അടങ്ങിയ ഗ്രൂപ്പിന് ആകെ 120 മാർക്കും വേണം. 600 ൽ 210 മാർക്കിന്റെ ബലത്തിൽ എസ്എസ്എൽസി കടന്നുകൂടാമെന്ന അവസ്ഥ വന്നു!
എസ്എസ്എൽസിയുടെ തുടക്കത്തിൽ 16 പേജുള്ളതായിരുന്നു സർട്ടിഫിക്കറ്റ് ബുക്ക്. 8,9,10 ക്ലാസുകളിലെ മാർക്കുകൾ അതിൽ രേഖപ്പെടുത്തുമായിരുന്നു. മഷി ഉപയോഗിച്ച് അധ്യാപകർ സ്വന്തം കൈപ്പടയിലെഴുതിയ ബുക്കുകൾ’ കേടുകൂടാതെ ഇപ്പോഴും മുതിർന്ന തലമുറയുടെ പക്കലുണ്ട്.
വർഷങ്ങൾക്കു മുൻപ് വരെ ഒരു ബുധനാഴ്ച തുടങ്ങി അടുത്ത ബുധനാഴ്ച അവസാനിക്കുന്ന പരീക്ഷയിൽ 12 പേപ്പറുകളാണുണ്ടായിരുന്നത്. ആറു ദിവസം 12 പരീക്ഷ! ഒരു കമ്മീഷനും ഇടപെട്ടിരുന്നില്ല!
1987ൽ എസ്എസ്എൽസിയുടെ ’ എൽ’ ഉൗരിമാറ്റി പരീക്ഷ എസ്എസ്സി ആക്കി. സർട്ടിഫിക്കറ്റ് ബുക്കിൽ കുട്ടിയുടെ ഫോട്ടോ, രക്തഗ്രൂപ്പ് എന്നിവയൊക്കെ കയറിപ്പറ്റി! ഉൗരിമാറ്റിയ ’എൽ’ അടുത്ത വർഷം തന്നെ പുനഃസ്ഥാപിച്ചു.1998 മുതലാണ് ബുക്കിനു പകരം ’കാർഡ്’ ഏർപ്പെടുത്തിയത്. 2009 മുതൽ ’ഡിജിറ്റൽ കാർഡു’കളാണ് കുട്ടികൾക്ക് നൽകുന്നത്.
2004 ൽ ’റാങ്ക്’ സന്പ്രദായം നിർത്തലാക്കി, പത്രങ്ങളിലെ ഒന്നാം പേജിൽ നിന്ന് റാങ്ക് ജേതാക്കളുടെ പടവും പടിയിറങ്ങി! തോറ്റവർക്കുള്ള ’സേ’ പരീക്ഷ ഏർപ്പെടുത്തിയത് 2005 മുതലാണ്. തുടർന്ന് വിപ്ലവകരമായ മാറ്റങ്ങൾ. പരീക്ഷയ്ക്കു ഗ്രേഡിംഗ് സന്പ്രദായം, ഐടി പരീക്ഷ, സിഇ മാർക്കുകൾ.
2006 മുതൽ പരീക്ഷ എഴുതി തുടങ്ങുന്നതിനു മുൻപുള്ള 15 മിനിറ്റ് "ആശ്വാസ സമയം’ അനുവദിച്ചുതുടങ്ങി. 2007 മുതൽ പരീക്ഷാരീതി മാറിമറിഞ്ഞു. പരീക്ഷകളുടെ എണ്ണം 13ൽ നിന്ന് പത്തായി, ഓരോ പരീക്ഷയ്ക്കും വ്യത്യസ്ത സമയം, ആകെ മാർക്കിന് പ്രസക്തിയില്ലാതായി. പകരം ’എപ്ലസ്’ മുതൽ ’ഇ’ വരെയുള്ള 9 ഗ്രേഡുകൾ കടന്നുവന്നു. മാർക്കുകൾ അപ്രത്യക്ഷമായി! ഏതെങ്കിലും വിഷയത്തിന് ഡി പ്ലസ് ഗ്രേഡെങ്കിലും ലഭിച്ചില്ലെങ്കിൽ തുടർപഠനത്തിന് യോഗ്യതയില്ലാതാകും.
2013 മുതൽ എഴുത്തുപരീക്ഷയുടെ എണ്ണം 10ൽ നിന്ന് ഒമ്പതായി ചുരുങ്ങി. ഐ.ടി.യുടെ തിയറി പരീക്ഷ പ്രാക്ടിക്കലിനോടൊപ്പം കൂട്ടിയതാണ് കാരണം. 2015 ലെ പരീക്ഷയും വിവാദങ്ങളിലമർന്നു. പരീക്ഷാഫലം തിരക്കുകൂടി പ്രസിദ്ധീകരിച്ചപ്പോൾ പലരും ’തോറ്റു’!
2018 ലെ കുട്ടികളുടെ അഡ്മിഷൻ ടിക്കറ്റിൽ മാറ്റം! സി.ഇ. മാർക്കുകളും ചേർത്താണ് കുട്ടികളുടെ അഡ്മിഷൻ ടിക്കറ്റ് നൽകിയത്! പ്രതിഷേധം മൂലം 2019ൽ സി.ഇ. മാർക്കുകൾ ഒഴിവാക്കി.
2018 ലെ വിജയം 97.84% ആയിരുന്നു. 2019ൽ വിജയം 98.11 %, റിക്കാർഡ് വിജയം. ഈ വർഷം ചില പരീക്ഷാകേന്ദ്രങ്ങളിൽ എസ്എസ്എൽസി, പ്ലസ് വണ്, പ്ലസ് ടു വാർഷിക പരീക്ഷകൾ എഴുതുന്ന വിദ്യാർഥികളെ ഒന്നിച്ചാണ് ഇരുത്തുന്നത്. പരീക്ഷാ സമയം പഴയതുപോലെ രാവിലെയാണ്.
എ.വി. ജോർജ്, തിരുവല്ല (റിട്ട. ഹെഡ്മാസ്റ്റർ)