സഹകരണ സംഘം ഫീൽഡ് സ്റ്റാഫുകളെ അവഗണിച്ചെന്ന് പരാതി
1279199
Sunday, March 19, 2023 11:54 PM IST
വിഴിഞ്ഞം: കോവിഡ് മഹാമാരിക്കാലത്ത് ജീവൻ പണയം വച്ച് സർക്കാരിന്റെ ധനസഹായ വിതരണത്തിന് രംഗത്തിറങ്ങിയ സഹകരണ സംഘം ജീവനക്കാരെയും അധികൃതർ അവഗണിച്ചു. പകർച്ചവ്യാധി പേടിയിൽ നാടു മുഴുവനും നിശബ്ദമായപ്പോഴും വീടുവീടാന്തിരം കയറിയിറങ്ങി പാവപ്പെട്ട ജനത്തിന് ആയിരം രൂപയെന്ന കണക്കിൽ ആശ്വാസധനം എത്തിച്ച കളക്ഷൻ ഏജന്റുമാർക്ക് ഇൻസെന്റീവ് പോലും സർക്കാർ നൽകിയില്ലെന്നാണ് പരാതി.
സാമൂഹ്യ സുരക്ഷാ പെൻഷനോ, വെൽഫയർ ഫണ്ട് പെൻഷനോ ലഭിക്കാത്ത ഓരോ ബിപിഎൽ അ ന്ത്യോദയ അന്നയോജന കുടുംബത്തിനും സാമ്പത്തിക കൈത്താങ്ങായി കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആയിരം രൂപ വീതം വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു.
അതിനായി സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നടത്തുന്ന സഹകരണ സംഘത്തിലെ ഫീൽഡ് സ്റ്റാഫുകളെ ചുമതലയും ഏൽപ്പിച്ചു. പണം സ്വീകരിക്കുന്നവരിൽ നിന്ന് സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തി വാങ്ങണമെന്നും റേഷൻ കാർഡിൽ പേരുളള പ്രായപൂർത്തിയായ അംഗങ്ങളുടെ പേരും ആധാർ നമ്പറും രേഖപ്പെടുത്തണമെന്നും നിർദേശിച്ചിരുന്നു.
ഇതുപ്രകാരം തദ്ദേശ സ്ഥാപനങ്ങൾ തെരഞ്ഞെടുത്തു നൽകിയ ഗുണഭോക്താക്കളെ കണ്ടെത്തി ഏൽപ്പിച്ച ജോലി പൂർത്തിയാക്കാൻ പതിനായിരത്തോളം വരുന്ന സഹകരണ സംഘം ഫീൽഡു സ്റ്റാഫുകൾ നെട്ടോട്ടമോടി.
ആയിരം രൂപ എത്തിക്കുമ്പോൾ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നടത്തുമ്പോൾ ലഭിക്കുന്ന 40 രൂപ ഇൻസെന്റീവ് ലഭ്യമാക്കുമെന്നും ഉറപ്പു നൽകി. ഈ ഇൻസെന്റീവ് നൽകാതെ സർക്കാർ തങ്ങളെ അവഗണിക്കുകയാണെന്നാണ് ഫീൽഡ് സ്റ്റാഫുകൾ പറയുന്നത്.
കോവിഡ് വ്യാപനം പേടിച്ച് ആരോഗ്യ വിഭാഗം ജീവനക്കാർ പോലും കടന്നുചെല്ലാത്ത മേഖലയിലും ആശ്വാസധനവുമായി എത്തിയ തങ്ങൾ കിട്ടാനുള്ള അവകാശത്തിനായി ഇപ്പോൾ ഓഫീസുകൾ കയറിയിറങ്ങുകയാണെന്നും ഇവർ പറയുന്നു.