ജലക്ഷാമം: 20ൽ അധികം ശസ്ത്രക്രിയകള്‍ വൈകി
1282728
Friday, March 31, 2023 12:10 AM IST
തിരുവനന്തപുരം: നഗരത്തില്‍ പ്രതിദിനം ആയിരക്കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന ജനറല്‍ ആശുപത്രിയില്‍ ഇന്നലെ ജലക്ഷാമത്തെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ പലതും വൈകി. മുന്‍ നിശ്ചയിച്ചപ്രകാരം 20 ലധികം ശസ്ത്രകിയകളാണ് ഇന്നലെ വിവിധ വിഭാഗങ്ങളില്‍ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ രാവിലെ വെള്ളക്ഷാമം നേരിട്ടതോടെ പല ശസ്ത്രക്രിയകളും ആരംഭിക്കേണ്ട സമയത്ത് തുടങ്ങാന്‍ കഴിഞ്ഞില്ല. രോഗികള്‍ നിരനിരായായി ഓപ്പറേഷന് തീയറ്ററിനു മുന്നില്‍ ഇരിക്കുന്ന കാഴ്ച്ചയായിരുന്നു. വെള്ളക്ഷാമത്തെ തുടര്‍ന്ന് ടാങ്കറില്‍ വെള്ളമെത്തിച്ച ശേഷം ശസ്ത്രക്രിയകള്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയെങ്കിലും ഇന്നലെ നിശ്ചയിച്ച എല്ലാ ശസ്ത്രക്രിയകളും നടന്നതായി ഉറപ്പില്ല. കഴിഞ്ഞദിവസംമുതല്‍ ജനറല്‍ ആശുപത്രിയിലെ
വാര്‍ഡുകളിലും വെള്ളക്ഷാമം രൂക്ഷമാണെന്നാണ് അവിടെ കഴിയുന്നരോഗികള് വ്യക്തമാക്കിയത്. അത്യാവശ്യത്തിന് പോലും വെള്ളം കിട്ടാത്ത അവസ്ഥയുണ്ടെന്നാണ് വാര്‍ഡിലുള്ളവരും കൂട്ടിരിപ്പുകാരും പറയുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ കടുത്ത വെള്ളക്ഷാമമാണ്. ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണിത് എന്നാണ് വാട്ടര്‍ അതോറിറ്റി വിശദീകരണം. ടാങ്കില്‍ രണ്ട് ദിവസമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. അതിനാല്‍ വെള്ളം മുടങ്ങാന്‍ സാധ്യതയുണ്ടെന്നും ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും 28, 29 തീയതികളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്തതായാണ് ഔദ്യോഗീക വിശദീകരണം. വ്യാഴാഴ്ച അപ്രതീക്ഷിതമായി വൈദ്യുതി ഇല്ലാതാകുകയും വെള്ളം മുടങ്ങുകയും ചെയ്തു എന്നാണ് ഇപ്പോള്‍ വാട്ടര്‍ അതോറിറ്റിയില്‍ നിന്നും ലഭിക്കുന്ന വിശദീകരണം. എന്നാല്‍ പകരം ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ കാലതാമസം വന്നു. ടാങ്കറില്‍ വെള്ളമെത്തിക്കുന്നത് അടക്കം ക്രമീകരണങ്ങളിലുണ്ടായ വീഴ്ചയാണിത്. ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും വളരെയധികം ബുദ്ധിമുട്ടിലാണ്.ആവശ്യത്തിന് വെള്ളമെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്താമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.