വെടിക്കുന്നിന് ശാശ്വത തീരസംരക്ഷണം; 9.8 കോടിയുടെ പദ്ധതിക്ക് അംഗീകാരം
1572793
Friday, July 4, 2025 6:14 AM IST
തിരുവനന്തപുരം: കൊല്ലം നഗരത്തിലെ മുണ്ടയ്ക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച് വരെയുള്ള ഒരു കിലോമീറ്റർ ദൈർഘ്യമുള്ള വെടിക്കുന്ന് പ്രദേശം സംരക്ഷിക്കാനായി 9.8 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയിൽ നിന്ന് സാന്പത്തിക സഹായം ലഭ്യമാക്കും. തീരദേശ ഹൈവേയ്ക്ക് സമാന്തരമായി സ്ഥിതിചെയ്യുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളി വീടുകൾ വർഷങ്ങളായി കടലാക്രമണ ഭീഷണിയിലാണ്. കഴിഞ്ഞ കാലവർഷത്തിലും ഇവിടെ നിരവധി വീടുകൾക്കു നാശനഷ്ടമുണ്ടായിരുന്നു.
ഈ സാഹചര്യത്തിൽ വെടിക്കുന്ന് പ്രദേശം സംരക്ഷിക്കുന്നതിനുള്ള പദ്ധതി രൂപരേഖ തയാറാക്കാൻ സംസ്ഥാന തീരദേശ വികസന കോർപറേഷനെ ചുമതലപ്പെടുത്തി. തുടർന്ന് ഐഐടി ചെന്നൈ മാതൃകാ പഠനം പൂർത്തിയാക്കുകയും പുലിമുട്ടുകളും ടെട്രാപോഡുകളും ഉപയോഗിച്ചുള്ള തീരസംരക്ഷണം നിർദേശിക്കുകയും ചെയ്തതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ഐഐടി പഠനത്തിന്റെ അടിസ്ഥാനത്തിൽ 60 മീറ്റർ നീളത്തിലുള്ള രണ്ട് പുലിമുട്ടുകളും 30 മീറ്റർ നീളത്തിലുള്ള നാല് പുലിമുട്ടുകളുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പുലിമുട്ടുകൾ ടെട്രാപോഡുകൾ ഉപയോഗിച്ച് ആവരണം ചെയ്യുന്നത് ശക്തമായ തിരമാലകളെ പ്രതിരോധിക്കാനാകും. പുലിമുട്ടുകൾ സ്ഥാപിക്കുന്നതിലൂടെ, വെടിക്കുന്ന് പ്രദേശം അഭിമുഖീകരിക്കുന്ന കഠിനമായ കടലാക്രമണത്തിന് ശാശ്വത പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു.