പഴയകടയിൽ മേൽപ്പാലം പരിഗണനയിൽ: മന്ത്രി മുഹമ്മദ് റിയാസ്
1264042
Wednesday, February 1, 2023 11:00 PM IST
തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ പഴയകടയിൽ മേൽപ്പാലം പരിഗണിക്കാമെന്ന് ദേശീയപാതാ അഥോറിറ്റി അറിയിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.
പഴയകട-മാവിളക്കടവ് റോഡ് ക്രോസ് ചെയ്യുന്ന ഭാഗത്ത് ഫ്ലൈഓവർ നിർമിക്കണമെന്നാണ് ആവശ്യമുയരുന്നത്. ഈ ജംഗ്ഷന് സമീപം 180 മീറ്റർ മാറി ഒരു വെഹിക്കുലാർ ഓവർപാസും 240 മീറ്റർ മാറി ഒരു വെഹിക്കുലാർ അണ്ടർപാസും നിർമിച്ചിട്ടുണ്ട്.
നിലവിൽ 95 ശതമാനം പ്രവൃത്തി പൂർത്തീകരിച്ചു. പ്രവൃത്തി പൂർത്തീകരണ ഘട്ടത്തിൽ മാറ്റം പരിഗണിക്കാനാവില്ല. എന്നാൽ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് കാലയളവിൽ സാങ്കേതിക സാധ്യത പരിശോധിച്ച് ഫ്ളൈഓവർ നിർമാണം പരിഗണിക്കാമെന്നാണ് അഥോറിറ്റി അറിയിച്ചതെന്ന് കെ.ആൻസലന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.