എസ്ഐ വാരിയെല്ല് ഒടിച്ച കേസ്! അച്ചടക്ക നടപടി ഉടൻ പൂർത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷൻ
1227952
Thursday, October 6, 2022 11:30 PM IST
തിരുവനന്തപുരം : ഭാര്യ നൽകിയ പരാതി പരിഹരിക്കുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ഭർത്താവിനെ മർദിച്ച് ഇടതു ഭാഗത്തെ ആറാമത്തെ വാരിയെല്ല് പൊട്ടിച്ച മാരായമുട്ടം പോലീസ് സ്റ്റേഷനിലെ മുൻ എസ്ഐ അച്ചടക്കരാഹിത്യവും പെരുമാറ്റ ദൂഷ്യവും നടത്തിയതായി സംസ്ഥാന പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
അന്വേഷണവും അച്ചടക്ക നടപടികളും ഉടൻ പൂർത്തിയാക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് തിരുവനന്തപുരം റൂറൽ (സി ബ്രാഞ്ച്) ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകി. എസ്ഐയുടെ ഭാഗത്ത് അച്ചടക്കരാഹിത്യമുണ്ടായതായി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കണ്ടെത്തിയതായി സംസ്ഥാന പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. തുടർന്ന് അന്വേഷണം നടത്തുന്നതിന് സി ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
മുൻ എസ്ഐക്കെതിരെ വകുപ്പുതല നടപടിയും നിയമ നടപടിയും സ്വീകരിക്കണമെന്ന് ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് കഴിഞ്ഞ മാർച്ച് 18 ന് സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
ആനാവൂർ കോട്ടക്കൽ സ്വദേശിനി വീനീഷ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. നെയ്യാറ്റിൻകര ഡിവൈഎസ്പിയിൽ നിന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങിയിരുന്നു. ഇതിൽ ആരോപണം നിഷേധിച്ചതിനെ തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷണം നടത്തിയിരുന്നു. മാരായമുട്ടം എസ്ഐയുടെ ഭാഗത്ത് നിന്നും ഗുരുതരമായ അധികാര ദുർവിനിയോഗം ഉണ്ടായതായി കമ്മീഷൻ കണ്ടെത്തി. 2020 ജൂലൈ 15 നായിരുന്നു സംഭവം.
അന്നു തന്നെ പരാതിക്കാരൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. കൈ ചുരുട്ടി നടുവിന്റെ ഇടതു ഭാഗത്ത് ഇടിച്ചതായാണ് ഡോക്ടർ രേഖപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിത്സ തേടിയിട്ടുണ്ട്. ഭാര്യയാണ് പരാതിക്കാരനെ ആശുപത്രിയിലെത്തിച്ചത്. പരാതിക്കാരനെ എസ് ഐ മർദിച്ചിട്ടില്ലെന്ന ഭാര്യയുടെ വാദം കമ്മീഷൻ തള്ളി.