മോഷണക്കേസിൽ നിരപരാധിയെന്ന് തെളിഞ്ഞ യുവാവ് തൂങ്ങിമരിച്ച നിലയില്‍
1417199
Thursday, April 18, 2024 10:15 PM IST
അഞ്ചല്‍ : അഞ്ചലില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഗസ്ത്യക്കോട് രതീഷ് ഭവനില്‍ രതീഷ് (38) നെയാണ് വീടിന്റെ പിന്‍ഭാഗത്തെ ചായ്പ്പില് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയോടെ ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തിയത്.
2014ൽ അഞ്ചലിലെ മെഡിക്കൽ സ്റ്റോറിൽ മോഷണം നടന്നിരുന്നു. മോഷണം നടത്തിയത് രതീഷ് ആണെന്ന് പറഞ്ഞ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം കേസിലെ യഥാര്‍ഥ പ്രതിയെ അഞ്ചല്‍ പോലീസ് കണ്ടെത്തിയതോടെ രതീഷ് നിരപരാധിയാണെന്ന് തെളിഞ്ഞു.
എന്നാല്‍ അപ്പോഴേക്കും ജീവിതം താറുമാറായ രതീഷ് മാനസികവും ശാരീരികവുമായി തളര്‍ന്നിരുന്നു. കള്ളന് എന്ന വിളിപ്പേര് കൂടി കിട്ടിയതോടെ ആകെയുണ്ടായിരുന്ന ഉപജീവന മാര്‍ഗമായ ഓട്ടോറിക്ഷ ഓടിച്ചുപോലും ജീവിക്കാന്‍ കഴിയാതായി.
മോഷണ കുറ്റം ആരോപിച്ചു പോലീസ് പിടികൂടിയപ്പോള്‍ ഉണ്ടായ കൊടിയ മര്‍ദനം തന്റെ ജീവിതം തന്നെ ഇല്ലാതാക്കി എന്ന് അന്ന് രതീഷ് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് അന്നത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ രതീഷ് നിയമനടപടി ആരംഭിച്ചിരുന്നു.
കേസ് അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് ഇപ്പോള്‍ രതീഷിന്റെ ആത്മഹത്യ. നിലവില്‍ സ്വകാര്യ ബസില്‍ ഡ്രൈവറായ രതീഷ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്നാണു വിവരം. ഭാര്യ: രശ്മി. മക്കൾ: വൈഗ, കാര്‍ത്തിക്.