കണ്ടിട്ടും കാണാതെ അധികൃതർ : അന്തിയൂർക്കോണം- മൂങ്ങോട് റോഡിൽ മാലിന്യ നിക്ഷേപം
1417307
Friday, April 19, 2024 1:31 AM IST
കാട്ടാക്കട: അന്തിയൂർക്കോണം- മൂങ്ങോട് റോഡിൽ മാലിന്യനിക്ഷേപം രൂക്ഷമെന്ന് ആരോപണം. കാട്ടാക്കടയിൽനിന്നും തലസ്ഥാനത്തേക്കു പോകാനുള്ള സമാന്തര റോഡിലാണ് മാലിന്യ കൂമ്പാരമുള്ളത്.
പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവയും ഇവിടെയുണ്ട്. അർധരാത്രിയിലാണ് മാലിന്യം ഇവിടെ കൊണ്ടിടുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. സിസിടിവി കാമറ വച്ചിട്ടുണ്ടെങ്കിലും അതു പ്രവർത്തിക്കുന്നില്ല. ശുചിമുറി മാലിന്യങ്ങളും അറവുശാലകളിലെ മാലിന്യങ്ങളും ഉൾപ്പെടെയുള്ളവ കൊണ്ടിടുന്നതിനാൽ ദുർഗന്ധംമൂലം പരിസരവാസികൾക്ക് വീടുകളിൽ കഴിയാനാകാത്ത സ്ഥിതിയാണുള്ളത്.
വേനൽ മഴയെത്തിയതോടെ അഴുകി കിടക്കുന്ന മാലിന്യത്തിൽനിന്നു പുഴുക്കളുടെ ശല്യവുമുണ്ട്. ഇരുചക്രവാഹനങ്ങളിലും ഗുഡ്സ് വാഹനങ്ങളിലും കാറുകളിലുമെത്തി മാലിന്യം വലിച്ചെറിയുന്നതും പതിവാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഇക്കാര്യം പരാതിപ്പെട്ടാലും നടപടിയുണ്ടാകുന്നില്ല.
അന്തിയൂർക്കോണം-മൂങ്ങോട് റോഡ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ വിവരം നാട്ടുകാർ പഞ്ചായത്തിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.