പൂർണമായും തകർന്ന് കുമാരപുരം- കുഞ്ചുവീട് ലെയിന്‍ റോഡ്
1374596
Thursday, November 30, 2023 1:58 AM IST
മെഡിക്കല്‍ കോളജ്: കുമാരപുരം പൂന്തി റോഡിലുള്ള കുഞ്ചുവീട് ലെയിനിലുള്ള 150ഓളം കുടുംബങ്ങള്‍ക്ക് യാത്രചെയ്യാൻ കഴിയാത്ത സാഹചര്യം.
തിരുവനന്തപുരം നഗരസഭയുടെ ആക്കുളം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളാണ് ദുരിതത്തില്‍ കഴിയുന്നത്. വികസനത്തിന്റെ പേരില്‍ റോഡിനെ ഉഴുതുമറിച്ച് കുളമാക്കിയ അവസ്ഥയിലാണിപ്പോൾ.
കുഞ്ചുവീട് ക്ഷേത്രം മുതല്‍ പൂന്തി റോഡുവരെയുളള 450 മീറ്റര്‍ റോഡാണ് സഞ്ചാര യോഗ്യമല്ലാതായത്. പ്രദേശത്തെ നടക്കുന്ന സീവേജിന്റെ പണി, വാട്ടര്‍ ലെയിന്‍, കെഎസ്ഇബിയുടെ ലൈയിനിടല്, ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ തുടങ്ങി നിരവധി പദ്ധതികള്‍ക്കായി റോഡ് വെട്ടിക്കുഴിച്ചതാണ് റോഡ് യാത്രായോഗ്യമല്ലാതാകാൻ കാരണം.
കാല്‍നടക്കാര്‍ക്കും, വാഹന യാത്രികര്‍ക്കും ഒരുതരത്തിലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. വിദ്യാർഥികൾക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ചെളിയില്‍ പതിഞ്ഞ കാലുമായി മാത്രമേ ഇതുവഴി നടക്കാനാകു. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടാകാട്ടി അധികൃതർക്ക് നിരവധി പരാതികൾ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.
തകര്‍ന്ന റോഡിന്റെ ഒരു ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ടെണ്ടര്‍ നടപടികള്‍ കഴിഞ്ഞതായി പറയുന്നുണ്ട്.
എന്നാൽ ആദ്യം ചെയ്യേണ്ടിയിരുന്ന ഓട നിര്‍മാണം നടക്കാത്തത് പ്രതീക്ഷകളെ വിഭലമാക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.