കുടുംബ കോടതിയിൽ നിന്നിറങ്ങിയ യുവതിയെ ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ
1264633
Friday, February 3, 2023 11:55 PM IST
നെടുമങ്ങാട്: കുടുംബ കോടതിയിൽനിന്നു പുറത്തിറങ്ങിയ യുവതിയെ ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ. കല്ലറ കുറുമ്പയം കഴുകൻ പച്ച വി.സി. ഭവനിൽ രഞ്ജിത്ത് (35) ആണ് അറസ്റ്റിലായത്. നെടുമങ്ങാട് കുടുംബ കോടതിയിൽനിന്നു വിചാരണ കഴിഞ്ഞ് ഇറങ്ങിയ കല്ലറ സ്വദേശിയായ യുവതിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇരുവരും തമ്മിൽ വേർപിരിഞ്ഞ കേസിന്റെ വിചാരണയ്ക്കാണ് ഇവർ കോടതിയിൽ എത്തിയത്. യുവതിയുടെ പരാതിയിൽ പോലീസ് അറസ്റ്റുചെയ്തു. പൊതുസ്ഥലത്തു സ്ത്രീത്വത്തെ അപമാനിക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് നെടുമങ്ങാട് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അനാശാസ്യകേന്ദ്രം നടത്തിയവർ പിടിയിൽ
വിഴിഞ്ഞം: ആയുർവേദ ചികിത്സ കേന്ദ്രത്തിന്റെ മറവിൽ അനാശാസ്യകേന്ദ്രം നടത്തിയവരെ വിഴിഞ്ഞം പോലീസ് പിടികൂടി. ആഴിമല ക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന തൃഫല യോഗശ്രമം എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ സിന്ധു, സഹോദരൻ മധുസൂദൻ എന്നിവരേയും സതീഷ് വർഗീസ്, രാജേഷ്, ശോഭ, സുധ എന്നിവരേയുമാണ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ കുറെ നാളുകളായി ഇത്തരം പ്രവർത്തികൾ നടത്തിയിരുന്നതായി ഇവർ സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. വരും ദിവസങ്ങളിൽ ഇത്തരം സ്ഥാപനങ്ങളിൽ പരിശോധന നടത്തുമെന്നു പോലീസ് പറയുന്നു.