പാലോട് : പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളിൽ ആന്റി നാർക്കോട്ടിക് പദ്ധതി തയാറാക്കും. അടുത്തിടെ ആദിവാസി പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സാഹചര്യം വിലയിരുത്തുന്നതിനും ഈ മേഖലകളിൽ വർധിക്കുന്ന മയക്കുമരുന്ന് ഉപയോഗം കുറയ്ക്കാനുമാണ് ആന്റി നാർക്കോട്ടിക് പദ്ധതി. ലഹരി വ്യാപനത്തിന്റെ ഉറവിടം കണ്ടെത്തി ആദിവാസികളെ ലഹരിൽ നിന്ന് മോചിപ്പിക്കാൻ തൊഴിൽ പദ്ധതികൾ തയാറാക്കുമെന്നും ആന്റി നാർക്കോട്ടിക് ആക്ഷൻ കൗൺസിൽ ഡയറക്ടർ കള്ളിക്കാട് ബാബു അറിയിച്ചു.
പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളിലെ ആന്റി നാർക്കോട്ടിക് ഹെൽത്ത് വോളന്റിയർമാരാണ് പദ്ധതി നടത്തിപ്പിന് നേതൃത്വം നൽകുന്നത്. വ്യക്തിത്വ വികസനം, വ്യക്തി ശുചിത്വം, ആരോഗ്യ പരിപാലനം, രോഗീപരിചരണം, ലഹരിവിരുദ്ധ ബോധവത്കരണം എന്നിവയിലാണ് അവബോധം നൽകുക. നബാർഡ്, കേരള ബാങ്ക് എന്നിവയുടെ സഹകരണത്തോടെ സ്വയംതൊഴിൽ പദ്ധതികളും നടപ്പാക്കും. പെരിങ്ങമ്മല ഇക്ബാൽ കോളജിലെ ആന്റി നാർക്കോട്ടിക് സെൽ, എൻഎസ്എസ് എന്നിവയുടെ പഠനത്തിൽ കണ്ടെത്തിയ കാൻസർ രോഗികൾക്കുള്ള ബോധവത്കരണവും പുനരധിവാസ പദ്ധതിയും നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായം തേടും.
ഡയറക്ടർ കള്ളിക്കാട് ബാബു കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ എം. കെ. ശ്രീകുമാർ, രാജീവ്, ഡോ. രശ്മി, ഡോ. എസ്. സജിന, രവീന്ദ്രനാഥ്, രാമൻ കാണി, അപ്പുക്കുട്ടൻ കാണി, ആട്ടുകാൽ സുരേഷ് എന്നിവർ പങ്കെടുത്തു.