തുറന്ന ജീപ്പിൽ ചിരിച്ച മുഖവുമായി പന്ന്യൻ രവീന്ദ്രന്റെ റോഡ് ഷോ
1396871
Saturday, March 2, 2024 6:12 AM IST
തിരുവനന്തപുരം: സമ്മതിദായകരോടു വോട്ടഭ്യർഥിച്ചു തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ റോഡ് ഷോ. ഇന്നലെ വൈകുന്നേരം 5.30-നു പാളയം രക്തസാക്ഷിമണ്ഡപത്തിൽനിന്നും ആരംഭിച്ച റോഡ് ഷോ തന്പാന്നൂർ പൊന്നറ പാർക്കിൽ സമാപിച്ചു.
തുറന്ന ജീപ്പിൽ സ്ഥാനാർഥി പന്ന്യനൊപ്പം സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, എംഎൽഎമാരായ ആന്റണിരാജു, വി.കെ.പ്രശാന്ത്, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു. വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകന്പടിയോടെയാണു റോഡ് ഷോ നടന്നത്. ഇരുചക്രവാഹനങ്ങളിലായിരുന്നു പ്രവർത്തകർ പങ്കെടുത്തത്.
സ്ഥാനാർഥിത്വം പ്രഖ്യാപിച്ച അന്നുതന്നെ പന്ന്യൻ രവീന്ദ്രൻ പ്രചരണം ആരംഭിച്ചു. മണ്ഡലത്തിലെ പ്രമുഖരെ കാണാനാണ് അദ്ദേഹം സമയം ചിലവഴിച്ചത്. പന്ന്യനായി മണ്ഡലത്തിൽ ചുവരെഴുത്തു തുടങ്ങി. ഇനി എതിരാളികൾക്കായുള്ള കാത്തിരിപ്പാണ്.