നദികൾ ശുചീകരിക്കണം
Sunday, March 15, 2020 11:53 PM IST
വെള്ളം വറ്റിവരണ്ട രണ്ടു നദികളുടെ ചിത്രം ഈയിടെ പത്രത്തിൽ കണ്ടു. കടപുഴകിയ മരങ്ങൾ വേരും ശാഖയുമുൾപ്പെടെ രണ്ടിന്റെയും അടിത്തട്ടിൽ കിടക്കുന്നു. കല്ലുകൾ, മണൽ, പുൽത്തിട്ടകൾ തുടങ്ങി പലതും ജലാശയങ്ങളുടെ സംഭരണ ശേഷിയെയും ഒഴുക്കിനെയും തടസപ്പെടുത്തുന്നുണ്ട്. ഓരങ്ങളിൽ പലയിടത്തും മാലിന്യക്കെട്ടുകൾ തള്ളിയിട്ടുണ്ട്. മഴ പെയ്തു തുടങ്ങുന്നതോടെ ഇത് വെള്ളത്തിനടിയിലാകും.
ആഴക്കുറവുള്ള സ്ഥലത്തിനടുത്തു തന്നെ ചിലയിടങ്ങളിൽ ആഴക്കൂടുതലുള്ള പോയിന്റുമുള്ളതുകൊണ്ടാണല്ലോ ചില മുങ്ങിമരണങ്ങൾ സംഭവിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കേണ്ടതാണ്. വേണ്ടാത്ത വസ്തുക്കൾ നീക്കം ചെയ്യുന്നതിനൊപ്പം ആവശ്യമുള്ളിടത്ത് ഭിത്തികൾ കെട്ടാനും പറ്റിയ സമയമാണിത്. വരണ്ടുകിടക്കുന്നതു കൊണ്ട് ജെസിബി, ട്രാക്ടർ, ലോറി തുടങ്ങിയവ പണികൾക്ക് സുഗമമായി ഉപയോഗിക്കുകയും ചെയ്യാം. സംസ്ഥാനസർക്കാരും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഒട്ടും വൈകാതെ ഇക്കാര്യത്തിൽ നടപടിയെടുക്കണം.
സി.സി. മത്തായി, മാറാട്ടുകളം