വിഴിഞ്ഞം: അടിമലത്തുറയിൽ തെരുവുനായയുടെ ആക്രമണത്തിൽ 22 പേർക്ക് പരിക്കേറ്റു. കോട്ടുകാൽ പഞ്ചായത്തിന്റെ തീരദേശ മേഖലയായ അമ്പലത്തുംമൂല, അടിമലത്തുറ മേഖലയിലാണ് ഇന്നലെ ആക്രമണമുണ്ടായത്.
ആക്രമണത്തിൽ രണ്ട് വയസുകാരൻ ക്രിസ്റ്റിൻ ദാസ് ,കെവിൻ (6), സാഫിയ സന്തോഷ് (7),സ്നേഹ (11), പ്രബിൻ (14), ലെറ്റീഷ (15), ആകാശ് (12) വിൽസൺ (37), കൊച്ചു (33), ജാവൻ ജാലീസ്(45), ഫ്രാൻസിസ് (86), ലതാ ( 43 ), വിനീഷ്(32), പുഷ്പം (33), സൗമ്യ (30), ശിലുവയ്യൻ (31) കുട്ടികളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ബീഹാർ സ്വദേശി ഉൾപ്പെടെ മറ്റ് ആറ് പേർക്കും കടിയേറ്റു.
പുല്ലുവിള സർക്കാർ ആശുപത്രിയിൽ എത്തിച്ച ഇവരെ കൂടുതൽ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ അടിമലത്തുറ വലിയഒലിപ്പിന് സമീപമാണ് ആക്രമണകാരിയായ നായ ആദ്യമെത്തിയത്.കണ്ണിൽ കണ്ടവരെയെല്ലാം കടി തുടങ്ങിയ നായ വീടുമുറ്റങ്ങളിൽ കളിക്കുകയായിരുന്ന കുട്ടികളെയും വെറുതെ വിട്ടില്ല.
ആക്രമണത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ബിഹാർ സ്വദേശിയായ കെട്ടിട നിർമാണത്തൊഴിലാളിക്കും കടിയേറ്റു.
ഒരു പ്രദേശത്തെ മുൾമുനയിൽ നിർത്തിയ നായയെ പിടികൂടാൻനാട്ടുകാരിൽ ഒരു വിഭാഗം സംഘടിച്ചെത്തുന്നതിനിടയിൽ രക്ഷപ്പെട്ടു.ഇതോടെ ആൾക്കാർ കൂടുതൽ ഭീതിയിലായി.തുടർന്ന് ആരും പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും അടിയലത്തുറ ഇടവകയിൽ നിന്ന് മൈക്കിലൂടെ ജനത്തിന് അധികൃതർ മുന്നറിയിപ്പ് നൽകി.ഇതിനിടയിൽ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
പഞ്ചായത്തധികൃതരുടെ നിർദേശപ്രകാരമെത്തിയ നായ പിടിത്തക്കാർ ആക്രമണ സ്വഭാവമുള്ള അഞ്ചോളം എണ്ണത്തെ പിടികൂടി കൊണ്ടുപോയി. ഒരു മാസത്തിനിടയിൽ മേഖലയിലെ നിരവധി ആൾക്കാരെയാണ് തെരുവ് നായ്ക്കൾ കടിച്ചത്.
തെരുവ് നായ ആക്രമണം തടയാൻ അധികൃതർ ശക്തമായ നടപടി എടുക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാവ് അടിമലത്തുറ ക്രിസ്തുദാസ് ആവശ്യപ്പെട്ടു.