കൊറോണ: ഒരു ടെസ്റ്റ് ഡോസ് മാത്രമോ?
Friday, March 20, 2020 11:54 PM IST
ലോകത്താകമാനം ശരാശരി 50 ലക്ഷം പേരെ പ്രതിവർഷം ഇൻഫ്ളുവെൻസ അഥവ ഫ്ളൂ എന്ന ഓമനപ്പേരിൽ വിളിക്കുന്ന സാധാരണ പനി ബാധിക്കുന്നുവെന്നാണ് കണക്ക്. ഇതിൽ രണ്ടരലക്ഷത്തിനും അഞ്ച് ലക്ഷത്തിനുമിടയിൽ ആളുകൾ മരിക്കുന്നുമുണ്ട്.
പ്രതിവർഷം അഞ്ചു ലക്ഷത്തോളം ആളുകളെ വരെ കൊല്ലുന്ന പനിയോടില്ലാത്ത ഭയം നാളിതുവരെ പതിനായിരത്തിലധികം ആളുകളെ കൊന്ന കൊറോണയോടുണ്ടായത് അത് അതിവേഗം പടരുന്നതു കൊണ്ടാവണം.
ലോകനഗരങ്ങളിലെല്ലാം ജനങ്ങൾ മുഖംമൂടി ധരിച്ചു നടക്കുന്നതും സ്കൂളുകളും തിയറ്ററുകളും അടച്ചിടേണ്ടിവന്നതും രാജ്യാന്തര വിമാനങ്ങൾ റദ്ദാക്കേണ്ടി വരുന്നതുമെല്ലാം കൊറോണ ഭീതി മനുഷ്യമനസുകളെ കീഴ്പ്പെടുത്തിയതിനാലാണ്. ആളുകളെ നിർബന്ധിതമായോ അല്ലാതെയോ ഒറ്റയ്ക്ക് മാറ്റിപ്പാർപ്പിക്കേണ്ടത് ആവശ്യമായ അസുഖങ്ങളുടെ പട്ടികയിലാണ് കൊറോണയേയും ഉൾപ്പെടുത്തിയിരിക്കുന്നത്.
ചൈന ആഗോളവത്കരണത്തിന്റെ ഗുണഫലമായി തല ഉയർത്തി നിന്നപ്പോൾ ആഗോള വത്്കരണത്തിന്റെ തന്നെ ഉപോത്പന്നമെന്നോണം കൊറോണ ചൈനയിൽ തുടങ്ങി ലോക മെങ്ങും വ്യാപിച്ചു. ഒരു ടെസ്റ്റ് ഡോസ് മാത്രമാണോ ഇത്? കൊറോണ വൈറസിന്റെ പിൻഗാമി വൈറസുകളുടെ ആഗമനം ഈ മാനദണ്ഡത്തിൽ തിരിച്ചറിയേണ്ടിയിരിക്കുന്നു.
ജോൺസൺ പാറന്പേട്ട്, വെട്ടിമുകൾ