ജില്ലയിൽ വ്യാപക റെയ്ഡ്; എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
1227656
Thursday, October 6, 2022 12:15 AM IST
തിരുവനന്തപുരം : ലഹരിക്കെതിരെ കേരള പോലീസ് നടത്തി വരുന്ന "യോദ്ധാവ്'കാന്പയിന്റെ ഭാഗമായി നഗരത്തിൽ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എംഎഡിഎംഎയുമായി വിവിധയിടങ്ങളിൽ നിന്ന് രണ്ടു പേരെ പിടികൂടിയതായി സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ അറിയിച്ചു. ബീമാപള്ളി ഈസ്റ്റ്, എഎംആർഎ 27, ആറ്റരികത്ത് വീട്ടിൽ അരുൺ (25), വള്ളക്കടവ് ഫാത്തിമ മാതാ റോഡ്, റാണി കോട്ടേജിൽ സജു സോണി (25) എന്നിവരെയാണ് സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം (എസ്എജിഒസി) ടീമിന്റെ സഹായത്തോടെ പൂന്തുറ, വലിയതുറ പേലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഒൻപത് ഗ്രാമോളം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.
"യോദ്ധാവ്'കാന്പയിന്റെ ഭാഗമായി പ്രചരിപ്പിച്ചിട്ടുള്ള വാട്ട്സപ്പ് നമ്പറിൽ ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അജിത് കുമാറിന്റെ നിർദേശപ്രകാരം നർക്കോട്ടിക് സെൽ എസിപി ഷീൻ തറയിലിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ടീം ഇവരെ നീരീക്ഷിച്ചു വരികയായിരുന്നു. പൂന്തുറ, വലിയതുറ പോലീസ് സ്റ്റേഷൻ ടീമും സ്പെഷൽ ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ മയക്കുമരുന്നുമായി പിടികൂടിയത്. വിൽപ്പനക്കായി ചെറു പൊതികളിലാക്കി രഹസ്യമായാണ് ഇവർ എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പ്രതി അരുണിന്റെ വീട്ടിൽ നിന്നും കഞ്ചാവ് പൊതികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ശംഖുമുഖം എസിപി പൃഥിരാജ്, പൂന്തുറ എസ്എച്ച്ഒ പ്രദീപ്, എസ്ഐ ബിനുകുമാർ , വലിയതുറ എസ്എച്ച്ഒ സതികുമാർ, എസ്ഐമാരായ അഭിലാഷ്, മണിലാൽ, സ്പെഷൽ ടീം എസ്ഐ അരുൺ കുമാർ, എഎസ്ഐ സാബു തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ലഹരിവസ്തുക്കളുടെ ഉപഭോഗവും വിപണനവും ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് യോദ്ധാവ് വാട്സ്ആപ്പ് നമ്പരായ 999 59 66 666 ലേക്ക് രഹസ്യ വിവരങ്ങൾ കൈമാറാമെന്നും കമ്മീഷണർ അറിയിച്ചു.