അനുയോജ്യമല്ലാത്ത രക്തഗ്രൂപ്പിലുള്ള കരൾ 29കാരനിൽ വിജയകരമായി മാറ്റിവച്ച് കിംസ്ഹെൽത്ത്
1279499
Monday, March 20, 2023 11:57 PM IST
തിരുവനന്തപുരം: അനുയോജ്യമല്ലാത്ത രക്തഗ്രൂപ്പിലുള്ള കരൾ 29കാരനായ മലപ്പുറം സ്വദേശിയിൽ വിജയകരമായി മാറ്റിവച്ച് കിംസ്ഹെൽത്ത് തിരുവനന്തപുരം. ഒരേ രക്തഗ്രൂപ്പിലുള്ള മറ്റൊരു ദാതാവിനെ കണ്ടെത്താൻ സമയമെടുക്കുമെന്ന സാഹചര്യത്തിലാണ് അനുയോജ്യമല്ലാത്ത രക്തഗ്രൂപ്പുള്ള രോഗിയുടെ ഭാര്യ തനിക്ക് കരൾ ദാനം ചെയ്യാനുള്ള സന്നദ്ധത അറിയിക്കുന്നത്. കരൾ മാറ്റിവയ്ക്കലല്ലാതെ മറ്റ് വഴികളില്ലാതിരുന്ന മെഡിക്കൽ സംഘം ശസ്ത്രക്രിയയുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.
ഹെപ്പറ്റോബിലിയറി, പാൻക്രിയാസ്, കരൾ മാറ്റിവയ്ക്കൽ വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. ടി.യു. ഷബീറലിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ഹെപ്പറ്റോബിലിയറി, പാൻക്രിയാസ്, കരൾ മാറ്റിവയ് ക്കൽ വിഭാഗത്തിലെ കൺസൾട്ടന്റുമാരായ ഡോ. ഷിറാസ് റാത്തർ, ഡോ. എസ്. ശ്രീജിത്ത്, ഡോ. വർഗീസ് യെൽദോ, ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മധു ശശിധരൻ, ട്രാൻസ്പ്ളാന്റ് ഡയറക്ടറും നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. പ്രവീൺ മുരളീധരൻ, നെഫ്രോളജി വിഭാഗം കൺസൾട്ടന്റ് ഡോ. സതീഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിലാണ് 14 മണിക്കൂറിലധികം നീണ്ടുനിന്ന ശസ്ത്രക്രിയ പൂർത്തീകരിച്ചത്. ഇമേജിംഗ് ആൻഡ് ഇന്റർവൻഷണൽ റേഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. കെ.എസ്. മനോജ്, കൺസൾട്ടന്റ് അനസ്തെറ്റിസ്റ്റുകളായ ഡോ. എൻ.എസ്. സാഹിൽ്, ക്രിട്ടിക്കൽ കെയർ അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. ഇ.എസ്. മധുസൂദനൻ എന്നിവരും ട്രാൻസ്പ്ലാന്റിന്റെ ഭാഗമായിരുന്നു.