സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കൗൺസലിംഗ് നൽകണം
Saturday, July 11, 2020 12:16 AM IST
അനേക വർഷങ്ങളായി ടൺ കണക്കിനു സ്വർണവും കോടിക്കണക്കിനു രൂപയുടെ കുഴൽപ്പണവും കേരളത്തിലേക്കെത്തുന്നുവെന്നത് യാഥാർഥ്യം മാത്രമാണ്. സ്വർണക്കടത്തു മാത്രമല്ല, അനുബന്ധമായി വേറേ മസാലക്കൂട്ടുകളുമുള്ള ഈ കേസിൽ പ്രമുഖരുൾപ്പെടെ പലരും ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെ എൻഐഎ ചോദ്യം ചെയ്യുമെന്നും അറിയുന്നു. ഇവരുടെ കുടുംബാംഗങ്ങളിൽ ചിലർക്കെങ്കിലും, പ്രത്യേകിച്ചു ഭാര്യമാർക്ക്, മാനഹാനി ഭയന്ന് കടുത്ത മാനസിക സമ്മർദവും ആത്മഹത്യാ പ്രവണതയുമുണ്ടായേക്കാം.
പഴയ കാലത്തെപ്പോലെ, ബീഡി കത്തിക്കാനോ അല്ലെങ്കിൽ വെറ്റില മുറുക്കാൻ ചുണ്ണാമ്പിനോ വേണ്ടിയാണു ചിലരുടെയടുത്തു പോയത് എന്ന് പറഞ്ഞു വിശ്വസിപ്പിക്കാനാകില്ലല്ലോ. സ്ത്രീയുമായി ബന്ധപ്പെട്ട് സ്വന്തം പിതാവിനെക്കുറിച്ചുണ്ടായ അപവാദം കൂട്ടുകാർ പറഞ്ഞു കളിയാക്കിയതിനെത്തുടർന്ന് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം സമീപകാലത്തുണ്ടായിട്ടുണ്ട്. എൻഐഎയുടെ ചോദ്യം ചെയ്യൽ പരസ്യമാക്കുന്നതിനു മുൻപ് കുടുംബാംഗങ്ങൾക്ക് ഉചിതമായ കൗൺസലിംഗ് കൊടുക്കുകയാണെങ്കിൽ അവരുടെ മാനസികസമ്മർദവും അതുണ്ടാക്കുന്ന ദുരന്തചിന്തകളും ഒഴിവാക്കാനാകും. ഇതിനായി ഇവിടെയുള്ള യോഗ്യരായ വ്യക്തികളും സംഘടനകളുമായി അന്വേഷണ ഏജൻസി ഏകോപനം നടത്തുന്നത് നന്നായിരിക്കും.
സി.സി. മത്തായി മാറാട്ടുകളം, ചങ്ങനാശേരി