ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു
1280369
Thursday, March 23, 2023 11:47 PM IST
കാട്ടാക്കട: ജലസമൃദ്ധി പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച കുളത്തുമ്മൽ തോട്ടിൽ ശുചിമുറി മാലിന്യങ്ങൾ തള്ളുന്നതു പതിവാ കുന്നു. മേഖലയിൽ തോടു കൈ യേറുന്നതും രൂക്ഷമാകുന്നു.
രാത്രികാലങ്ങളിലാണു മാലി ന്യനിക്ഷേപം നടക്കുന്നത്. കഴി ഞ്ഞ ദിവസങ്ങളിൽ കൊമ്പാടിക്കൽഭാഗത്ത് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. വെള്ളത്തിനു നിറവ്യത്യാസവുമുണ്ട്. തോട്ടിലെ വെള്ളത്തിൽ വിഷാംശമുള്ള മാലിന്യം കലർന്നതാവാം മീനുകളും, നീർക്കോലിയുമെല്ലാം ചത്തുപൊങ്ങാൻ കാരണമെന്നു സ്ഥലം സന്ദർശിച്ച ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞിരുന്നു.
കുളത്തുമ്മൽ തോട് ഒഴുകിയെത്തുന്നത് കീഴാറൂർ ഭാഗത്തെ നെയ്യാറിലേക്കാണ്. തോട് ഒഴുകുന്ന അഞ്ചുതെങ്ങിൻമൂട്, കൊമ്പൊടിക്കൽ, മംഗലയ്ക്കൽ, അമ്പലത്തിൻകാല എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ ജലജീവികൾ ചത്തുപൊങ്ങിയിരുന്നു. പലയിടത്തും തോട്ടിലെ വെള്ളം തുണി അലക്കാനും മൃഗങ്ങളെ കുളിപ്പിക്കാനുമൊക്കെ ഉപയോഗിക്കുന്നുണ്ട്. ലക്ഷങ്ങൾ മുടക്കി നവീകരിച്ച തോട്ടിൽ നീരൊഴുക്ക് തടസപ്പെടുത്തി മണ്ണും കല്ലുമിട്ടു മൂടാനും ശ്രമം നടക്കുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്തു വർഷം ഒന്നു തികയുംമുൻപേ തോടിന്റെ പല ഭാഗത്തും ഒഴുക്കു ഗതിമാറ്റിവിട്ട് സ്വകാര്യ വ്യക്തികൾ ചെടി നഴ്സറിയുടെ മറവിൽ തോട് നികത്തി. റോഡിന്റെ വശത്തുള്ള കൃഷിഭൂമി മണ്ണിട്ടു നികത്തുന്നതും വ്യാപകമാണ്. നഴ്സറിക്കു ഭൂമി പാട്ടത്തിനു നൽകും. ഇവർ ചെടി നടാനെന്ന പേരിൽ മണ്ണു കൊണ്ടുവന്നു നികത്തും.
ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയിലാണ് ഇത്തരത്തിൽ നികത്തൽ നടക്കുന്നത്. ഇത് ജലമൊഴുക്കിനു തടസം സൃഷ്ടിക്കുന്നുവെന്നു കണ്ടെത്തിയതിനെ തുടർന്നു നീക്കം ചെയ്യാൻ നിർദേശിച്ചെങ്കിലും ഫലമുണ്ടായില്ല.