ജൈവ സുരക്ഷാ നടപടി സ്വീകരിക്കാൻ ശിപാർശ
1262240
Wednesday, January 25, 2023 11:35 PM IST
തിരുവനന്തപുരം :മൃഗശാലയിൽ മാനുകൾക്ക് ക്ഷയരോഗബാധയുണ്ടായതു തടയാൻ ജൈവസുരക്ഷാ നടപടി സ്വീകരിക്കണമെന്ന് അന്വേഷണ കമ്മീഷൻ ശിപാർശ ചെയ്തു. പുള്ളിമാനിലും കൃഷണമൃഗങ്ങളിലും ക്ഷയരോഗം ബാധിച്ചതിനാലാണ് മരണ നിരക്ക് കൂടിയതെന്ന് സമിതി കണ്ടെത്തി. ഇവയുടെ കൂടിന് അടുത്തുള്ള ആഫ്രിക്കൻ എരുമ, ഗോർ, മ്ലാവ്, പന്നിമാൻ എന്നിവയിലേക്ക് രോഗം വ്യാപിച്ചിട്ടില്ല.
രോഗം സന്ദർശകരിലേക്കോ മൃഗപാലകരിലേക്കോ പകരാനുള്ള സാഹചര്യമില്ല. എന്നാൽ സന്ദർശകർക്ക് മാസ്കും ജീവനക്കാർക്ക് സുരക്ഷാ കവചവും നടപ്പാക്കാൻ കമ്മിറ്റി നിർദേശിച്ചു.രോഗബാധിതരായ മാനുകളെ മാറ്റിപാർപ്പിക്കണമെന്നും രോഗവ്യാപനം കൂടിയാൽ ആറുമാസത്തേക്ക് കൂടുകൾ അടച്ചിടണമെന്നും കള്ളിംഗ് നടത്തണമെന്നും നിർദേശിക്കുന്നു. ക്രമാതീതമായ വംശവർധന മൂലമാണ് ക്ഷയരോഗം പടരാൻ ഇടയായതെന്ന് റിപ്പോർട്ടിൽ പറയുന്നു. രോഗവാഹകരായ എലി, പൂച്ച, നായ്ക്കൾ മറ്റ് മൃഗങ്ങൾ എന്നിവയെ നിയന്ത്രിക്കണമെന്നും നിർദേശിക്കുന്നു. കഴിഞ്ഞ 21നാണ് സംസ്ഥാന മൃഗരോഗ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നംഗ സംഘം മൃഗശാല സന്ദർശിച്ച റിപ്പോർട്ട് തയാറാക്കിയത്.