പട്ടാപ്പകല്‍ കാട്ടാന : കുടമുരുട്ടി, ചണ്ണ മേഖലകള്‍ ഭീതിയില്‍
1584535
Monday, August 18, 2025 3:54 AM IST
റാന്നി: പട്ടാപ്പകൽ പൊതുനിരത്തുകളിലും ജനവാസ മേഖലകളിലും കാട്ടാനയെ കണ്ടു തുടങ്ങിയതോടെ ഭയപ്പാടിലായിരിക്കുകയാണ് പ്രദേശവാസികള്‍. നാറാണംമൂഴി പഞ്ചായത്തിലെ കുടമുരുട്ടി, ചണ്ണ തുടങ്ങി പമ്പാനദിയോടടുത്ത ജനവാസ മേഖലകള്‍ അപ്പാടെ കാട്ടാനയെ ഭയന്നാണു കഴിയുന്നത്.
ശനിയാഴ്ച പകല്‍ ചണ്ണയില്‍നിന്നു പെരുന്തേനരുവി ജലവൈദ്യുത പദ്ധതി പ്രദേശത്തുകൂടി ചാത്തന്‍തറയിലേക്ക് പോകുന്ന റോഡിലാണ് കാട്ടാനയെ കാണുന്നത്. റോഡിലൂടെ എത്തിയവരാണ് ആനയെ കണ്ടത്. ഭയന്നുപോയവര്‍ ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു.
പെരുന്തേനരുവി വനമേഖലയിലൂടെ കടന്നുപോകുന്ന റോഡില്‍ നിന്ന ആന സന്ധ്യ വരെ ഇവിടെ നിന്നു പോയിരുന്നില്ല. ഇന്നലെ പകലും റോഡിനു സമീപം കാട്ടില്‍ ഇതു നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വനം വകുപ്പുദ്യോഗസ്ഥര്‍ എത്തിയെങ്കിലും ആനയെ വിരട്ടി ഓടിക്കാന്‍ ശ്രമിക്കുക മാത്രമേ അവര്‍ക്കു ചെയ്യാനാകുമായിരുന്നുള്ളൂ.
കുറെദൂരം കാട്ടിലേക്കു കയറ്റിവിടാമെന്നല്ലാതെ ഇതുകൊണ്ടൊന്നും യാതൊരു പ്രയോജനവുമില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പിന്നെയും ഇവ ജനവാസ മേഖലകളിലേക്കിറങ്ങി കൃഷികള്‍ അപ്പാടെ നശിപ്പിക്കുകയാണ് പതിവ്. കുടുമുരുട്ടി, ചണ്ണ, കൊച്ചുകുളം, പെരുന്തേനരുവി, ഇടത്തിക്കാവ്, അടുക്കളപ്പാറ, മണക്കയം, കട്ടിക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കാട്ടാന കൃഷികള്‍ നശിപ്പിക്കുന്നുണ്ട്.
ഇതിനു പുറമേ നാട്ടുകാരും പെരുന്തേനരുവിയിലേക്കും ജലവൈദ്യുത പദ്ധതി പ്രദേശത്തേക്കുമെത്തുന്ന സന്ദര്‍ശകരും പദ്ധതിയിലെ ജീവനക്കാരും എപ്പോഴും ഉപയോഗിച്ചുവരുന്ന റോഡില്‍ കാട്ടാനയുടെ സാന്നിധ്യമുള്ളത് ആളുകളെ ഭയപ്പെടുത്തുകയാണ്.
ജനവാസ മേഖലകള്‍ക്കു സമീപമുള്ള പ്രദേശങ്ങളില്‍ മിക്കപ്പോഴും കാട്ടുപോത്തിന്റെ സാന്നിധ്യവുമുണ്ട്. പ്രദേശവാസികളും പവര്‍ഹൗസ് ജീവനക്കാരും പല തവണ കാട്ടുപോത്തിനെ ഈ ഭാഗത്ത് നേരിട്ടു കാണുകയും ഓടി മാറുകയുമായിരുന്നു.
ഒരു മാസത്തിനുമുമ്പ് ടാപ്പിംഗ് തൊഴിലാളി പുലിയെ നേരിട്ടു കണ്ട ചാത്തന്‍തറ- താന്നിക്കാപ്പുഴ പ്രദേശത്തിനു സമീപമാണ് പെരുന്തേനരുവി പ്രദേശം. ആനയും പുലിയും കാട്ടുപോത്തുമെല്ലാം നാട്ടുകാരുടെ ഉറക്കം കെടുത്തുമ്പോള്‍ കുട്ടികളെ സ്്കൂളിലയയ്ക്കുന്നതിനും രാവിലെയും വൈകുന്നേരവും ജോലികാര്യങ്ങള്ക്കായും മറ്റും പുറത്തിറങ്ങുന്നതിനും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍.