വട്ടിയൂര്‍ക്കാവ് ജംഗ്ഷന് വികസനം: മൂന്നാംറീച്ചിന്റെ നോട്ടിഫിക്കേഷന്‍ വന്നു ; ആക്ഷേപം ഉള്ളവര്‍ 15 ദിവസത്തിനുള്ളില്‍ പരാതി നൽകണം
1227958
Thursday, October 6, 2022 11:32 PM IST
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് ജംഗ്ഷന് വികസനവുമായി ബന്ധപ്പെട്ട് മൂന്നാം റീച്ചിന്റെ നോട്ടിഫിക്കേഷന്‍ വന്നു. പേരൂര്‍ക്കട വില്ലേജില്‍ നിന്നുള്ള 97.71 ആര് ഭൂമിയാണ് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
വിജ്ഞാപനം സംബന്ധിച്ച് ആക്ഷേപം ഉള്ളവര്‍ 15 ദിവസത്തിനുള്ളില്‍ തിരുവനന്തപുരം കിഫ്ബി യൂണിറ്റ് ഒന്നിലെ എല്‍എ സെക്ഷന്‍ തഹസില്‍ദാരെ രേഖാമൂലം അറിയിക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് www.tri vandrum.nic.in എന്ന സൈറ്റില്‍ ലഭിക്കും. മണ്ണറക്കോണം മുതല്‍ പേരൂര്‍ക്കട വരെയുള്ള രണ്ടാം റീച്ചിന്റെ സര്‍വേ നടപടികള്‍ പുരോഗതിയിലാണ്. കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂര്‍ക്കാവ് ജംഗ്ഷന് വികസനം രണ്ടു ഭാഗങ്ങളാണ് നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 570ല്‍പ്പരം വ്യാപാരസ്ഥാപനങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുമെന്നാണ് കണക്കാക്കുന്നത്. 200 ഓളം വ്യാപാരസ്ഥാപനങ്ങള്‍ക്കു പുനരധിവാസം ഒരുക്കേണ്ടതായും വരും.
ആകെ പദ്ധതിക്കു വകയിരുത്തിയിരിക്കുന്നത് 341.79 കോടി രൂപയാണ്. പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായുള്ള പുനരധിവാസ പുനസ്ഥാപന പാക്കേജ് സംബന്ധിച്ച് പബ്ലിക് ഹിയറിംഗ് വരുന്ന 25ന് രാവിലെ 10ന് വട്ടിയൂര്‍ക്കാവ് സാഹിത്യ പഞ്ചാനനന്‍ സ്മാരക ഗ്രന്ഥശാലയില്‍ നടത്തുമെന്ന് വി.കെ. പ്രശാന്ത് എംഎല്‍എയുടെ ഓഫീസ് അറിയിച്ചു.