ഗാന്ധി സ്മൃതി ശലഭമേള ഗവർണർ ഉദ്ഘാടനം ചെയ്യും
1262251
Wednesday, January 25, 2023 11:35 PM IST
തിരുവനന്തപുരം: ദേശീയ ബാലതരംഗം സംഘടിപ്പിക്കുന്ന ശലഭമേള ഇന്നു തൈക്കാട് ഗാന്ധിഭവനിൽ ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എംഎൽഎ മുഖ്യാതിഥിയാകുന്ന യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. ദേശീയ ബാലതരംഗം ചെയർമാൻ അഡ്വ. ടി. ശരത്ചന്ദ്ര പ്രസാദ്, സിനിമാതാരം മധുപാൽ, ദേശീയ ബാലതരംഗം പ്രസിഡന്റ് ശലഭ, കേരള ഗാന്ധി സ്മാരകനിധി ജനറൽ സെക്രട്ടറി ഡോ. എൻ. ഗോപാലകൃഷ്ണൻ, സലാഹുദീൻ തുടങ്ങിയവർ പ്രസംഗിക്കും. രാഷ്ട്രപിതാവ് മഹാത്മജിയുടെ 76-ാമത് രക്തസാക്ഷിത്വത്തിന്റെ സ്മരണകൾക്കു മുന്‍പിലാണ് ദേശീയ ബാലതരംഗത്തിന്റെ ഇരുപതാമത് ശലഭമേള സമർപ്പിക്കുന്നത്. കേരള ഗാന്ധി സ്മാരക നിധിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശലഭമേളയുടെ മത്സരങ്ങൾ 29ന് സമാപിക്കും. ആറു വേദികളിലായി അഞ്ചു വിഭാഗങ്ങളിൽ അറുപതിലധികം ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
വിജയികൾക്കുള്ള സമ്മാനവിതരണവും ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കുമുള്ള ശലഭരാജ, ശലഭറാണി പട്ടം ചാർത്തലും മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ മുപ്പതിന് രാവിലെ 10ന് ഗാന്ധിഭവനിൽ നടക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള സ്പോട്ട് രജിസ്ട്രേഷൻ ഇന്നു രാവിലെ എട്ടിന് ആരംഭിക്കും.