സുവർണ ജൂബിലി നിറവിൽ മേൽകടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം
1299068
Wednesday, May 31, 2023 11:39 PM IST
തിരുവനന്തപുരം: ചിറയിൻകീഴ് മേൽ കടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. പാൽ, മുട്ട, മാംസം എന്നിവയിൽ സ്വയം പര്യാപ്തതയെന്ന ലക്ഷ്യം മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
പശുക്കളുടെ എണ്ണം വർധിപ്പിക്കാതെ തന്നെ നല്ലയിനം പശുക്കളെ ഉപയോഗിച്ച് പാൽ ഉത്പാദനം കൂട്ടാനുള്ള ശ്രമങ്ങളാണ് ക്ഷീരവികസന വകുപ്പ് നടത്തുന്നത്. ഇതിന്റെ ഭാഗമാണ് പത്തനംതിട്ട ജില്ലയിൽ ഏഴരക്കോടി രൂപ ചെലവിൽ, നടപ്പാക്കിയ കന്നുകാലികൾക്കായുള്ള സമ്പൂർണ ഹെൽത്ത് കാർഡ്, ഇസമൃദ്ധി പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിലെ ക്ഷീരവികസനത്തിൽ സഹകരണസംഘങ്ങളുടെ പങ്ക് വലുതാണെന്നും മന്ത്രി വ്യക്തമാക്കി. മേൽ കടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിനു കീഴിൽ ആരംഭിച്ച മിൽക്കോ ഡയറി സംഭരണ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എംപി നിർവഹിച്ചു.വാർഷികാഘോഷങ്ങളുടെ ഭാഗമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ സംരംഭകത്വ പരിശീലന പരിപാടികൾ, സെമിനാറുകൾ, സ്റ്റാർട്ടപ്പ് സംരംഭക രജിസ്ട്രേഷൻ പരിശീലനം എന്നിവയും നടക്കും.