പുതുതലമുറ കോഴ്സുകൾ: വിവേചനം പാടില്ല
Tuesday, June 30, 2020 11:48 PM IST
ഉന്നത വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ കലാലയങ്ങളിൽ, കാലത്തിന്റെ മാറ്റങ്ങൾക്കനുസൃതമായുള്ള 200 പുതുതലമുറ കോഴ്സുകൾ മുന്നോട്ടു വച്ചിരിക്കുകയാണ്. ഏറ്റവും കരണീയമായ ഒരു നീക്കമാണിത്. പ്രധാനമായും ആർട്സ് ആൻഡ് സയൻസ് കോളജുകളെയും എൻജിനിയറിംഗ് കോളജുകളെയും മുന്നിൽക്കണ്ടാണ് ഈ കോഴ്സുകൾ മുന്നോട്ടുവച്ചിരിക്കുന്നത്. എന്നാൽ, അധ്യാപക പരിശീലന കലാലയങ്ങളെ ഇവിടെ പരിഗണിച്ചിട്ടില്ല എന്നത് വിവേചനപരമാണ്.
കോവിഡ് 19 ന്റെ കാലഘട്ടത്തിൽ; ഓണ്‍ലൈൻ, ഡിജിറ്റിൽ മാധ്യമങ്ങളിലൂടെയുള്ള ബോധനപഠന പ്രക്രിയയ്ക്കു കൂടുതൽ സ്വീകാര്യത കിട്ടുമ്പോൾ അധ്യാപക പരിശീലന കലാലയങ്ങളെ വിശ്വാസത്തിലെടുത്ത് പുതുതലമുറ കോഴ്സുകൾ ആരംഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഓണ്‍ലൈൻ പാഠങ്ങൾ ഒരുക്കുന്നതിലും അതിന് അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി വെബിനാറുകളും ഓണ്‍ലൈൻ വർക്ക്ഷോപ്പുകളും സംഘടിപ്പിക്കുന്നതിൽ കേരള സംസ്ഥാനത്തെ അധ്യാപക പരിശീലന കലാലയങ്ങൾ ശ്രദ്ധേയമായ നേതൃത്വമാണ് ഇപ്പോൾ നൽകുന്നത്. ഇതിന് എല്ലാവിഭാഗം അധ്യാപകരുടെയും വർധിച്ച പങ്കാളിത്തമാണു കിട്ടിക്കൊണ്ടിരിക്കുന്നത്.
ഇലേണിംഗ്, എംലേണിംഗ്, മെഷീൻ ലേണിംഗ്, നിർമിതബുദ്ധിയും പഠനവും, റോബോട്ടിക് എഡ്യൂക്കേഷൻ, വർച്വൽ എഡ്യൂക്കേഷൻ തുടങ്ങി നൂതന മേഖലകളിൽ അധ്യാപകർക്കു പരിശീലനം കൊടുക്കേണ്ടതുള്ളതുകൊണ്ട് അത്തരം നൂതന കോഴ്സുകൾ രൂപീകരിച്ച് മുന്നോട്ടുവരാൻ ടീച്ചർ എഡ്യൂക്കേഷൻ സ്ഥാപനങ്ങളെ അനുവദിക്കണം. ഡിഗ്രി തലത്തിലെ ഇന്റഗ്രേറ്റഡ് ബിഎഡ്, എ.എഡ് കോഴ്സുകളിൽ ഈ പുതിയ പ്രോഗ്രാമുകൾ തുടങ്ങാവുന്നതല്ലേ?
ഡോ.കെ.വൈ. ബനഡിക്ട്, ജനറൽ സെക്രട്ടറി, ഓൾ കേരള ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽസ് അസോസിയേഷൻ