എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
1262247
Wednesday, January 25, 2023 11:35 PM IST
വെഞ്ഞാറമൂട് :എംഡിഎംഎയുമായി രണ്ട് യുവാക്കളെ വാമനപുരം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊല്ലം കോട്ടപ്പുറം പരവൂർ മേലൂട്ട് കോന്നാൽ വാരിൽ താഴത്ത് വീട്ടിൽ ഹാമിദ് റോഷൻ (21), കോന്നാൽ പുളിങ്കുളം വടക്കതിൽ വീട്ടിൽ ജാഫർ ഖാൻ (23) എന്നിവരാണ് അറസ്റ്റിലായത്. എൻജിനിയറിംഗ് വിദ്യാർഥിയാണ് ഹാമിദ്. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന സ്കൂട്ടറും ഒരു ഗ്രാം എംഡിയും സംഘം പിടിച്ചെടുത്തു. വർക്കല ബീച്ച് ഭാഗത്തുനിന്നും 12000 രൂപയ്ക്ക് വാങ്ങിയ മയക്കുമരുന്ന് നാലു ചെറിയ പൗച്ചുകളിലായി 16,000 രൂപയ്ക്ക് വിൽപ്പനയ്ക്കായി വെഞ്ഞാറമൂട് ജംഗ്ഷനിലെത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്.
ഉത്സവ സീസൺ പ്രമാണിച്ച് വരും ദിവസങ്ങളിലും കർശന പരിശോധനകൾ ഉണ്ടാകുമെന്ന് വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി.മോഹൻകുമാർ അറിയിച്ചു. പരിശോധനയിൽ ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ സതീഷ് കുമാർ, സുരേഷ് ബാബു സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് കുമാർ, ഹാഷിം,വിഷ്ണു വനിത സിവിൽ എക്സൈസ് ഓഫീസർ ദീപ്തി എന്നിവർ പങ്കെടുത്തു.