തിരുവനനന്തപുരം: കത്തു വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കോർപറേഷൻ ഓഫീസിനു മുന്നിൽ ആർവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് പ്രതിഷേധ കത്തുകളയച്ച് പ്രതിഷേധിച്ചു. പ്രവർത്തകർ ആനാവൂരിന്റെ കോലവും കത്തിച്ചു.
കേരളത്തിൽ സർക്കാർ ജോലി ലഭിക്കണമെങ്കിൽ അപേക്ഷയിൽ സിപിഎം അംഗമാണോ എന്ന പ്രത്യേക കോളം വേണ്ടിവരുമെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ പറഞ്ഞു. ഭരണഘടനാ ലംഘനം നടത്തിയ മേയർ രാജിവയ്ക്കാത്തത് കേരളത്തിലെ അഭ്യസ്ഥവിദ്യരായ യുവതീയുവാക്കളോടുള്ള വെല്ലുവിളിയാണെന്നും ഉല്ലാസ് കോവൂർ പറഞ്ഞു.
അനീഷ് കഴക്കൂട്ടം അധ്യക്ഷത വഹിച്ചു. അഡ്വ. യു.എസ്. ബോബി, ഇറവൂർ പ്രസന്നകുമാർ, തോപ്പിൽ സായി, സുനി മഞ്ഞമല, കബീർ പൂവാർ, ശ്രീകാന്ത്, നിഷാദ് കഴക്കൂട്ടം, അഡ്വ എം.എൽ. അനൂപ്, ഷിബുലാൽ, ജഗദീഷ് അന്പലത്തറ, എസ്.എസ്. ബാലു, സുനിൽ വാമനപുരം, രേഷ്മ സുരേഷ്, അനീഷ്, തുടങ്ങിയവർ നേതൃത്വം നൽകി.