ഒരാഴ്ചമുന്പ് കാണാതായ പോലീസുകാരന് മടങ്ങിയെത്തി
1396650
Friday, March 1, 2024 5:50 AM IST
വെള്ളറട: പോലീസുകാരനായ മകനെ ജോലിസ്ഥലത്തുനിന്നു കാണാതായതായി പിതാവ് പരാതി നല്‍കിയതിന് പിന്നാലെ മകനായ പോലീസുകാരന് വീട്ടിലെത്തി. വ്യാഴാഴ്ച രാവിലെ മടങ്ങിയെത്തിയ ഇയാള്‍ കുടുംബാംഗങ്ങളോടൊപ്പം വെള്ളറട പോലീസ് സ്റ്റേഷനില്‍ ഹാജരായ ശേഷം, കേസ് രജിസ്റ്റര്‍ ചെയ്ത കല്‍പ്പകഞ്ചേരി സ്റ്റേഷനില്‍ ഹാജരാകുമെന്ന് അറിയിച്ചു.
മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് സംഭവത്തിനു കാരണമായതെന്നാണ് കുടുംബ ആരോപണം ഉന്നയിച്ചിരുന്നത്. കൂതാളി കാക്കതൂക്കി ലാല്‍ഭവനില്‍ ബിജോയ് എസ്. ലാലിനെയാണ് (27) ഒരാഴ്ച മുമ്പ് കാണാതായത്. തിരുപ്പതിയില്‍ പോയി മടങ്ങിയെന്നാണ് ലാല്‍ പറഞ്ഞത്. ആറുവര്‍ഷം മുമ്പാണു പോലീസ് സേനയില്‍ ജോലി ലഭിച്ചത്.
മലപ്പുറം ആര്‍ആര്‍എഫ് യൂണിറ്റിലെ പോലീസുകാരനായ ബിജോയ് കുറേ മാസങ്ങളായി തിരുവനന്തപുരത്താണ് ജോലിചെയ്തിരുന്നത്. ഇതിനിടയില്‍ അസുഖബാധിതനായി ചികിത്സതേടിയശേഷം 13ന് ജോലിയില്‍ പ്രവേശിച്ചെങ്കിലും അവിടെനിന്ന് മലപ്പുറത്തെ ആര്‍ആര്‍എഫ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു.
തുടര്‍ന്ന് അവിടെ ജോലി ചെയ്തു വരുന്നതിനിടയില്‍ കോഴിക്കോട്ടേക്ക് സ്ഥലംമാറ്റത്തിനുള്ള ഉത്തരവും ലഭിച്ചു. ബിജോയ് ഇടുക്കിയിലേക്ക് സ്ഥലമാറ്റം ചോദിച്ചെങ്കിലും നല്‍കിയില്ലെന്നും വിശ്രമമില്ലാത്ത ജോലിഭാരമാണ് നല്‍കിയതെന്നും പിതാവ് ആല്ബിരാജ് പറയുന്നു.
പതിവായി ഫോണില്‍ വിളിക്കുന്ന സമയത്തൊക്കെ അമിതജോലി ഏല്പ്പിക്കുന്നതിനെയും മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെക്കുറിച്ചും ബിജോയ് പറയുമായിരുന്നുവെന്നു പിതാവ് വെള്ളറട പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ബിജോയിയെ കാണാതായ സംഭവത്തില്‍ മലപ്പുറം കല്‍പ്പകഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.