ആനവണ്ടിയില്‍ ആടിയും പാടിയും ഉല്ലാസപ്പറവകൾ നഗരം കാണാനിറങ്ങി
1247058
Friday, December 9, 2022 12:26 AM IST
നെയ്യാറ്റിൻകര: ആനവണ്ടിയിൽ അനന്തപുരിയിലെ കാഴ്ചകള്‍ കാണാനെത്തിയ ഉല്ലാസപ്പറവകള്ക്കും അനുഗമിച്ച പ്രിയപ്പെട്ടവര്‍ക്കും ഏകദിന സന്ദര്‍ശനം അവിസ്മരണീയമായി.
നെയ്യാറ്റിൻകരയിലെ വിവിധ പൊതുവിദ്യാലയങ്ങളിലെ 32 ഭിന്നശേഷി വിദ്യാർഥികളും രക്ഷകർത്താക്കളും അധ്യാപകരും ഉൾപ്പെട്ട സംഘമാണ് കെഎസ്ആർടിസി ബസിൽ നഗരം കാണാനിറങ്ങിയത്. നെയ്യാറ്റിൻകര ബ്ലോക്ക് റിസോഴ്സ് സെന്ററും കെഎസ്ആർടിസി ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലും സംയുക്തമായി ഒരുക്കിയ യാത്രയുടെ ഉദ്ഘാടനം കെ. ആന്‍സലന്‍ എംഎല്‍എ നിര്‍വഹിച്ചു.
ചീഫ് ട്രാഫിക് മാനേജർ ജേക്കബ്ബ് സാം ലോപ്പസ്, ക്ലസ്റ്റർ ഓഫീസർ ഉദയകുമാർ, എടിഒ അനസ്, ജനറൽ സിഐ സതീഷ് കുമാർ, ബജറ്റ് ടൂറിസം സെൽ കോ- ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത്, ബിആർസി കോ- ഓർഡിനേറ്റർ ബെൻ റെജി, ചീഫ് ട്രെയിനർ ബിൻസി, ഡ്രൈവർ ജി. ജിജോ, എൻ.എസ്. വിനോദ് എന്നിവർ യാത്രയ്ക്ക് ആശംസകള്‍ നേര്‍ന്നു. ബലൂണുകളും വർണക്കടലാസുകളും പതിപ്പിച്ച് ആകര്‍ഷകമാക്കിയ ബസിലായിരുന്നു യാത്ര. കുരുന്നുകൾക്കാവശ്യമായ ഭക്ഷണവും കളിക്കോപ്പുകളും എല്ലാം സുമനസുകളുടെ സഹകരണത്തോടെ നെയ്യാറ്റിൻകര ഡിപ്പോയിലെ ജീവനക്കാരും ബജറ്റ് ടൂറിസം സെല്ലും ചേർന്ന് ക്രമീകരിച്ചു.
നിയമസഭ മന്ദിരത്തിൽ എത്തിയ ആനവണ്ടിയെയും കുട്ടികളെയും എംഎൽഎമാർ സ്വീകരിച്ചു. സഭ ഗ്യാലറിയിൽ ഇരുന്ന് സമ്മേളനത്തിലെ ഭരണപ്രതിപക്ഷ വാഗ്വാദങ്ങളും ചർച്ചകളും കുരുന്നുകൾ കൗതുകത്തോടെ വീക്ഷിച്ചു. നിയമസഭ മന്ദിരത്തിലെ ലൈബ്രറി സന്ദര്‍ശിച്ച കുട്ടികള്‍ മ്യൂസിയത്തിലും മൃഗശാലയിലും എത്തി. ആനയും കരടിയും ഹിപ്പോപ്പൊട്ടാമസും ഒക്കെ ആദ്യമായി നേരിൽ കണ്ട കുട്ടികൾ ശബ്ദഘോഷത്തോടെ കാഴ്ചകളെ സ്വീകരിച്ചു. മ്യൂസിയം ഡയറക്ടർ ഉൾപ്പെടെയുള്ളവര്‍ ആനവണ്ടിയിലെ കൂട്ടുകാർക്കൊപ്പം ചേർന്നു.
വേളി ടൂറിസ്റ്റ് വില്ലേജിൽ ട്രെയിനിലും ബോട്ടിലുമുള്ള യാത്രയും കുട്ടികള്‍ ആസ്വദിച്ചു. പിന്നീട് വെട്ടുകാട് പള്ളിയും കടൽത്തീരവും ചുറ്റി നടന്നു കണ്ടു.