ഏതു നിമിഷവും വീഴാം...സര്‍ക്കാര്‍ ആശുപത്രി കെട്ടിടങ്ങൾ ശോചനീയ നിലയിൽ
1573263
Sunday, July 6, 2025 3:05 AM IST
കോട്ടയം മെഡിക്കല്‍ കോളജില്‍ സംഭവിച്ചതുപോലെ ഏതു നിമിഷവും വീഴാവുന്ന കെട്ടിടങ്ങള്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലുണ്ട്. നൂറ്റാണ്ടിലേറെ പഴക്കമുള്ളതും ഇതില്‍പ്പെടും. ചിലയിടങ്ങളില്‍ പഴയ കെട്ടിടങ്ങളില്‍ ചികിത്സ നടക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാത്തതിനാല്‍ അവിടം പലരുടെയും വിശ്രമകേന്ദ്രമാണ്. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ സ്ഥിതി ഇങ്ങനെ...
കാഞ്ഞിരപ്പള്ളിയില്‍ ഒന്‍പത് പുരാവസ്തുക്കള്‍
കിഴക്കന്‍ മേഖലയില്‍ അനേകരുടെ ചികിത്സാലയമായ ജനറല്‍ ആശുപത്രിയില്‍ നാലു തലമുറ ചികിത്സ വാങ്ങിയ കെട്ടിടം ഇപ്പോഴുമുണ്ട്.

നൂറ്റാണ്ടു തികച്ചതാണ് ഒരു കെട്ടിടം. കൂടാതെ ചേര്‍ത്തുവച്ചു പണിത ഒന്‍പത് കെട്ടിടങ്ങളും അത്യാസന്നനിലയിലാണ്. പഴയ ഒപി, ഓഫീസ്, ഫാര്‍മസി, നഴ്സിംഗ് ക്വാര്‍ട്ടേഴ്സ് എന്നിവ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം, കുട്ടികളുടെ വിഭാഗം, എക്സ്റേ, ഇസിജി, ലബോറട്ടറി, പുരുഷ വാര്‍ഡ്, കാന്റീന്, പോസ്റ്റ്മോര്‍ട്ടം മുറി, മോര്‍ച്ചറി തുടങ്ങിയവ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങള്‍ വെറുതെ കിടക്കുന്നു.
വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ പുതിയ കെട്ടിടത്തിലേക്കു മാറ്റിയതോടെയാണു പഴയ കെട്ടിടങ്ങള്‍ ഉപയോഗിക്കാതെ വന്നത്. പഴക്കം ചെന്നവ പൊളിച്ചുമാറ്റി അമ്മയും കുഞ്ഞും വാര്‍ഡ് നിര്‍മിക്കാന്‍ 6.16 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പഴയ കെട്ടിടം ഒട്ടേറെപ്പേരുടെ വിശ്രമകേന്ദ്രമാണ്.
പാലാ ആശുപത്രിക്ക് ചികിത്സ വേണം
പാലാ ജനറല്‍ ആശുപത്രിയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെയും സുരക്ഷ പാലിക്കാതെയുമാണു പല കെട്ടിടങ്ങളും പണിതിരിക്കുന്നതെന്ന് പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകള്‍ കണ്ടെത്തിയിരുന്നു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗവും അഗ്നിരക്ഷാസേനാ വകുപ്പും മുനിസിപ്പാലിറ്റിയും നടത്തിയ പരിശോധനയിലും ഗുരുതര വീഴ്ച കണ്ടെത്തി.
ഫയര്‍ ആന്‍ഡ് റെസ്ക്യു വിഭാഗത്തിന്റെ എന്‍ഒസി ഇല്ലാതെയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ഇവിടെ ഗുരുതരമായ പത്ത് അപാകതകള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. കെട്ടിടങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗത്തിന്റെ എന്‍ഒസി ഇല്ല.
കെട്ടിടങ്ങളുടെ നിര്‍മിതിയിലും ഇലക്ട്രിക്കല്‍ വര്‍ക്കുകളിലും ഗുരുതര അപാകതകള്‍ ഉണ്ടെന്ന് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയില്‍ കണ്ടു. എപ്പോഴും ആള്‍ക്കൂട്ടമുള്ള ഇവിടെ തീപിടിത്തമുണ്ടാല് എല്ലാം കൈവിട്ടുപോകും. അഗ്നി രക്ഷാ ഉപകരണങ്ങളില്‍ ഒരെണ്ണവും പ്രവര്‍ത്തനക്ഷമമല്ല. വൈദ്യുതി വയറുകള്‍ പലയിടത്തും കൂട്ടിപ്പിടിച്ചും ഉരുകിയും കിടക്കുന്നു.
ജില്ലാ ആശുപത്രി വെന്റിലേറ്ററില്‍
കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ പലതാണ്. ഇവ അറ്റകുറ്റപ്പണികള്‍ നടത്തി നിലനിര്‍ത്തുകയാണ്. നാല്, അഞ്ച് വാര്‍ഡുകള്‍ പുനരുദ്ധരിച്ചു.
ഏഴ് മുതല്‍ 10 വരെ വാര്‍ഡുകള്‍ പൊളിച്ചുനീക്കി 12 നില കെട്ടിടം നിര്‍മിക്കാനുള്ള തീരുമാനം ഫയലില്‍ കുരുങ്ങി. കെട്ടിടം നിര്‍മിക്കാനുള്ള ഭാഗത്തെ മണ്ണ് നീക്കം ചെയ്യുന്നത് സംബന്ധിച്ച് ധാരണയാകാത്തതാണു പ്രശ്നം.
പാമ്പാടിയില്‍ മേല്‍ക്കൂര പറന്നുപോയി
പാമ്പാടി താലൂക്ക് ആശുപ്രതിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ മേല്‍ക്കൂര കഴിഞ്ഞ മാസം 16നുണ്ടായ ശക്തമായ കാറ്റില്‍ പറന്നുപോയിരുന്നു. കെട്ടിടം കോണ്‍ക്രീറ്റ് ഇളകി കമ്പി തെളിഞ്ഞ നിലയിലാണ്. ബലക്ഷയം ചൂണ്ടിക്കാട്ടി അപേക്ഷ സമര്‍പ്പിച്ചെങ്കിലും അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഇവിടെ പ്രവര്‍ത്തനം തുടരുന്നു.
ചങ്ങനാശേരിയിലും പെരുന്നയിലും പ്രതിസന്ധി
ചങ്ങനാശേരി ജനറലാശുപത്രിയുടെ ഐസൊലേഷന്‍ വാര്‍ഡിന്റെ പോര്ച്ചിനുമുകളിലെ കോണ്‍ക്രീറ്റിനു കേടുപാടുകള്‍ നേരിട്ടിട്ടുണ്ട്. നിരവധി ആളുകള്‍ എത്തുന്ന സ്ഥലമാണ്. പെരുന്നയില്‍ പ്രവര്‍ത്തിക്കുന്ന മുനിസിപ്പല്‍ ആയുര്‍വേദാശുപത്രി കെട്ടിടം ജീര്‍ണാവസ്ഥയിലാണ്. പുതിയ കെട്ടിടം നിര്‍മിക്കാനുള്ള നടപടികള്‍ വൈകുന്നു.