കൃഷി ഓഫീസറെ പഞ്ചായത്തംഗം ജാതി പറഞ്ഞ് ആക്ഷേപിച്ചതായി പരാതി
1265466
Monday, February 6, 2023 11:11 PM IST
കാട്ടാക്കട : പൂവച്ചൽ കൃഷി ഓഫീസറെ പഞ്ചായത്തംഗം ജാതി പറഞ്ഞ് ആക്ഷേപിച്ചതായി പരാതി. കൃഷി ഓഫീസർ ദിവ്യയാണ് പൂവച്ചൽ പഞ്ചായത്തിലെ ആലമുക്ക് വാർഡംഗം വൽസലയ്ക്ക് എതിരെ പരാതി നൽകിയത്. ആദ്യം കേസെടുക്കാതിരുന്ന കാട്ടാക്കട പോലീസ് ഓഫീസേഴ്സ് അസോസിഷേൻ ഇടപെട്ടതിനാൽ കേസെടുക്കുകയായിരുന്നു.പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് വൽസലയും കൃഷി ഓഫീസറും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു തുടർന്നാണ് വൽസല ദിവ്യയ്ക്ക് നേരെ അസഭ്യവർഷവും ജാതി ആക്ഷേപവും നടത്തിയത്. നാട്ടുകാർകണ്ടു നിൽക്കെയാണ് തന്നെ ആക്ഷേപിച്ചതെന്നും ഭീഷണിപ്പെടുത്തിയതെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തുവെന്നും ഔദ്യോഗിക ജോലി തടസപ്പെടുത്തിയതായും ക്യഷി ഓഫീസർ പറഞ്ഞു. തുടർന്നാണ് അവർ പരാതി നൽകിയത്.
താൻ ജാതീയമായി ആക്ഷേപിച്ചില്ലെന്നും ഭീഷണിപ്പെടുത്തിയില്ലെന്നും വാർഡംഗം വൽസല പറഞ്ഞു. വൽസലയും കാട്ടാക്കട പോലീസിൽ പരാതി നൽകി. കൃഷി ഓഫീസറോട് അപമര്യാദയായി പെുമാറിയതിൽ പ്രതിഷേധിച്ച് അസോസിയേഷൻ ഓഫ് അഗ്രികൾച്ചറൽ ഓഫീസേഴ്സ് കേരള ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ക്യഷി ഡയറക്ടറേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. മുൻ സംസ്ഥാന പ്രസിഡന്റ് ബൈജു എസ് .സൈമൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ആർ.ഷാജി, ജില്ലാ പ്രസിഡന്റ് സി.എൽ.മിനി എന്നിവർ നേത്യത്വം നൽകി.