ഹർത്താലിനിടെ ബസുകൾക്കു നേരെ കല്ലേറ്: മൂന്നു പേർ പിടിയിൽ
1224999
Monday, September 26, 2022 11:29 PM IST
ബാലരാമപുരം : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിനിടെ ബാലരാമപുരത്ത് കെഎസ്ആർടിസി ബസിനു നേരെ കല്ലെറിഞ്ഞ മൂന്നു പേർ പിടിയിൽ. കല്ലമ്പലം, മുടവൂർപാറ എന്നീ സ്ഥലങ്ങളിൽ വച്ച് കെഎസ്ആര്‍ടിസി ബസുകള്‍ക്കും ടിപ്പർ ലോറിക്കും നേരെയുണ്ടായ ആക്രമണത്തിൽ പ്രതികളെയാണ് പിടികൂടിയത്.
ബാലരാമപുരം ഐത്തിയൂർ ചാമവിള വീട്ടിൽ ഷെഫീക്ക് (33), ഐത്തിയൂർ ചാമവിള വീട്ടിൽ ഷാഹിൻ മൻസിലിൽ ഷഹാബുജീൻ (35), പരുത്തിതോപ്പ് വീട്ടിൽ ഷബീർ റോഷൻ (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകരയിൻ നിന്നും തിരവനന്തപുരത്തേക്കു പോയ വാഹനങ്ങൾക്കു നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ഇന്നലെ വൈകുന്നേരമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത പ്രതികൾക്ക് താലൂക്കിലെ മറ്റു അനിഷ്ട സംഭവങ്ങളുമായി ബന്ധമുണ്ടോ എന്നും സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.