വടത്തിൽ തൂക്കവും വെള്ളത്തിലെ വടംവലിയും; ചെല്ലഞ്ചിയിലെ മത്സരങ്ങൾ "പൂഴി'ക്കടകനായി
1227661
Thursday, October 6, 2022 12:15 AM IST
പാലോട്: വെള്ളത്തിനു കുറുകെ വലിച്ചുകെട്ടിയ വടത്തിലൂടെ തൂങ്ങി മറുകരയിലെത്തണം. കെട്ടിനിറുത്തിയ അരയ്ക്കൊപ്പമുള്ള വെള്ളത്തിലൂടെ ഓടണം. തീർന്നില്ല, വടംവലിയിലെ പ്രഫഷണൽ കളിക്കാരാണെങ്കിലും ഉഴുതു മറിച്ച നിലത്തിൽ മുട്ടോളം ചെളിക്കുണ്ടിൽ മത്സരത്തിനിറങ്ങണം.
ഇതേ രീതിയിലുള്ള വിവിധ മത്സരങ്ങളാണ് നന്ദിയോട് പനവൂർ പഞ്ചായത്തുകളുടെ സംഗമകേന്ദ്രമായ ചെല്ലഞ്ചിയിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയത്. കൊയ്തൊഴിഞ്ഞ വയലിൽ കെട്ടിനിർത്തിയ വെള്ളത്തിലാണ് 28 ാം ഓണാഘോഷത്തിന്റെ ഭാഗമായി മത്സരങ്ങൾ സംഘടിപ്പിച്ചത്.
വെള്ളത്തിലോട്ടമായിരുന്നു ആദ്യമത്സരം. വയലിനു കുറുകെയുള്ള വടത്തിൽ തൂക്കം പിന്നാലെയെത്തി. കാഴ്ചക്കാരിൽ ചിരിപടർത്തിയ മത്സരാർഥികളും ആവേശം ജനിപ്പിച്ച സാഹസിക പ്രകടനക്കാരും ഏറെയുണ്ടായി. പലരും പാതിവഴിയിൽ പിടിവിട്ട് താഴെയുള്ള ചെളിക്കുണ്ടിലേക്ക് നിലംപതിച്ചു. ഇരുപതോളം ടീമുകൾ വെള്ളത്തിൽ വടംവലിക്കായി മാറ്റുരച്ചു. വനിതകൾക്കായുള്ള സൗഹൃദ വടംവലിയും വയലിലെ വെള്ളത്തിലാണ് നടത്തിയത്.
കണ്ടു നിന്നവർക്കൊന്ന് ചേറിലേക്കിറങ്ങാൻ തോന്നിപ്പിക്കും വിധം പഴമയുടെ ഗൃഹാതുരത്വം ഉണർത്തുന്നവയായിരുന്നു മത്സരങ്ങളെല്ലാം. അമൽ സപ്തപുരമാണ് വെള്ളത്തിലോട്ടത്തിലെ വിജയി. വടത്തിൽ തൂക്കത്തിൽ അതുൽ പേരയവും വടംവലിയിൽ ഭാരതി പാട്ടറയും ഒന്നാം സ്ഥാനം നേടി.